TMJ
searchnav-menu
post-thumbnail

TMJ Cinema

‘വിശുദ്ധ വൈദ്യുതി’ ഷോക്കടിപ്പിക്കുമ്പോൾ

25 Aug 2025   |   3 min Read
അർജുൻ

ടാറ്റോ കൊട്ടേറ്റിഷ്വിലിയുടെ ആദ്യത്തെ ഫീച്ചർ ഫിലിമാണ് Holy Electricity (2024). ഈ ചിത്രം ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ "സിനെയാസ്റ്റി ഡെൽ പ്രസെന്റേ" (Cineasti del Presente) വിഭാഗത്തിൽ ഗോൾഡൻ ലെപ്പേർഡ് പുരസ്കാരം നേടി.

'വിശുദ്ധ വൈദ്യുതി' (Holy Electricity) എന്ന ജോർജ്ജിയൻ സിനിമയുടെ ലോകം രസകരമാണ്, അബ്സർഡാണ്‌, സിനിമയുടെ ആസ്വാദനം ഒരു സെൻ കഥപോലെ ശാന്തമാണ്. ജോർജിയയിലെ രണ്ടു സഹോദരങ്ങളുടെ കഥയാണ് ഈ സിനിമയിൽ. ഡോക്യുമെന്ററിയും, ഫിക്ഷനും കലർന്ന സ്ലോ സിനിമയാണ് (Slow Cinema) വിശുദ്ധ വൈദുതിയുടെ ഴോനർ (Genre). സാധാരണത്വങ്ങളുടെ (Mundane) നോൺ സിനിമാറ്റിക് എന്ന് വിളിക്കാവുന്ന സംഭവങ്ങളുടെ സംയോജ്യമാണ് വിശുദ്ധ വൈദ്യുതി.  

REPRESENTATIVE IMAGE | WIKI : COMMONS
സിനിമ ആരംഭിക്കുന്നതൊരു മരണ വീട്ടിലാണ്. കോംഗയുടെ (നിക്ക ഗോംഗഡ്‌സെ) അച്ഛന്റെ മരണ ശേഷം കസിനായ ബാർട്ട് (ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ നിക്കോലോ ഗ്വിനിയാഷ്വിലി) കോംഗയെ സ്വന്തം മകനായി കാണുമെന്ന് വാക്ക് നൽകുന്നു. അടുത്ത രംഗത്തിൽ, അവർ ഉച്ചയോടെ ചന്തയിൽ വിൽക്കാൻ പറ്റിയ എന്തെങ്കിലും കണ്ടെത്താനായി ലോഹാവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്ത് തിരയുന്നത് കാണാം. അവിടെ വച്ച് അവർക്ക് ധാരാളം പഴയ ആക്രി കുരിശുകൾ കിട്ടുന്നു. ഒരു കുരിശ് അച്ഛന്റെ ശവക്കല്ലറയിൽ ഘടിപ്പിക്കാം എന്ന് സഹോദരങ്ങൾ തീരുമാനിക്കുന്നു. സിനിമയിലെ രസകരമായ പല മൊണ്ടാഷ് സീനുകളിൽ ഒന്നിൽ, ബാർട്ടൊരു കൗതുകത്തിനെന്നോണം കുരിശിൽ നിയോൺ വെളിച്ചംകൊണ്ട് അലങ്കരിക്കുന്നു.

കല്ലറയിൽ കുരിശുവയ്ക്കുന്നത് കണ്ട ഒരു വഴിപോക്കൻ, ആശയം കൊള്ളാമെന്നും തനിക്ക് അത് വാങ്ങാൻ താല്പര്യമുണ്ടെന്നും പറയുന്നു. ഈ അഭിപ്രായം സഹോദരങ്ങളുടെ ജീവിതം മാറ്റുന്നു. രണ്ട് പേരും ലൈറ്റ് ഘടിപ്പിച്ചിട്ടുള്ള കുരിശ് വില്പന തുടങ്ങുന്നു. പതിയെ കുരിശ് കച്ചവടം, വരുമാനം കൊണ്ടുവരുന്നു. ശേഷം സഹോദരങ്ങളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

REPRESENTATIVE IMAGE | WIKI : COMMONS
സ്റ്റാറ്റിക് ഷോട്ടുകളിലൂടെയാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളത്. കഥാപാത്രങ്ങളെ മിക്കപ്പോഴും ഫ്രെയ്മിന്റെ നടുക്കായി കമ്പോസ് ചെയ്തിരിക്കുന്നു. ടാറ്റോ കൊട്ടേറ്റിഷ്വിലി തന്നെയാണ് സിനിമയുടെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ ഡോക്യുമെന്ററി സ്റ്റൈലിന്റെ നേർ വിപരീതമായൊരു ടാബ്ലോ ബ്ലോക്കിങ് വൈരുദ്ധ്യാത്മകമാണ്. ഇത്തരം വൈരുദ്ധ്യങ്ങളുടെ വിഗ്നെറ്റാണ് (vignette) ‘വിശുദ്ധ വൈദ്യുതി’ എന്ന സിനിമ.

