
പൂവിടരുന്ന താളവും, ഗായകന്റെ ശ്വാസവും, ചലച്ചിത്രത്തിന്റെ ചലനവും ഏകീഭവിക്കുമ്പോൾ
മണി കൗൾ, കുമാർ ഷഹാനി, കമൽ സ്വരൂപ് തുടങ്ങിയ പരീക്ഷണാത്മക ചലച്ചിത്രകാരന്മാരുടെ പാരമ്പര്യം പിന്തുടരുന്ന അമിത് ദത്ത, തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ തനതായ ശൈലി വികസിപ്പിച്ചെടുത്തു. നവോത്ഥാന കാലത്തെ പെയിന്റിംഗ് ശൈലി പരമ്പരാഗത ചലച്ചിത്ര നിർമ്മാണ രീതികളെയാണ് പ്രതിനിധീകരിക്കുന്നതെങ്കിൽ, ദത്തയുടെ കലാപരമായ രീതികൾ കൂടുതൽ ചേർന്നുനിൽക്കുന്നത് ഇന്ത്യൻ മിനിയേച്ചർ പാരമ്പര്യത്തോടാണ്. ഇത് ദൃശ്യപരമായ യാഥാർത്ഥ്യത്തെക്കാൾ, അതായത് ഒപ്റ്റിക്കല്‍ റിയലിസത്തെകാള്‍ കൂടുതൽ പ്രാധാന്യം നൽകുന്നത് അമൂർത്തമായ ജ്ഞാനശാസ്ത്രത്തിനാണ്.
അവാംഗ്-ഗാർഡ്/എക്സ്പെരിമെന്റല്‍ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വങ്ങളിൽ ഒരാളാണ് അമിത് ദത്ത. അവാംഗ്-ഗാർഡ്/എക്സ്പെരിമെന്റല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മാധ്യമത്തെ നിരന്തരം പുതുക്കുന്നതുകൊണ്ടാണ്. അദ്ദേഹം തന്റെ രീതികളെ ‘അന്വേഷണത്തിന്റെ സിനിമ’ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇതിനെ അദ്ദേഹം ഇന്ത്യന്‍ പാരമ്പര്യത്തിലെ ‘മാർഗി’യുമായി ബന്ധിപ്പിക്കുന്നു, ഒപ്പം നായാട്ടുമായും ബന്ധിപ്പിക്കുന്നു. സംസ്‌കൃതത്തിൽ, മാർഗ് (പാത) എന്ന പദം ഉത്ഭവിച്ചത് വന്യമൃഗങ്ങളെ പിന്തുടരുന്നതിനോ അല്ലെങ്കിൽ നായാടുന്നതിനോ ബന്ധപ്പെട്ട ഒരു ധാതുവിൽ നിന്നാണ്.
അമിത് ദത്ത |PHOTO : WIKI COMMONS
സിനിമ ചിത്രീകരിക്കുന്നതിന് മുൻപ് അദ്ദേഹം വർഷങ്ങളോളം വിഷയത്തെ പിന്തുടരാൻ സമയം ചെലവഴിക്കാറുണ്ട്. സിനിമയെ അന്തിമ ഉൽപ്പന്നമായി കാണുന്നതിന് പകരം, അന്വേഷണത്തിന്റെ അടയാളമായി അദ്ദേഹം കണക്കാക്കുന്നു. ഇവിടെ പ്രക്രിയയിലാണ് അദ്ദേഹം ഊന്നുന്നത്.
ഇന്ന് നിലവിലുള്ള ‘സ്വതന്ത്ര’ സിനിമകളിൽ നിന്ന് പോലും അടിമുടി വ്യത്യസ്തമായ അമിത് ദത്തയുടെ സിനിമകള്‍ക്ക് പണം ലഭിക്കാത്തതിൽ അത്ഭുതപ്പെടാനില്ല, ഈ സിനിമകള്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്തിട്ടുമില്ല. മേളകളിലും ആര്‍ട്ട് ഗാലറികളിലുമാണ് ഈ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ നിലവിലുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വയം പര്യാപ്തമായ സിനിമ എന്ന ആശയമാണ് ദത്ത മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ ഇത് വെറുമൊരു നിർമ്മാണ മാതൃകയല്ല; ആഴത്തിലുള്ള ദാർശനികവും സൗന്ദര്യാത്മകവുമായ സമീപനമാണ്. ബാഹ്യമായ സ്വാധീനങ്ങളിൽ നിന്നും വാണിജ്യപരമായ ചട്ടക്കൂടുകളിൽ നിന്നും സിനിമ എന്ന മാധ്യമത്തെ മോചിപ്പിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്.
നിരവധി അണിയറപ്രവർത്തകരുടേയും ഭീമമായ ബജറ്റിന്റെയും ആവശ്യകത കുറയ്ക്കുന്നതിനായി സാങ്കേതികവിദ്യയെ (ഡിജിറ്റൽ വീഡിയോ അല്ലെങ്കിൽ അനിമേഷൻ പോലുള്ളവ) ഉപയോഗിക്കണമെന്ന് അദ്ദേഹം വാദിക്കുന്നു. ഇത് പണത്തിന്റെയും മനുഷ്യാദ്ധ്വാനത്തിന്റെയും ആവശ്യകത കുറയ്ക്കുന്നു, തൽഫലമായി ചലച്ചിത്രകാരന് തന്റെ വിഷയവുമായി വ്യക്തിപരവും ഏതാണ്ട് ധ്യാനാത്മകവുമായ ബന്ധം നിലനിർത്താൻ സാധിക്കുന്നു.
സിനിമാട്ടോഗ്രാഫി, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ എന്നിവയുടെ ഭൂരിഭാഗവും സ്വയം കൈകാര്യം ചെയ്യുന്നതിലൂടെയോ അല്ലെങ്കിൽ വളരെ കുറഞ്ഞ ആളുകളുമായി മാത്രം ചേർന്ന് പ്രവർത്തിക്കുന്നതിലൂടെയോ ഒരു ചിത്രകാരൻ ക്യാൻവാസിനെയോ ഒരു എഴുത്തുകാരൻ തന്റെ നോട്ട്ബുക്കിനെയോ സമീപിക്കുന്നതുപോലെയാണ് അദ്ദേഹം ചലച്ചിത്ര നിർമ്മാണത്തെ കാണുന്നത്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
സൗന്ദര്യശാസ്ത്രപരമായ കാര്യം, ഇന്ത്യൻ സിനിമ ചരിത്രപരമായി യൂറോപ്യൻ അക്കാദമിക് കലകളേയും നമ്മുടെ ജനപ്രിയ നാടകങ്ങളേയും അമിതമായി ആശ്രയിച്ചിട്ടുണ്ടെന്ന് ദത്ത വാദിക്കുന്നു. നമ്മുടെ നാടൻ അറിവുകളിലേക്കും തനതായ സംസ്കാരത്തിലേക്കും തിരിഞ്ഞുനോക്കിക്കൊണ്ട് ഒരു സ്വയംപര്യാപ്ത സൗന്ദര്യശാസ്ത്രം രൂപപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.
പൂനയിലും അഹമ്മദാബാദിലും വച്ച് വളരെക്കാലം സിനിമകള്‍ സംവിധാനം ചെയ്തതിന് ശേഷം അദ്ദേഹം ഇപ്പോള്‍ തന്റെ ജന്മനാടായ ജമ്മുവിന് അടുത്തുള്ള കാംഗ്ര താഴ്‌വരയില്‍ സ്ഥിര താമസമാക്കിയിരിക്കുകയാണ്. ഒരു പരമ്പരാഗത കരകൗശല വിദഗ്ദ്ധൻ പ്രവര്‍ത്തിക്കുന്നതുപോലെയാണ് അദ്ദേഹം സിനിമകള്‍ നിര്‍മ്മിക്കുന്നത്. സ്വയം പര്യാപ്തമായ സിനിമ എന്ന ആശയത്തില്‍ അനിമേഷനെ ഏറ്റവും പറ്റിയ മാധ്യമമായി അദ്ദേഹം കാണുന്നു. അനിമേറ്ററായ ഭാര്യയുടെ സഹായം ഇക്കാര്യത്തിൽ അദ്ദേഹത്തിനുണ്ട്.
