ആരാണ് കാണി?
ഞാനൊരു കണ്ണാണ്. യന്ത്രക്കണ്ണ്. എനിക്കു മാത്രം കാണാൻ കഴിയുന്ന രീതിയിൽ ലോകത്തെ നിങ്ങൾക്ക് വെളിപ്പെടുത്തുന്ന യന്ത്രമാണ്. ഞാനിപ്പോൾ മനുഷ്യന്റെ അചഞ്ചലതയിൽ നിന്ന് മോചിതയാണ്; മാത്രവുമല്ല ശാശ്വതമായ ചലനത്തിലാണ്. ഞാൻ കാര്യങ്ങളെ സമീപിക്കുകയും, അവയിൽ നിന്നു അകന്നുപോകുകയും അവയിലേക്ക് വഴുതി വീഴുകയും അവയിലാണ്ടുപോകുകയും ചെയ്യുന്നു. ഞാൻ ഒരു സവാരിക്കുതിരയുടെ അടുത്തേക്ക് നീങ്ങുന്നു, ജനക്കൂട്ടത്തിനിടയിലൂടെ വേഗത്തിൽ സഞ്ചരിക്കുന്നു, ഒരു ആക്രമണത്തിൽ സൈനികരെക്കാൾ മുന്നിലെത്തുന്നു, വിമാനങ്ങളോടൊപ്പം പറന്നുയരുന്നു, ശരീരത്തോടൊപ്പം വീഴുകയും അതേസമയം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുന്നു. ഇതാണ് ഞാൻ, ക്രമരാഹിത്യങ്ങളുടെ സൂത്രധാരൻ, ഒന്നിനുപുറകെ ഒന്നായി ചലനങ്ങളെ പകർത്തുകയും, കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. സ്ഥല-കാല പരിമിതികൾക്കതീതമായി പ്രപഞ്ചത്തിലെ ഓരോ ബിന്ദുവിനെയും ഞാൻ ആഗ്രഹിക്കുന്നതുപ്പോലെ ക്രമീകരിക്കുന്നു. ലോകത്തെക്കുറിച്ചുള്ള ഒരു പുതിയ സങ്കൽപ്പമാണ് എന്റെ വഴി. നിങ്ങൾ അറിയാത്ത ലോകത്തെ ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം.
- സിഗ വെർട്ടോവ്, കിനോ-ഐ മാനിഫെസ്റ്റോ (1923)
ആദ്യകാല 'കാണി' ലേഖനം എഴുതി പ്രസിദ്ധീകരിച്ചുവരുന്ന സമയദൈർഘ്യത്തിലാണ് സിനിമയുടെ പ്രതികരണം പങ്കുവെക്കുന്നത്. ഇന്ന് സിനിമാസ്വാദകൻ തൽക്ഷണം സോഷ്യൽ മീഡിയയിൽ തന്റെ അഭിപ്രായം പങ്കുവയ്ക്കുന്നു. തൽസമയം പ്രതികരിക്കുന്നവനാണ് ഇന്നത്തെ കാണി. മൗത്ത് പബ്ലിസിറ്റി വഴിയും സോഷ്യൽ മീഡിയ വഴിയും സിനിമയ്ക്ക് ജയപരാജയങ്ങൾ ഉണ്ടാകാറുണ്ട്. വാക്കുകളായി മാത്രമല്ല ദൃശ്യങ്ങളായിക്കൂടി പ്രതികരണം ഇന്ന് സാധ്യമാണ്. സിനിമയുടെ ഭാഗങ്ങളുപയോഗിച്ചു നിർമ്മിക്കുന്ന സ്പൂഫ്, ട്രോൾ, എന്നിവയിലൂടെ ആക്ഷേപ ഹാസ്യരൂപത്തിൽ സിനിമാ നിരൂപണം നടത്തുന്നു. ക്രിയാത്മകമായി ഇടപെടുന്ന സിനിമയുടെ കാണിയെ അടയാളപ്പെടുത്തുമ്പോൾ, വെർട്ടോവിന്റെ 'കിനോ ഐ' പ്രസക്തമാവുന്നു. വെർട്ടോവിന്റെ 'മാൻ വിത്ത് എ മൂവിക്യാമറ' എന്ന സിനിമയിൽ കാഴ്ച കണ്ട് നടക്കുന്ന കാണിയാകുന്നു ക്യാമറ. ട്രൈപോഡ് മനുഷ്യ ശരീരം പോലെയും ക്യാമറ തലയായും ലെൻസ് കണ്ണായുമുള്ള ബിംബകൽപ്പന ഈ സിനിമയിൽ കാണാം. ക്യാമറ മനുഷ്യനെപ്പോലെ ട്രൈപോഡിന്റെ കാലുകളിൽ നടന്നു കാഴ്ചകൾ പകർത്തുന്നു. ക്യാമറ കാണിയാകുന്ന സങ്കൽപ്പം