മനോഹരമായ കെട്ടിടങ്ങൾക്കും നഗരവീഥികൾക്കും പ്രശസ്തമായ ടിബിലിസി നഗരത്തിന്റെ മറ്റൊരു ലോകം സിനിമയിൽ കാണുന്നു. ഇടുങ്ങിയ ഫ്ലാറ്റുകളും, പഴയ കെട്ടിടങ്ങളും, അരികുവൽക്കരിക്കപ്പെട്ട മനുഷ്യരെയും സിനിമയിൽ നമ്മൾ പരിചയപ്പെടുന്നു. സിനിമയുടെ ഡോക്യുമെന്ററി സ്റ്റൈലിന്റെ വിജയം കൂടിയാണ് ഇത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ടിബിലിസി നഗരത്തിന്റെ അരികുകളിൽ ജീവിക്കുന്നവരുടെ നേർകാഴ്ചകൂടിയാണ് വിശുദ്ധ വൈദ്യുതി. പക്ഷെ ടാറ്റോ കൊട്ടേറ്റിഷ്വിലി ടിബിലിസിയുടെ അവകാശികളായി കാണിച്ചിട്ടുള്ളത് വിചിത്രമായ, രസകരമായ മനുഷ്യരെയാണ്. അസാധ്യമായ പല പോസുകളും ചെയ്യുന്ന അക്രോബാറ്റായ ഒരാൾ, പൂച്ചകളെ പരിപാലിക്കുന്ന വൃദ്ധരായ സ്ത്രീകൾ, ശാഠ്യക്കാരനായ ഒരു വെളുത്ത മുടിയുള്ള ഡ്രമ്മർ, സന്തോഷവാനായ ഒരു ഡ്രാഗ് ക്വീൻ, കോംഗ അനന്തമായ ചോദ്യങ്ങൾ ചോദിച്ച് അടുപ്പം സ്ഥാപിക്കുന്ന ഒരു റോമാനിയൻ തെരുവ് കാപ്പി വിൽപ്പനക്കാരി, അങ്ങനെ പോകുന്നു ടിബിലിസിയുടെ മനുഷ്യർ.

REPRESENTATIVE IMAGE | WIKI : COMMONS
അവിടം കൊണ്ട് അവസാനിക്കുന്നില്ല സിനിമയുടെ വൈരുദ്ധ്യങ്ങൾ. വിശുദ്ധ വൈദ്യുതിയുടെ ലോകത്ത് കുരിശൊരു അലങ്കാര വസ്തുവാണ്, അതിന്റെ ഉപയോഗം മുറികളെയും, സ്പേസുകളെയും മോടി പിടിപ്പിക്കുക എന്നതാണ്. കുരിശ് സമകാലിക സാമൂഹ്യ വ്യവസ്ഥയെ പ്രതിപാദിക്കുന്നു. ടാറ്റോ കൊട്ടേറ്റിഷ്വിലിയുടെ അതിഗംഭീരമായ ആക്ഷേപഹാസ്യം. ബാർത്തിന്റെ ട്രാൻസ്ജെൻഡർ സ്വത്വം സിനിമയിലെ മറ്റൊരു വൈരുദ്ധ്യമാണ്. ഇത്തരം അനേകം വൈവിധ്യങ്ങൾ ചേർന്നതുകൂടിയാണ് ‘വിശുദ്ധ വൈദ്യുതി’യുടെ ഭൂമി.

വളരെ ലളിതമായൊരു കഥ, പ്ലോട്ടിന്റെ പിൻബലമില്ലാതെ കഥാപാത്രങ്ങളും, കഥാസാഹചര്യങ്ങളിലൂടെ പറയുവാനാണ് ടാറ്റോ കൊട്ടേറ്റിഷ്വിലി ശ്രമിക്കുന്നത്. ഡെഡ് പാൻ ഹ്യൂമറും, സറിയൽ ഇമേജറിയും, അസംബന്ധപരമായ ജീവിത സാഹചര്യങ്ങളും സിനിമയെ വ്യത്യസ്തമാക്കുന്നു. കഥാപാത്രങ്ങളെ എഴുതുവാനും കണ്ടെത്തുവാനും ടാറ്റോ പാലിച്ചിട്ടുള്ള ശ്രദ്ധയാണ് പ്ലോട്ടിനെ മറികടക്കുവാൻ സിനിമയെ സഹായിക്കുന്നത് എന്ന് നിസംശയം പറയാം.