“ഇപ്പോള്‍ സിനിമാ സംവിധാനത്തിന് ആവശ്യമായ എല്ലാ ടൂളുകളും എളുപ്പത്തില്‍ ലഭ്യമായതിനാല്‍, ഒരാള്‍ക്ക് സിനിമ നിര്‍മ്മിക്കാനും വിതരണം ചെയ്യാനും എളുപ്പത്തിൽ കഴിയും. പ്രശസ്തിയുടെയും പണത്തിന്റെയും ധാര്‍ഷ്ട്യം ഉപേക്ഷിച്ച് അജ്ഞാത ജീവിതം നയിക്കുന്ന ഒരു പരമ്പരാഗത കരകൗശല വിദഗ്ദ്ധനെ പോലെ പ്രവര്‍ത്തിക്കാൻ ഇത് അവസരം തരുന്നു”, എന്ന് അമിത് ദത്ത പറയുകയുണ്ടായി.
അനിമേഷനിലെ പരീക്ഷണാത്മകതയ്ക്കും പേരുകേട്ട ചലച്ചിത്ര സംവിധായകനാണ് അമിത് ദത്ത. അദ്ദേഹം ചെറുതും വലുതുമായ അനിമേഷന്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അനിമേഷനോട് വളരെ വ്യത്യസ്തമായ സമീപനമാണ് ദത്തയ്ക്കുള്ളത്. മുഖ്യധാരാ അനിമേഷന്‍ തടസ്സമില്ലാത്തതും അതിവേഗത്തിലുള്ളതുമായ ചലനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ദത്തയുടെ അനിമേഷനുകൾ താളം, കണ്ണ് ചിമ്മുന്നത് പോലെയുള്ള ചലനങ്ങൾ, തുറിച്ചുനോട്ടം എന്നിവയാൽ സവിശേഷമാണ്. ഒരു ദൃശ്യത്തിന്റെ സ്വാഭാവികമായ നിശ്ചലത നഷ്ടപ്പെടുത്താതെ തന്നെ അതിനെ 'ഉണർത്താൻ' അദ്ദേഹം സ്റ്റോപ്പ് മോഷൻ രീതിയിലുള്ള ഇഫക്റ്റുകളും സൂക്ഷ്മമായ ചലനങ്ങളും ഉപയോഗിക്കുന്നു. കട്ട്-ഔട്ട് അനിമേഷനെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ രൂപങ്ങളെ ലളിതമായി ചലിപ്പിക്കുന്നത് ഇതിന് ഉദാഹരണമാണ്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
എന്തുകൊണ്ട് അനിമേഷൻ എന്ന ചോദ്യത്തിന് ദത്ത ഇപ്രകാരം ഉത്തരം നല്‍കുന്നു: “മറ്റ് മാധ്യമങ്ങളിൽ കണ്ടെത്താൻ പ്രയാസമുള്ള സവിശേഷമായ സ്വാതന്ത്ര്യം അനിമേഷൻ നൽകുന്നുണ്ട്. ഭൗതിക യാഥാർത്ഥ്യങ്ങളുടെയും ബജറ്റിന്റെയും പരിമിതികളെ അത് മറികടക്കുന്നു, അതേസമയം തന്നെ അതിന്റേതായ ഒരു അച്ചടക്കം അത് ആവശ്യപ്പെടുന്നുമുണ്ട്. ആശയങ്ങളെ വെറുതെ അവതരിപ്പിക്കുക മാത്രമല്ല അനിമേഷൻ ചെയ്യുന്നത് — അവയ്ക്ക് ജീവൻ നൽകി പരിണമിപ്പിക്കാൻ കൂടി പ്രാപ്തമാക്കുന്നു. കുമാർ ഗന്ധർവ്വയുടെ സംഗീതത്തിന്റെയും ജീവിതത്തിന്റെയും സത്ത ഉൾക്കൊള്ളാൻ, ഒരു ലൈവ്-ആക്ഷൻ സിനിമയ്ക്കോ ഡോക്യുമെന്ററിക്കോ സാധിക്കാത്ത വിധത്തിൽ അനിമേഷൻ അവസരമൊരുക്കി".
Wittgenstein Plays Chess with Marcel Duchamp എന്ന സിനിമയിൽ അദ്ദേഹം 'മിന്നിമറയുന്ന' ശൈലിയിലുള്ള കട്ട്-ഔട്ട് അനിമേഷനാണ് ഉപയോഗിക്കുന്നത്. ഇവിടെ ദൃശ്യങ്ങൾ സുഗമമായി മാറിവരുന്നതിന് പകരം, രൂപങ്ങളും വസ്തുക്കളും ഒന്നിനുപുറകെ ഒന്നായി എതിര്‍നിര്‍ത്തുന്ന (Juxtapose) ചെയ്ത രീതിയിലാണ് അവതരിപ്പിക്കുന്നത്.
അദ്ദേഹത്തിന്റെ ചില സിനിമകൾ ക്യാമറയില്ലാത്ത സിനിമകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. പരമ്പരാഗതമായ രീതിയിൽ ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്നതിന് പകരം പഴയ ചിത്രങ്ങളും ആര്‍ക്കൈവല്‍ ദൃശ്യങ്ങളും ക്രമീകരിച്ചും എഡിറ്റിംഗ് വഴിയുമാണ് ഇവ നിർമ്മിക്കുന്നത്.
ദത്തയുടെ ഫീച്ചര്‍ ദൈര്‍ഘ്യമുള്ള അനിമേഷൻ സിനിമയാണ് ‘റിഥം ഓഫ് എ ഫ്ലവര്‍’ (Rhythm of a Flower). പ്രശസ്ത ഇന്ത്യൻ ശാസ്ത്രീയ സംഗീതജ്ഞൻ കുമാർ ഗന്ധർവ്വയുടെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ കാവ്യാത്മകമായ അനിമേഷൻ സിനിമയാണിത്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
പൂവിടരുന്നതിന്റെ താളവും, ഗായകന്റെ ശ്വാസതാളവും, ചലച്ചിത്രത്തിന്റെ ചലനവേഗവും ഏകീഭവിക്കുന്ന സിനിമ. നിശബ്ദതയെന്നാൽ സംഗീതമില്ലാത്ത അവസ്ഥയല്ല, മറിച്ച് പുത്തൻ രാഗങ്ങൾ പിറവിയെടുക്കുന്ന ഗർഭഗേഹമാണ്. സംഗീതജ്ഞൻ കൃത്യമായ സ്വരത്തിനായി കാതോർക്കുന്നതുപോലെ, ദൃശ്യം തന്നോട് സംസാരിക്കാനായി ക്യാമറയും കാത്തിരിക്കുന്നു – ഈ സിനിമയുടെ സൗന്ദര്യം ഇപ്രകാരം സംക്ഷേപിക്കാം.
സാധാരണ ജീവിതചരിത്ര സിനിമ എന്നതിലുപരി, ഗന്ധർവ്വയുടെ സംഗീത ദർശനത്തിന് ഊന്നൽ നൽകുന്ന പരീക്ഷണാത്മക സൃഷ്ടിയാണിത്. അലൻ ഷാ ഒരുക്കിയ വാട്ടർ കളർ അനിമേഷനുകളെ പ്രകൃതിയിലെ ബിംബങ്ങളുമായി കോർത്തിണക്കുന്ന ഈ സിനിമ, 'ലയം' പോലുള്ള സംഗീത സങ്കൽപ്പങ്ങളെ സ്വപ്നസമാനമായ ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കുന്നു. ഒരു സാധാരണ സിനിമയ്ക്ക് പകരം ദൃശ്യങ്ങളിലൂടെ അനുഭവിപ്പിക്കുന്ന ഒരു 'ദൃശ്യരാഗം' ആണ് സിനിമ എന്ന് പറയാം.