മുന്നോട്ട് വച്ചത് ''മാൻ വിത്ത് എ മൂവിക്യാമറ'' എന്ന സിനിമയിലൂടെ ആണ്. ഒരു വീക്ഷണ കോണിൽ നിന്നും മാത്രം കാണാൻ കഴിയുന്ന മനുഷ്യനേത്രത്തിന്റെ പരിമിതിയെ മറികടന്ന് വ്യത്യസ്തമായ വീക്ഷണങ്ങളെ ഒരേസമയം ചേർത്തുവെക്കാൻ കഴിയുന്ന ക്യാമറയുടെ കാഴ്ചാവൈഭവത്തെ വെർട്ടോവ് നേരത്തെ തിരിച്ചറിഞ്ഞു. CCTV, AI ക്യാമറ, മൊബൈൽ ക്യാമറ തുടങ്ങി കാഴ്ചകൾ പിടിച്ചെടുക്കുന്ന ക്യാമറകളാൽ നമ്മൾ നിരന്തരം ദൃശ്യവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ക്യാമറയുടെ കണ്ണിൽ നിന്നും രക്ഷപ്പെടുക സാധ്യമല്ലാത്ത ലോകത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്.
സിഗ വെർട്ടോവ് | PHOTO: WIKI COMMONS
സിഗ വെർട്ടോവ് വികസിപ്പിച്ചെടുത്ത ചലച്ചിത്ര സാങ്കേതികതയാണ് കിനോ ഐ. സാങ്കേതികതയിലൂടെ നിർവചിക്കപ്പെട്ട ഡോക്യുമെന്ററിയെകുറിച്ചുള്ള സൈദ്ധാന്തിക സമീപനം. മനുഷ്യനേത്രത്തിന് പ്രാപ്യമല്ലാത്തതിനെ ആവിഷ്‌കരിക്കാനുള്ള മാർഗമാണിത്. നമ്മൾ കണ്ണുകൊണ്ട് കാണുന്ന കാഴ്ചയെ പകർത്തുകയല്ല, പകരം കാണാത്ത കാഴ്ചകളെ ചേർത്തുവച്ചുകൊണ്ട് അർത്ഥങ്ങളുടെ മേച്ചിൽപ്പുറം (സെമാന്റിക് ഫീൽഡ്) നിർമ്മിക്കുന്നു. വെർട്ടോവിനെ സംബന്ധിച്ചിടത്തോളം, കാഴ്ചക്കാരന്റെ വീക്ഷണകോണിലൂടെ രൂപപ്പെടുന്ന അർത്ഥമാണ് സിനിമ.
ഭൗതിക യാഥാർഥ്യത്തിന്റെ ദൃശ്യമാധ്യമമായാണ് സിനിമ ആദ്യം അവതരിപ്പിക്കപ്പെടുന്നത്. ആധുനികതയുടെ സൂചിതമായ തീവണ്ടി പ്ലാറ്റ്‌ഫോമിലേക്ക് വന്നുനിൽക്കുന്ന കാഴ്ചയാണ് സ്‌ക്രീനിൽ നമ്മളൊന്നിച്ചു കണ്ടത്. സിനിമ എന്നത് കാണുന്ന വസ്തുവും ഇടവും സന്ദർഭവും കാണിയും തമ്മിലുള്ള പാരസ്പര്യമാണ്. ഒരു കൂട്ടമായി നാം കാഴ്ച കാണുകയും കാണലിലൂടെ വ്യത്യസ്തരാവുകയും ചെയ്യുന്നു. വ്യത്യസ്തമായ കാഴ്ചാനുഭവങ്ങൾ ഉണ്ടാകുന്നു. ക്യാമറ നിർമ്മിച്ച 'കാഴ്ച' കാണുന്നതിലൂടെ സിനിമ ഉണ്ടാകുന്നു. സീഗ്ഫ്രീഡ് ക്രക്കൊവർ (Redemption of Physical Reality) ഭൗതിക യാഥാർഥ്യത്തിന്റെ വിമോചനമാണ് സിനിമ എന്നു പറഞ്ഞു. കാണുന്നതിൽ നിന്നു കാണാൻ പറ്റാത്തതിലേക്കും, സ്വപ്നത്തിലേക്കും, ഭാവനയിലേക്കും സിനിമ നീങ്ങുന്നു. കാണാവുന്ന ലോകത്തിന്റെ യാഥാർഥ്യം മാത്രമല്ല മനുഷ്യ മനസ്സിന്റെ സംഘർഷങ്ങളും സിനിമ ഉൾകൊള്ളുന്നു. സിനിമയെ ശാസ്ത്രത്തിന്റെ അത്ഭുതമായി കണ്ട കാണി, സിനിമ കാഴ്ചയുടെ മായികതയിൽപ്പെട്ടു പോകാതെ ബദൽ സിനിമ നിർമ്മിക്കുന്ന കാണിയിലേക്കു സഞ്ചരിച്ച ദൂരമാണ് കാണിയുടെ ചരിത്രം.