സിനിമയുടെ മറ്റൊരു മേന്മ ട്രാജഡി എന്ന് വിളിക്കാവുന്ന ജീവിത സാഹചര്യങ്ങളെ കോമഡിയിലൂടെ പറയുന്ന ആഖ്യാനത്തിലാണ്. കലയിൽ പ്രതിനിധാനത്തിന്റെ പരിമിതികളെ മറികടക്കാനായി ഉപയോഗിക്കാവുന്ന ഏറ്റവും ഗംഭീര സാർവ്വത്രികമായ (Universal) മൂല്യമാണ് കോമഡിയിലൂടെ ട്രാജഡി പറയുന്ന ആഖ്യാനരീതി. ഈ ആഖ്യാനരീതി അതുകൊണ്ട് തന്നെ സിനിമയ്ക്കും, കഥാപാത്രങ്ങൾക്കും സിനിമാറ്റിക്കായൊരു ഗ്രേസ് നൽകുന്നു.

REPRESENTATIVE IMAGE | WIKI : COMMONS
സിനിമയിൽ കോംഗ അടുപ്പം സ്ഥാപിക്കാൻ നോക്കിയ റൊമാനിയൻ പെണ്ണ് പെട്ടെന്ന് അപ്രതീക്ഷമായതിലുള്ള ദുഃഖം കോംഗ പങ്കുവെയ്ക്കുന്നുണ്ട്. കോംഗ തെരുവുകളിൽ അവൾക്കായി ഫ്ലൂട്ട് വായിക്കുന്നു, വരില്ലെന്ന് ഏകദേശം ഉറപ്പാണ്. അയൽ വീട്ടുകാരും പറഞ്ഞിരുന്നു അവൾ അവിടം വിട്ട് പോയെന്ന്. പക്ഷെ ഇനി ചിലപ്പോ ഒളിച്ചിരിക്കുകയാണെകിലോ? കോംഗയുടെ മണ്ടൻ പ്രത്യാശ!! മാത്രമല്ല ഈ പ്രത്യാശയിലൊരു ഗൗരവമില്ലായ്മയുണ്ട്, അത് അതിനെ ആഴത്തിൽ മാനുഷികമാക്കുന്നു.ഇത്തരത്തിൽ മണ്ടൻ പ്രത്യാശകളാൽ നിറഞ്ഞ മനുഷ്യരുടെ കഥയാണ് സിനിമയ്ക്ക് മാനവികമായൊരു മാനം നൽകുന്നത്. മനുഷ്യർ ആവുക എന്ന് പറഞ്ഞാൽ ആത്യന്തികമായി മണ്ടൻ ആവുക എന്നാണാലോ. അല്ലാതെ എങ്ങനെയാണ് പ്രണയത്തിന് വേണ്ടി നമ്മൾ വർഷങ്ങളോളം കാത്തിരിക്കുന്നത്. അങ്ങനെയല്ലാതെ എങ്ങനെയാണ് ചൂതാട്ടം നടത്തി കുരിശ് വിറ്റ് കിട്ടിയ മുഴുവൻ പൈസയും നഷ്ടമായ ബാർട്ട് എന്ന കഥാപാത്രം, പൈസ കടം മേടിച്ച് വീണ്ടും ചൂതാട്ടം നടത്തി പൈസ ഉണ്ടാക്കുമെന്ന് പറയുന്നത് നമ്മൾക്ക് ഉൾക്കൊള്ളുവാൻ സാധിക്കുക, മണ്ടത്തരത്തിന്റെ പ്രത്യാശയിലൂടെ അല്ലാതെ. മണ്ടത്തരമാണ് നമ്മളെ എല്ലാവരെയും മനുഷ്യരാക്കുന്നത്. ആ സത്യസന്ധത സിനിമയ്ക്ക് നൽകുന്നത് പ്രത്യാശയുടെ അനുഭൂതിയാണ്. ബഷീറിന്റെ കഥകൾ പോലെ.

About the director

ടാറ്റോ കൊട്ടേറ്റിഷ്വിലി (Tato Kotetishvili) ഒരു ജോർജിയൻ ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമാണ്. 1987ൽ ജോർജിയയിൽ ജനിച്ച അദ്ദേഹം, ടിബിലിസിയിലെ തിയേറ്റ്രിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമ പഠിച്ചു. തുടർന്ന് പോളണ്ടിലെ ലോഡ്‌സിലുള്ള പോളിഷ് നാഷണൽ ഫിലിം സ്കൂളിൽ ഛായാഗ്രാഹകനായി പഠനം പൂർത്തിയാക്കി.


#cinema
Leave a comment