കുമാർ ഗന്ധർവ്വയുടെ ജീവിതത്തിലെ നിർണ്ണായകവും ദാരുണവുമായ ഒരു കാലത്തിലാണ് സിനിമ കേന്ദ്രീകരിച്ചിരിക്കുന്നത്. സംഗീത ജീവിതത്തിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് അദ്ദേഹത്തിന് ക്ഷയരോഗം പിടിപെടുന്നതും, ഒരു ശ്വാസകോശത്തിന്റെ പ്രവർത്തനം നഷ്ടപ്പെടുകയും ചെയ്തത്. പാടരുതെന്ന് ഡോക്ടർമാർ അദ്ദേഹത്തെ കര്‍ശനമായി വിലക്കി, തുടർന്ന് ആറ് വർഷക്കാലം അദ്ദേഹം ശയ്യാവലംബിയായി കഴിഞ്ഞു.
81 മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമയിൽ കുമാര്‍ ഗന്ധര്‍വ്വ, മധ്യപ്രദേശിലെ മാൾവയിലുള്ള വീട്ടിൽ, രോഗബാധിതനായി കഴിയുകയാണ്. ഇത് അദ്ദേഹത്തിന് തന്റെ സംഗീതത്തെക്കുറിച്ചും സ്വയത്തെക്കുറിച്ചും ആഴത്തില്‍ ചിന്തിക്കാനുള്ള ഒരവസരം കൂടിയാണ്. ഒപ്പം, അദ്ദേഹത്തിന്റെ ജന്മദേശമായ കർണാടകയിലെ സുലേഭാവിയിലുള്ള ഭൂതകാലവും സിനിമ അവതരിപ്പിക്കുന്നു.
കുമാര്‍ ഗന്ധര്‍വ്വ | PHOTO : WIKI COMMONS
ഒരു പക്ഷിക്ക് പിന്നാലെ ഓടുന്ന കുട്ടി; ഗ്രാമത്തിലേക്ക് എത്തുന്ന ഹരികഥാ ഗായകർ അവനിൽ ചെലുത്തുന്ന സ്വാധീനം — ഇതെല്ലാം രൂപകങ്ങളിലൂടെയാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. ഒരു ഗ്രാമഫോണിന്റെ ടോൺആമിൽ പക്ഷി ഇരിക്കുന്നതും, അത് ശ്രദ്ധിച്ചുനിൽക്കുന്ന കുട്ടിയെ വിഴുങ്ങാനെന്നവണ്ണം ഗ്രാമഫോണിന്റെ ഹോൺ വലുതാകുന്നതും ഇതിൽ കാണാം. കയ്യിൽ തംബുരുവുമായി അദ്ദേഹത്തെ പരിചരിക്കുകയും സംഗീതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്ന ഭാര്യ ഭാനുമതി; മുറിയിലെ ജനലിലൂടെ ലോകത്തേക്ക് ഒഴുകുന്ന അദ്ദേഹത്തിന്റെ നേർത്ത മൂളലുകൾ —ഇവയെല്ലാം ചിത്രത്തിലുണ്ട്. ക്ലോക്കിന്റെ ടിക് ടിക് ശബ്ദം, കുയിലിന്റെ കൂവൽ, പുസ്തകത്താളുകൾ മറിയുന്ന ഒച്ച, കാറ്റിൽ ഉലയുന്ന പുൽനാമ്പുകൾ, അന്തരീക്ഷത്തിൽ അലിഞ്ഞുചേരുന്ന നാടൻ പാട്ടുകൾ എന്നിങ്ങനെ അനേകം ശബ്ദങ്ങൾ ഈ സിനിമയ്ക്ക് സവിശേഷമായ ഒരു ശ്രവണമാധുര്യം നൽകുന്നു. ഇതിനെല്ലാം ആധാരമായി രാഗശ്രീയിലധിഷ്ഠിതമായ ‘കരൻ ദേ രേ കച്ചു ലാലാ രേ’ എന്ന കുമാർ ഗന്ധർവ്വയുടെ ഛോട്ടാ ഖയാൽ ഗീതം പശ്ചാത്തലത്തിൽ മുഴങ്ങുന്നു.
പാടാൻ കഴിയാതിരുന്ന ആ വർഷങ്ങളിൽ, ഗന്ധർവ്വ തന്റെ ചുറ്റുമുള്ള പ്രകൃതിയെയും ലോകത്തെയും — പക്ഷികളുടെ കരച്ചിലും, പുല്ലുകൾക്കിടയിലൂടെ വീശുന്ന കാറ്റും, നാടൻ പാട്ടുകളും — ശ്രദ്ധാപൂർവ്വം ശ്രവിച്ചുക്കൊണ്ടിരുന്നു. അദ്ദേഹം തനിക്ക് മാത്രം കേൾക്കാവുന്ന തരത്തിൽ വളരെ പതുക്കെ മൂളുന്നു; സംഗീതത്തിന്റെ ഈ മൃദുവായ രൂപം പിൽക്കാലത്ത് വീണ്ടും വേദിയിലേക്ക് തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന്റെ ശൈലിയിൽ വലിയ വിപ്ലവം സൃഷ്ടിച്ചുവത്രേ. ക്ലാസിക്കൽ പാരമ്പര്യവും പ്രകൃതിയിലെ സംഗീതവും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ട്, സംഗീതത്തെ കുറിച്ചുള്ള പുതിയൊരു ധാരണ അദ്ദേഹം സൃഷ്ടിച്ചു എന്ന് സിനിമ പര്യവേക്ഷണം ചെയ്യുന്നു.
ദത്തയുടെ 'നൈൻസുഖ്' പോലുള്ള മുൻകാല സിനിമകളിലെ ‘മിനിയേച്ചർ പെയിന്റിംഗ്’ ശൈലിയിൽ നിന്നുള്ള ഒരു മാറ്റമാണ് ഈ സിനിമയുടെ ദൃശ്യഭാഷയിൽ കാണാൻ സാധിക്കുന്നത്. ചിത്രകാരനായ അലൻ ഷാ തയ്യാറാക്കിയ കൈകൊണ്ട് വരച്ച ലളിതമായ വാട്ടർ കളർ അനിമേഷനാണ് ഈ സിനിമയുടെ പ്രത്യേകത. കുട്ടികള്‍ക്കുള്ള ചലിക്കുന്ന കഥാപുസ്തകം പോലെയോ, ഒഴുകുന്ന ചിത്രങ്ങളുടെ പരമ്പര പോലെയോ ഇത് അനുഭവപ്പെടുന്നു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
മോര്‍ഫിംഗിന്റെ രീതിയിൽ മാറിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങളാണ് ഈ അനിമേഷന്റെ സവിശേഷത. ടെലിഫോൺ കമ്പികൾ പോലെ സംഗീതത്തിലെ സ്റ്റാഫ് ലൈനുകൾ സ്‌ക്രീനിലുടനീളം പ്രത്യക്ഷപ്പെടുന്നു. നോട്ടുകളെ പ്രതിനിധീകരിക്കുന്ന ചെറിയ കറുത്ത മഷിപ്പുള്ളികൾ ഈ കമ്പികളിൽ വന്നിറങ്ങുന്നു; എന്നാൽ അവ അവിടെ നിശ്ചലമായി നിൽക്കുന്നില്ല. പെട്ടെന്ന് അവയ്ക്ക് ചിറകുകൾ മുളയ്ക്കുകയും കമ്പിയിൽ ഇരിക്കുന്ന പക്ഷികളായി മാറുകയും ചെയ്യുന്നു. ഗായകന്റെ ശബ്ദത്തിനനുസരിച്ച് അവ ചിലയ്ക്കുകയും ചിറകടിക്കുകയും ചെയ്യുന്നു. തംബുരു ശ്രുതി മീട്ടുമ്പോൾ, അതിന്റെ തടികൊണ്ടുള്ള ഭാഗം മണ്ണിലേക്ക് വേരുകളാഴ്ത്തുകയും, നീളമുള്ള തണ്ട് ഒരു മരത്തിന്റെ ഉടൽ പോലെ ഇലകൾ മുളപ്പിച്ചുയരുകയും ചെയ്യുന്നു. സിനിമയുടെ അവസാന ഭാഗത്ത് കോണാർക്കിലെ സൂര്യക്ഷേത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സങ്കീർണ്ണമായ കൊത്തുപണികളോട് കൂടിയ ഒരു വലിയ രഥചക്രം കാണിക്കുന്നു. ഈ ചക്രം കറങ്ങാൻ തുടങ്ങുന്നു; അതിന്റെ ചലനം 'താൻ' എന്ന സംഗീത രൂപത്തിന്റെ ചാക്രികതയുമായി കൃത്യമായി ഒത്തുപോകുന്നുവത്രേ. ഗന്ധർവ്വയുടെ സംഗീത തത്വശാസ്ത്രത്തിലെ പരസ്പരബന്ധിതമായ സ്വഭാവത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഈ സിനിമയിലെ ദൃശ്യങ്ങളിൽ പ്രകൃതിക്ക് വലിയ പ്രാധാന്യമുണ്ട്. ഒരു പൂവ് വിരിയുന്നതിന്റെ താളം, ഒരു സംഗീത സ്വരത്തിന്റെ ജൈവികമായ വളർച്ചയെയാണ് പ്രതിനിധീകരിക്കുന്നത്.
സങ്കീർണ്ണമായ സംഗീത ആശയങ്ങളെ വിശദീകരിക്കാൻ നിത്യജീവിതത്തിലെ സന്ദര്‍ഭങ്ങളെ, അതായത് പ്രകൃതിയെ, ഈ സിനിമ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ഒരു ഒട്ടകത്തിന്റെ നടത്തം, ഓടിക്കളിക്കുന്ന കുട്ടി, വൈക്കോൽ ചുമന്നുകൊണ്ട് പോകുന്ന സ്ത്രീ – ഇവരുടെ ചലനങ്ങളിലെ താളം.
ക്ഷയരോഗവുമായുള്ള ഗന്ധർവ്വയുടെ ആറുവർഷത്തെ പോരാട്ടത്തെ ചിത്രീകരിക്കാൻ, സിനിമ വളരെ ശക്തവും ഇരുണ്ടതുമായ ദൃശ്യമാണ് ഉപയോഗിക്കുന്നത് - ഒരു പാമ്പ് സ്വന്തം ശരീരത്തിൽ തന്നെ പിണഞ്ഞുകിടക്കുന്നതായും, ഒടുവിൽ അത് സ്വന്തം വാല് തന്നെ വിഴുങ്ങാൻ ശ്രമിക്കുകയും ചെയ്യുന്ന ദൃശ്യം. സിനിമയിലുടനീളം പല സന്ദര്‍ഭങ്ങളില്‍ ഈ ദൃശ്യം വരുന്നുണ്ട്. ഓരോ തവണയും ഇതിന്റെ ദൈർഘ്യം വ്യത്യസ്തമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഏകദേശം 2 മുതൽ 3 മിനിറ്റ് വരെ നീണ്ടുനിൽക്കുന്നു; പാമ്പ് സ്വന്തം വാല് വിഴുങ്ങിക്കൊണ്ട് വട്ടത്തിൽ കറങ്ങുന്ന ആകർഷകമായ ഒരു ദൃശ്യമാണത്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
സിനിമ അവസാനിക്കുന്നത് അത്യന്തം ഗഹനവും അതീന്ദ്രിയവുമായ ദൃശ്യത്തിലാണ്. ഗന്ധർവ്വയുടെ വേദിയിലേക്കുള്ള തിരിച്ചുവരവും അദ്ദേഹത്തിന്റെ അധ്യാപന വർഷങ്ങളും കാണിച്ചതിനുശേഷം, വാട്ടർ കളർ അനിമേഷൻ പടരാനും അലിഞ്ഞുചേരാനും തുടങ്ങുന്നു. ഗായകന്റെ രൂപത്തിന്റെ അതിർവരമ്പുകൾ പതുക്കെ മായുകയും, ഒടുവിൽ അദ്ദേഹം പൂർണ്ണമായും ഒരു ശുഭ്രപ്രകാശത്തിലേക്ക് അപ്രത്യക്ഷനാവുകയും ചെയ്യുന്നു. ഇന്ത്യൻ തത്വശാസ്ത്ര പ്രകാരം ഒരു കലാകാരന്റെ പരമമായ ലക്ഷ്യത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത് — ഒരാളുടെ വ്യക്തിഗതമായ അസ്തിത്വത്തെ (ആത്മാവ്) പ്രപഞ്ചത്തിന്റെ നാദവുമായി (ബ്രഹ്മം) ലയിപ്പിക്കുക, അങ്ങനെ സംഗീതം മാത്രം ബാക്കിയാവുക.
സിനിമയിലെ ശബ്ദത്തിന്റെ ഉപയോഗം സൂക്ഷ്മവും ശ്രദ്ധേയവുമാണ്. തന്റെ ബാല്യകാല ഗ്രാമത്തിൽ നിന്നും സംഗീതത്തിന്റെ വിശാലമായ ലോകത്തേക്കുള്ള കുമാർ ഗന്ധർവ്വയുടെ മാറ്റത്തെ സിനിമയിൽ ഒരു ട്രെയിൻ യാത്രയിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ട്രെയിനിന്റെ സാധാരണ ശബ്ദത്തിന് പകരം, ഒരു സ്റ്റീം എൻജിന്റെ താളം അനുകരിക്കുന്നതും എന്നാൽ ക്രമേണ തബലയുടെ ശബ്ദത്തോട് ചേർന്നുപോകുന്നതുമായ സൗണ്ട്സ്കേപ്പ് ആണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.
“തനതായൊരു താളമില്ലാതെ ഒരു പൂവും വിരിയുന്നില്ല" എന്ന കുമാര്‍ ഗന്ധര്‍വ്വയുടെ പ്രസ്താവം ദത്ത സിനിമയുടെ എഡിറ്റിംഗിലും പ്രയോഗിക്കുന്നു. ഇടിമുഴക്കമോ പേജ് മറിക്കുന്ന ശബ്ദമോ പോലുള്ള പരിചിതമായ ശബ്ദങ്ങൾ സിനിമയിലുടനീളം ആവർത്തിച്ച് ഉപയോഗിക്കുന്നു. ഇത് രാഗത്തിന്റെ ഘടനയെ അനുസ്മരിപ്പിക്കും വിധം ധ്യാനാത്മകമായ ചട്ടക്കൂട് സിനിമയ്ക്ക് നൽകുന്നു.
കുമാർ ഗന്ധർവ്വയുടെ ജീവിതസാഹചര്യങ്ങൾ വിശദീകരിക്കാൻ സിനിമയിൽ പല ശബ്ദങ്ങളും (സംഗീത കൺസൾട്ടന്റ് കുൽദീപ് ബർവെ ഉൾപ്പെടെയുള്ളവരുടേത്) ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇവ ഒരു സാധാരണ വിവരണമായി നിലനിൽക്കുന്നതിന് പകരം, സിനിമയിലെ അന്തരീക്ഷ ശബ്ദങ്ങളുമായി ഇഴചേർന്ന് നിൽക്കുകയാണ് ചെയ്യുന്നത്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
രോഗബാധിതനായി കഴിയുന്ന കുമാര്‍ ഗന്ധര്‍വ്വയുടെ ജനലിലൂടെ ഒഴുകിയെത്തിയ ലോകത്തിന്റെ ശബ്ദങ്ങളിൽ നിന്നാണ് സിനിമയുടെ ശബ്ദപ്രപഞ്ചം രൂപപ്പെടുത്തിയിരിക്കുന്നത്: പുല്ലുകളുടെ മർമ്മരവും, പക്ഷികളുടെ കളകൂജനവും, മരങ്ങൾ കാറ്റിലാടുന്ന ശബ്ദവുമെല്ലാം സംഗീതത്തിലെ സ്വരങ്ങൾക്കൊപ്പം തന്നെ പ്രാധാന്യത്തോടെയാണ് സിനിമയിൽ കൈകാര്യം ചെയ്തിരിക്കുന്നത്. ദത്ത ഇതിൽ ശ്രാവ്യ-ദൃശ്യ താളങ്ങൾ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന്, ഒരു പുൽനാമ്പിൽ പക്ഷി വന്നിരിക്കുന്നത് തംബുരു മീട്ടുന്ന ശബ്ദവുമായി കൃത്യമായി യോജിപ്പിച്ചിരിക്കുന്നു. പ്രകൃതി തന്നെയാണ് സംഗീതത്തിന്റെ ശ്രുതി നിശ്ചയിക്കുന്നത് എന്നാവാം ഇതിലൂടെ സൂചിപ്പിക്കുന്നത്.
അതേസമയം, പുൽനാമ്പിൽ പക്ഷി വന്നിരിക്കുമ്പോൾ പുല്ലിലുണ്ടാകുന്ന ചലനം, തംബുരുവിലെ തന്ത്രിയിൽ വിരലമർത്തുമ്പോൾ ഉണ്ടാകുന്ന സ്പർശനാനുഭൂതിക്ക് സമാനമായി മാറുന്നു; ഇത് കാഴ്ചയും സ്പർശനവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നു. ഇല അനങ്ങുന്നതോ, പേപ്പറിൽ ബ്രഷ് ഉരസുന്നതോ, വെള്ളം തുള്ളിയായി വീഴുന്നതോ ആയ ശബ്ദങ്ങൾ ദത്ത വളരെ പ്രാധാന്യത്തോടെ സിനിമയില്‍ ഉൾപ്പെടുത്താറുണ്ട്. ഇത് ആ വസ്തുവിന്റെ ഉപരിതലം (Texture) നമ്മുടെ കൈകൾ കൊണ്ട് തൊടുന്നത് പോലെയുള്ള അനുഭവം നൽകുന്നു.
ഈ സിനിമയിൽ വസ്തുക്കൾ നിരന്തരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു: ഒരു തംബുരു മരമായി മാറുന്നു, ഒരു പൂവ് ഗ്രാമഫോണായി രൂപാന്തരപ്പെടുന്നു, സംഗീത കുറിപ്പുകൾ (staff notes) പക്ഷികളായി മാറുന്നു. ദൃശ്യങ്ങളിലെ ഈ ഒഴുക്ക്, കണ്ണ് ഒരു 'സ്ഥിരമായ' വസ്തുവിൽ മാത്രം തങ്ങിനിൽക്കുന്നത് തടയുകയും, പകരം ആ മാറ്റത്തിന്റെ ചലനത്തെയും സ്വഭാവത്തെയും (texture) പിന്തുടരാൻ കാഴ്ചക്കാരനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഡിജിറ്റൽ അനിമേഷനിൽ നിന്ന് വ്യത്യസ്തമായി, ഈ സിനിമ വാട്ടർ കളർ അനിമേഷനിലൂടെ സ്പർശനപരമായ അനുഭവം സൃഷ്ടിക്കുന്നു. അലൻ ഷാ തയ്യാറാക്കിയ ഈ അനിമേഷൻ, പേപ്പറിന്റെ ഘടനയെയും പെയിന്റിന്റെ ഒഴുക്കിനെയും എടുത്തു കാട്ടുന്നു. പ്രേക്ഷകര്‍ വെറുമൊരു പൂവിനെ മാത്രമല്ല കാണുന്നത്; മറിച്ച് നിറക്കൂട്ടുകൾ പടരുന്നതും വെള്ളം പേപ്പറിൽ തങ്ങിനിൽക്കുന്നതുമായ സൂക്ഷ്മമായ അവസ്ഥയെക്കൂടിയാണ്.
മസ്തിഷ്കവും കലയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ചുള്ള ഡോ. ആര്‍ രാജശേഖരന്‍ നായരുടെ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ ഈ സിനിമ ആസ്വദിക്കുന്നതില്‍ സഹായകമാവും. കലയെ മസ്തിഷ്കം എങ്ങനെയാണ് ആസ്വദിക്കുന്നത് എന്നതിനെക്കുറിച്ചുള്ള പഠനമാണ് ന്യൂറോ ഈസ്തെറ്റിക്സ്. ഒരു ചിത്രം കാണുമ്പോഴോ സംഗീതം കേൾക്കുമ്പോഴോ നമ്മുടെ തലച്ചോറിൽ നടക്കുന്ന രാസമാറ്റങ്ങളും വൈദ്യുത പ്രവാഹങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. അനുഭൂതി എന്നത് വെറും ഒരു മാനസികാവസ്ഥയല്ല, മറിച്ച് മസ്തിഷ്കത്തിലെ കോശങ്ങൾ തമ്മിലുള്ള വിനിമയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
“ചില പ്രചോദനങ്ങളും പ്രചോദന നിരാസങ്ങളും ഉണര്‍ത്തിവിടുന്ന കുറേ രാസവസ്തുക്കള്‍ മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളെ ഉത്തേജിപ്പിക്കുകയും, മറ്റു ചിലവയെ നിയന്ത്രിച്ച് സംയമനം നടത്തുകയും ചെയ്‌താല്‍ നമ്മളില്‍ തങ്ങുന്ന, പക്ഷേ, നമ്മളെക്കാള്‍ അതീതമായ അനിര്‍വചനീയമായ പ്രതിഭാസങ്ങളെ സൃഷ്ടിക്കാനാകും എന്നത് വിസ്മയപ്പെടുത്തുന്നതാണ്” എന്ന് ഡോ. രാജശേഖരന്‍ നായര്‍ എഴിതിയിട്ടുണ്ട്. സിനിമ കാണുമ്പോൾ ഇതായിരിക്കും സംഭവിക്കുന്നത്.
ടെമ്പറല്‍ ലോബ്, ഫ്രോണ്ടല്‍ ലോബ്, പൈറേറ്റല്‍ ലോബ് - സിനിമ കാണുമ്പോള്‍ ഈ ഭാഗങ്ങള്‍ പ്രചോദിപ്പിക്കപ്പെട്ടാല്‍ നമുക്ക് കിട്ടുന്നത് പരമാനന്ദം. ഈ കേന്ദ്രങ്ങളെയൊക്കെ ബാഹ്യമായും പ്രചോദിപ്പിക്കാനാകും. ഉന്മത്തമാക്കുന്ന ഗന്ധങ്ങള്‍, ചെവികൊട്ടിയടയ്ക്കുന്ന ഉച്ചത്തിലുള്ള ഗാനങ്ങള്‍, പ്രാര്‍ത്ഥനകള്‍, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശനാളികള്‍, ചടുലമായ നൃത്തച്ചുവടുകള്‍ ഒക്കെ മസ്തിഷ്കത്തെ വല്ലാതെ ഉന്മേഷപ്പെടുത്തും.
ഡോ. രാജശേഖരന്‍ നായര്‍ | PHOTO : WIKI COMMONS
ഫ്രോണ്ടല്‍ നോബിന്റെ മുനമ്പിന്റെ ഉള്‍വശത്തുള്ള ഭാഗമാണ് Medial Prefontal Cortex. ആ ഭാഗം ഉത്തേജിപ്പിക്കപ്പെട്ടാല്‍ ഉണ്ടാവുന്നത് ആത്മീയതയുടെ കടുത്ത ഭാവങ്ങളാണ്. ദത്തയുടെ സിനിമ നമ്മെ ഇത്തരം അനുഭൂതിയിലേക്ക് കൊണ്ടുപോകുന്നു.
“നിങ്ങൾ എന്തെങ്കിലും കാണുന്നുണ്ടെങ്കിൽ തലച്ചോർ അത് തിരഞ്ഞെടുക്കുന്നതുകൊണ്ടാണ്” എന്ന് അദ്ദേഹം പറയാറുണ്ട്. ഒരു സിനിമയിലോ ചിത്രത്തിലോ ഉള്ള എല്ലാ കാര്യങ്ങളും നാം കാണുന്നില്ല. നമ്മുടെ മസ്തിഷ്കം അതിലെ ചില ഭാഗങ്ങളെ മാത്രം തിരഞ്ഞെടുത്ത് അതിന് അർത്ഥം നൽകുന്നു. ഈ തിരഞ്ഞെടുക്കൽ ഓരോ വ്യക്തിയിലും വ്യത്യസ്തമായതിനാൽ ഒരേ ചിത്രവും സിനിമയും ഓരോരുത്തരിലും വ്യത്യസ്തമായ അനുഭൂതികളാണ് സൃഷ്ടിക്കുന്നത്.
ഒരു മികച്ച കലാസൃഷ്ടി കാണുമ്പോഴോ സംഗീതം കേൾക്കുമ്പോഴോ മസ്തിഷ്കത്തിലെ റിവാർഡ് സെന്ററുകൾ (Reward Centers) പ്രവർത്തിക്കുന്നു. ഇത് സന്തോഷം നൽകുന്ന ഡോപ്പമിൻ (Dopamine) എന്ന രാസവസ്തുവിനെ പുറപ്പെടുവിക്കുന്നു. ഈ രാസമാറ്റമാണ് ഒരു നല്ല സിനിമ കണ്ടുകഴിഞ്ഞാൽ നമുക്ക് ലഭിക്കുന്ന മാനസികമായ സംതൃപ്തിക്ക് അല്ലെങ്കിൽ 'അനുഭൂതി'ക്ക് പിന്നിലെ അടിസ്ഥാനം എന്ന് ഡോ. രാജശേഖരന്‍ നായര്‍ പറയുന്നു.
കല വെറും കാഴ്ചയല്ല, മറിച്ച് പല ഇന്ദ്രിയങ്ങളുടെയും സമന്വയമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. സിനിമയിൽ ദൃശ്യവും ശബ്ദവും നിറങ്ങളും ഒരുമിച്ച് വരുമ്പോൾ മസ്തിഷ്കത്തിലെ വിവിധ കേന്ദ്രങ്ങൾ ഒരേസമയം ഉത്തേജിക്കപ്പെടുന്നു. ഈ ഒത്തുചേരൽ ഒരു സാധാരണ അനുഭവത്തെ 'അനുഭൂതി'യാക്കി മാറ്റുന്നു.
കല സൃഷ്ടിക്കുന്ന അനുഭൂതി നമ്മുടെ പഴയകാല ഓർമ്മകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ചിത്രം കാണുമ്പോൾ അത് നമ്മുടെ ഉള്ളിലെ ഏതോ സുഖമുള്ളതോ വേദനയുള്ളതോ ആയ ഓർമ്മയെ തൊട്ടുണർത്തുന്നു. മസ്തിഷ്കത്തിലെ ഹിപ്പോകാമ്പസ് (Hippocampus) എന്ന ഭാഗമാണ് ഈ ഓർമ്മകളെ കലയുമായി ബന്ധിപ്പിച്ച് അനുഭൂതിയുടെ ആഴം കൂട്ടുന്നത്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
നമ്മുടെ തലച്ചോറിലെ ന്യൂറോണുകൾ നിശ്ചിത താളത്തിലാണ് (Brain waves) വിനിമയം നടത്തുന്നത്. അമിത് ദത്തയുടെ സിനിമയിലെ ദൃശ്യങ്ങളുടെ വേഗതയും താളവും പ്രേക്ഷകന്റെ മസ്തിഷ്ക തരംഗങ്ങളെ ഒരു ധ്യാനാത്മകാവസ്ഥയിലേക്ക് നയിക്കുന്നു. ഡോ. രാജാശേഖരൻ നായർ വിശദീകരിക്കുന്നത് പോലെ, കലയിലെ താളം നമ്മുടെ ആന്തരിക ജൈവതാളവുമായി ഒത്തുപോകുമ്പോഴാണ് അത് അനുഭൂതിയായി മാറുന്നത്.
അമിത് ദത്ത ഒരു പൂവിന്റെ ചലനത്തിലൂടെ ദൃശ്യവൽക്കരിക്കുന്നത് പ്രകൃതിയുടെ ഭംഗിയാണ്. ഡോ. രാജാശേഖരൻ നായർ ആ ഭംഗി നമ്മുടെ തലച്ചോറിനുള്ളിൽ എങ്ങനെയാണ് ഒരു രാസപ്രവർത്തനമായി മാറുന്നത് എന്ന് വിശദീകരിക്കുന്നു. സിനിമയിലെ 'താളം' തലച്ചോറിലെ 'താളവുമായി' സന്ധിക്കുന്ന ഇടത്താണ് യഥാർത്ഥ അനുഭൂതി ജനിക്കുന്നത്.
സിനസ്തേഷ്യ (Synesthesia) എന്നാൽ ഒരു ഇന്ദ്രിയം ഉത്തേജിപ്പിക്കപ്പെടുമ്പോൾ അതോടൊപ്പം മറ്റൊരു ഇന്ദ്രിയം കൂടി തനിയെ പ്രവർത്തിക്കുന്ന അവസ്ഥയാണ്. ഇതിന്‍ പ്രകാരം അക്ഷരങ്ങൾക്ക് നിറം കാണും, നാം ശബ്ദങ്ങൾ കാണും, ശബ്ദങ്ങള്‍ക്ക് രുചി തോന്നും, സംഗീതം കാണും. ഡോ. രാജാശേഖരൻ നായർ സിനിസ്‌തിഷ്യയെക്കുറിച്ച് പറയുമ്പോൾ ‘ശബ്ദം കാണുന്നതിനെ’ കുറിച്ച് പറയുന്നുണ്ട്. ഒരു പൂവ് വിരിയുന്നതിലെ ജ്യാമിതീയമായ ക്രമത്തെ സംഗീതത്തിലെ സ്വരസ്ഥാനങ്ങളായി ദത്തയുടെ സിനിമ പരിവർത്തിപ്പിക്കുന്നു. കാഴ്ചയിൽ നിന്ന് സംഗീതം ജനിക്കുന്ന ഈ അവസ്ഥ സിനസ്‌തറ്റിക് അനുഭവത്തിന് സമാനമാണ്.
സിനിസ്‌തിഷ്യ കേവലം ഒരു ഭ്രമാവസ്ഥയല്ല, മറിച്ച് അതൊരു യാഥാർത്ഥ്യമാണെന്ന് ഡോ. രാജാശേഖരൻ നായർ ഊന്നിപ്പറയുന്നു. ‘റിഥം ഓഫ് എ ഫ്ലവര്‍’ കാണുന്ന ചില പ്രേക്ഷകര്‍ സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നു. സിനിമയുടെ പശ്ചാത്തല സംഗീതവും ദൃശ്യങ്ങളുടെ വേഗതയും ഒത്തുചേരുമ്പോൾ, പ്രേക്ഷകൻ ദൃശ്യങ്ങളെ കേൾക്കാനും ശബ്ദങ്ങളെ കാണാനും തുടങ്ങുന്ന മോഹനിദ്രയുടെ അവസ്ഥയിലെത്തുന്നു. ഇതാണ് സിനിസ്‌തിഷ്യയുടെ ആസ്വാദനതലം.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
കലയുടെ ആസ്വാദനത്തില്‍ കടന്നുവരുന്ന മറ്റൊരു പ്രധാന വിഷയം റോബർട്ട് സപോൾസ്കിയുടെ (Robert Sapolsky) 'Behave' എന്ന പുസ്തകത്തിൽ വിവരിക്കുന്ന സാംസ്കാരിക സ്വാധീനങ്ങളാണ്. നമ്മുടെ മസ്തിഷ്കം ജനിതക ഘടനയാൽ മാത്രം മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒന്നല്ലെന്നും, മറിച്ച് ഗർഭപാത്രത്തിലെ ഹോർമോണുകൾ മുതൽ സമൂഹത്തിലെ സഞ്ചിത മിത്തുകള്‍ വരെയുള്ള സാഹചര്യങ്ങളാൽ രൂപപ്പെട്ട ഒന്നാണെന്നും സപോൾസ്കി വാദിക്കുന്നു.
സപോൾസ്‌കിയുടെ മറ്റുചില ആശയങ്ങളെ കൂടി സിനിമയുടെ വിശകലനത്തിലേക്ക് കൊണ്ടുവരാം. ഒരു കാര്യത്തിന്റെ പൂർത്തീകരണത്തിന് തൊട്ടുമുമ്പാണ് ഡോപാമൈൻ (Dopamine) അളവ് ഏറ്റവും കൂടുതൽ വർദ്ധിക്കുന്നത്. ആ പൂർത്തീകരണം നൂറു ശതമാനം ഉറപ്പാണെങ്കിൽ, ഡോപാമൈൻ വർദ്ധനവ് മിതമായിരിക്കും. എന്നാൽ അത് നടക്കുമോ ഇല്ലയോ എന്നൊരു അനിശ്ചിതത്വം ഉണ്ടെങ്കിൽ, ഡോപാമൈൻ അളവ് കുത്തനെ ഉയരുന്നു.
ദത്തയുടെ സിനിമയിൽ കുമാർ ഗന്ധർവ്വയുടെ സംഗീതത്തിലെ 'സം-ൽ' എത്താറാകുമ്പോൾ, ദത്തയുടെ അനിമേഷൻ കൂടുതൽ സങ്കീർണ്ണവും അമൂർത്തവുമായി മാറുന്നു. (ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൽ, ഒരു താളചക്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാം മാത്രയെയാണ് 'സം' എന്ന് വിളിക്കുന്നത്. ഇത് താളത്തിന്റെ പാരമ്യമായും രാഗവും താളവും ഒത്തുചേരുന്ന ഒരു ആധാരമായും പ്രവർത്തിക്കുന്നു). നിറങ്ങൾ കൂടുതൽ തെളിയുകയും രൂപങ്ങൾ ചുഴിപോലെ കറങ്ങാൻ തുടങ്ങുകയും ചെയ്യുന്നു. സംഗീതത്തിലെ പൂർത്തീകരണത്തിനൊപ്പം ദൃശ്യങ്ങളിലെ ക്ലൈമാക്സും വൈകിപ്പിക്കുന്നതിലൂടെ, ദത്ത പ്രേക്ഷകനെ ഉയർന്ന തോതിലുള്ള ഡോപാമൈൻ അവസ്ഥയിൽ നിലനിർത്തുന്നു. താളം വരാനിരിക്കുന്നു എന്ന് അറിയുന്ന കേൾവിക്കാരന്റെ സാംസ്‌കാരിക പശ്ചാത്തലത്തെ അദ്ദേഹം ഇവിടെ പ്രയോജനപ്പെടുത്തുന്നു. തലച്ചോറ് ഒരു വലിയ രാസമാറ്റത്തിന് സജ്ജമാകുന്നത് വരെ അദ്ദേഹം ആ ആകാംക്ഷയെ നീട്ടിക്കൊണ്ടുപോകുന്നു.
‘ഒരുപക്ഷേ’ (Maybe) എന്നത് ആവേശം വർദ്ധിപ്പിക്കുന്നു എന്നതാണ് സപോൾസ്‌കിയുടെ ഏറ്റവും പ്രശസ്തമായ നിരീക്ഷണങ്ങളിലൊന്ന്. ഒരു ‘പ്രതിഫലം’ ലഭിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോൾ, ഡോപാമൈൻ അളവ് ആകാശത്തോളമുയരുന്നു. ദത്ത രേഖീയമായ ജീവചരിത്രമല്ല പിന്തുടരുന്നത്. അടുത്ത രംഗത്തിൽ ഗന്ധർവ്വയുടെ യഥാർത്ഥ ചിത്രമാണോ അതോ അദ്ദേഹം ഒരു പക്ഷിയായോ പൂവിതളായോ മാറുന്ന രൂപകമാണോ വരുന്നത് എന്ന് നമുക്ക് പ്രവചിക്കാനാവില്ല.
റോബർട്ട് സപോൾസ്കി | PHOTO : WIKI COMMONS
കാഴ്ചപ്പാടിലെ ഈ നിരന്തരമായ അനിശ്ചിതത്വം പ്രേക്ഷകന്റെ തലച്ചോറിനെ സജീവമായി തിരച്ചിൽ നടത്തുന്ന അവസ്ഥയിൽ നിലനിർത്തുന്നു. നമ്മുടെ ഉള്ളിലെ ശീലങ്ങൾ ഒരു കഥ കണ്ടെത്താൻ ആഗ്രഹിക്കുന്നു, പക്ഷേ ദത്ത നമുക്ക് നൽകുന്നത് ഒരു ‘താളം’ ആണ്. ഈ സംഘർഷം സവിശേഷമായ ഒരു ന്യൂറോബയോളജിക്കൽ അനുഭവം സൃഷ്ടിക്കുന്നു: ആദ്യം നിങ്ങൾക്ക് നിരാശ അനുഭവപ്പെടുന്നു (കുറഞ്ഞ ഡോപാമൈൻ), തുടർന്ന് പെട്ടെന്ന് അതിമനോഹരമായ ഒരു ദൃശ്യരൂപകത്തിലൂടെ നിങ്ങൾക്ക് വലിയൊരു ആനന്ദം (ഡോപാമൈൻ സ്പൈക്) ലഭിക്കുന്നു.
സപോൾസ്കിയുടെ അഭിപ്രായത്തിൽ, സംസ്കാരം എന്നത് വെറുമൊരു ബാഹ്യമായ കാര്യമല്ല. നാം വളർന്നുവരുന്ന സംസ്കാരം നമ്മുടെ തലച്ചോറിന്റെ ഘടനയെയും പ്രവർത്തനത്തെയും സ്വാധീനിക്കുന്നു. ഇത് നമ്മുടെ ഉപബോധമനസ്സിൽ പതിഞ്ഞുകിടക്കുന്ന മുൻവിധികളും കാഴ്ചപ്പാടുകളുമാണ്. ഒരു ചിത്രം കാണുമ്പോഴോ പാട്ട് കേൾക്കുമ്പോഴോ നമ്മുടെ തലച്ചോറ് ആ കലയെ വിശകലനം ചെയ്യുന്നത് ഈ ശേഖരം ഉപയോഗിച്ചാണ്.
ഇന്ത്യന്‍ തത്വചിന്തയിലെ ആര്‍ജിത സംസ്കാരം എന്ന സങ്കല്പം ഇവിടെ പരാമര്‍ശിക്കാവുന്നതാണ്. കലാസ്വാദനം എന്നത് വെറുമൊരു കാഴ്ചയോ കേൾവിയോ മാത്രമല്ല; അത് ആസ്വാദകന്റെ മനസ്സും കലയും തമ്മിലുള്ള സംവാദമാണ്. ഈ സംവാദത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് ഒരാൾ ജീവിതത്തിലൂടെ നേടിയെടുക്കുന്ന ആർജിത സംസ്കാരമാണ്.
എന്താണ് 'മനോഹരം' എന്ന് തീരുമാനിക്കുന്നത് പലപ്പോഴും നമ്മുടെ സംസ്കാരമാണ്. ഒരാൾക്ക് മികച്ചതെന്ന് തോന്നുന്ന കലാരൂപം മറ്റൊരാൾക്ക് വിരസമായി തോന്നാം. ഇവിടെ ആസ്വാദകന്റെ മുൻഗണനകളെ നിശ്ചയിക്കുന്നത് അദ്ദേഹം ആർജിച്ചെടുത്ത അഭിരുചികളാണ്. ഒരു ചിത്രത്തിലോ കവിതയിലോ ഒളിഞ്ഞിരിക്കുന്ന സൂചനകൾ മനസ്സിലാക്കാൻ ആർജിത സംസ്കാരം സഹായിക്കുന്നു. ചരിത്രത്തെക്കുറിച്ചോ പുരാണങ്ങളെക്കുറിച്ചോ അറിവുള്ള ഒരാൾക്ക് ഒരു ശില്പം കാണുമ്പോൾ ലഭിക്കുന്ന അനുഭൂതി, ആ അറിവില്ലാത്ത ഒരാൾക്ക് ലഭിക്കണമെന്നില്ല.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
കല എന്നത് സാമൂഹിക മാറ്റത്തിനുള്ള ഉപകരണം കൂടിയാണ്. പുരോഗമനപരമായ ചിന്താഗതികൾ ആർജിച്ചെടുത്ത ഒരു ആസ്വാദകൻ കലയിലെ വിപ്ലവകരമായ സംഗതികളെ വേഗത്തിൽ തിരിച്ചറിയാനും ഉൾക്കൊള്ളാനും സാധിക്കും.
അതേസമയം, ആർജിത സംസ്കാരം എന്നത് നിശ്ചലമായ ഒന്നല്ല. പുതിയ പുസ്തകങ്ങൾ വായിക്കുമ്പോഴും പുതിയ തരം സിനിമകൾ കാണുമ്പോഴും നമ്മുടെ ആസ്വാദന നിലവാരം മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റമാണ് പുതിയ പരീക്ഷണാത്മക കലകളെ സ്വീകരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്.
സിനിമയിലെ ഒരു ദൃശ്യം നാം കാണുന്ന ആ ദൃശ്യം മാത്രമല്ല. എല്ലാത്തിനും ഒരു ഹേതു ഉണ്ട് എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ദൃശ്യം പ്രേക്ഷകനിൽ ഒരടയാളം അല്ലെങ്കിൽ ഒരു ധാരണ സൃഷ്ടിക്കുന്നുണ്ട്. അതോടൊപ്പം മുമ്പ് നിലനിന്നതിന്റെയോ സംഭവിച്ചതിന്റെയോ ഓര്‍മ്മയും ഉണ്ടാക്കുന്നു. അതായത്, ഉപബോധത്തില്‍ നിലനില്‍ക്കുന്ന ധാരണാ ശക്തികൊണ്ട് തിരിച്ചറിയാൻ കഴിയുന്നതോ, വൈകാരികമായതോ, ഗോപ്യമായതോ ആയ അനുഭവങ്ങളുടെ മുദ്രകള്‍/അടയാളങ്ങള്‍ ഉചിതമായ സാഹചര്യങ്ങളില്‍ സ്മൃതികളായി പുന:സൃഷ്ടിക്കപ്പെടുന്നു. നാം ഇതിനെ അസാധാരണമായ സാമ്യതയായോ, ആകസ്മികമായി സംഭവിക്കുന്നതോ, അറിയപ്പെടാത്ത കാരണങ്ങളാലുള്ള യാദൃശ്ചികതയായോ കാണുന്നു.
ഒരാൾ വളർന്നുവന്ന സാഹചര്യം, വിദ്യാഭ്യാസം, വായന, യാത്രകൾ എന്നിവയിലൂടെയാണ് ആർജിത സംസ്കാരം രൂപപ്പെടുന്നത്. ഭാരതീയ തത്വചിന്ത ഇതോടൊപ്പം മുജ്ജന്മ വാസനകള്‍ക്കും വലിയ പ്രാധാന്യം കൊടുക്കുന്നു. ഇത് പല ജന്മങ്ങളിലൂടെ കടന്നുവരുന്ന വാസനകളാണ്. മനസ്സില്‍ സുപ്തമായിരിക്കുന്ന വാസനകള്‍ അനുഭവങ്ങളിലൂടെ എപ്പോഴും ജനിക്കുന്നു.
എന്താണ് വാസനകൾ? നമ്മുടെ മുൻപത്തെ അനുഭവങ്ങൾ, കർമ്മങ്ങൾ, ചിന്തകൾ എന്നിവയുടെ ഫലമായി മനസ്സിൽ അവശേഷിക്കുന്ന സൂക്ഷ്മമായ മുദ്രകളെയാണ് വാസനകൾ എന്ന് വിളിക്കുന്നത്. ഒരു ചെടിയിൽ പൂവിന്റെ മണം അദൃശ്യമായിരിക്കുന്നത് പോലെ, ഓരോ മനുഷ്യനിലും ജനിക്കുമ്പോൾ തന്നെ ചില പ്രത്യേക താല്പര്യങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ടാകും. മനോഹരമായ കാഴ്ചകൾ കാണുമ്പോഴോ സംഗീതം കേൾക്കുമ്പോഴോ കാരണമില്ലാതെ മനസ്സ് അസ്വസ്ഥമാവുകയോ സന്തോഷിക്കുകയോ ചെയ്യുന്നത് പൂർവ്വജന്മത്തിലെ ബന്ധങ്ങൾ ഓർമ്മയിൽ (വാസനകളായി) വരുന്നത് കൊണ്ടാണെന്നാണ് പണ്ഡിതര്‍ പറയുന്നത്.
അഭിനവഗുപ്തൻ | PHOTO : WIKI COMMONS
ആസ്വാദനം എന്നത് നമ്മുടെ ഉള്ളിലെ സുപ്തമായിരിക്കുന്ന ഭാവങ്ങളെ (വാസനകളെ) ഉണർത്തുന്ന പ്രക്രിയയാണ് എന്നാണ് അഭിനവഗുപ്തനെപ്പോലുള്ള ദാർശനികർ പറയുന്നത്. ആധുനിക മനഃശാസ്ത്രം ഇതിനെ 'ജനറ്റിക് മെമ്മറി' (Genetic Memory) അല്ലെങ്കിൽ വംശപാരമ്പര്യം എന്നൊക്കെ വിശേഷിപ്പിച്ചേക്കാം. എങ്കിലും, ഒരാൾക്ക് ഒരു പ്രത്യേക രാഗത്തോടോ അല്ലെങ്കിൽ ഒരു കലാരൂപത്തോടോ തോന്നുന്ന ആഴത്തിലുള്ള ആഭിമുഖ്യം വിശദീകരിക്കാൻ 'വാസന' എന്ന സങ്കല്പം ഇന്നും പ്രസക്തമാണ്.
അമിത് ദത്തയുടെ സിനിമ കലയെ കുറിച്ചും ആസ്വാദനത്തെ കുറിച്ചും ഇത്രയും എഴുതാന്‍ പ്രേരിപ്പിച്ചതിൽ അത്ഭുതപ്പെടാനില്ല. കാരണം അദ്ദേഹത്തിനെ കല/സൃഷ്ടികള്‍ ജനിക്കുന്നത് ഇത്തരം വിശാലമായ പശ്ചാത്തലത്തിൽ നിന്നാണ്. വ്യത്യസ്ത കലകളുടെയും, സൗന്ദര്യശാസ്ത്രത്തിന്റെയും, തത്വചിന്തയുടെയും, ചരിത്രത്തിന്റെയും, സംസ്കാരത്തിന്റെയും, ഇതിഹാസങ്ങളുടെയും, റിസര്‍ച്ചിന്റെയും സമ്മേളനമാണ് ദത്തയുടെ സിനിമകൾ. പല മേഖലകളുടെ സമ്മേളനം.