സിഗ വെർട്ടോവ് | PHOTO : WIKI COMMONS
സി എസ് വെങ്കിടേശ്വരൻ കാഴ്ചയെയും ദൃശ്യത്തെയുംകുറിച്ച് ഇങ്ങനെ നിരീക്ഷിക്കുന്നു ''കാഴ്ച ജൈവികമായ ഒരു അനുഭവമാണ്. അനുഭവം അവശേഷിപ്പിക്കുന്ന ഒരു നിഴൽ ആണ് ദൃശം. കാഴ്ച എന്നത് പിൻനോട്ടമില്ലാത്ത, നിരന്തരമായ ഒഴുക്കാണ് എങ്കിൽ, ദൃശ്യത്തിൽ സമയം/കാലം അഥവാ അനുഭവം എന്നിവ മരവിച്ചു കിടക്കുന്നു, നൈരന്തര്യം നഷ്ടപ്പെട്ട, ജൈവ/സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് അടർത്തപ്പെട്ട കാഴ്ചയാകുന്നു ദൃശ്യം. ചില പ്രത്യേക നോട്ടങ്ങൾക്ക് വിധേയമാകാൻ ഉതകുംവിധം ദൃശ്യം ഒരുക്കപ്പെട്ടിരിക്കുന്നു. കാഴ്ച മനുഷ്യവ്യവസ്ഥയ്ക്കകത്ത് പ്രവർത്തിക്കുമ്പോൾ ദൃശ്യം പ്രവർത്തനക്ഷമമാകുന്നത് ഒരു അധികാരവ്യവസ്ഥയ്ക്കകത്താണ്. ആ അവസ്ഥയിൽ ദൃശ്യം മനുഷ്യനിൽനിന്നു വേറിട്ട്, മനുഷ്യനെ തിരിച്ച് നിയന്ത്രിക്കുന്ന/നോക്കുന്ന ശക്തിയായി മാറുന്നു. 'ദൃശ്യം' എന്ന സിനിമയുടെ കേന്ദ്രത്തിലുള്ള സംഘർഷവും ഇതാണ്''.
ആന്ദ്രെ ബാസിൻ പറയുന്നതനുസരിച്ച്, 'നമ്മുടെ ആഗ്രഹങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു ലോകത്തെ നമ്മുടെ കാഴ്ചയ്ക്ക് മുമ്പിൽ നിർമ്മിക്കുകയാണ് സിനിമ ചെയ്യുന്നത്.' ആഖ്യാനവും കാഴ്ചക്കാരനും തമ്മിലുള്ള മുഖാമുഖം എപ്പോഴും മത്സരങ്ങൾ, സംഘർഷങ്ങൾ, ചർച്ചകൾ, പുനർരൂപീകരണങ്ങൾ എന്നിവയുടെ ഒരു ഭൂപ്രദേശമാണ്. ജൈവികമായ കാഴ്ചയെയും കാഴ്ചയെ ദൃശ്യമാക്കുന്ന സിനിമയുടെ സാങ്കേതികതയെയുംകുറിച്ച് സിനിമ അതിന്റെ തുടക്കം മുതലേ സംസാരിച്ചിട്ടുണ്ടായിരുന്നു. സിദ്ധാന്തങ്ങൾക്ക് ആധാരവും അതുതന്നെ. കാഴ്ച കാണിയിലൂടെ നിർമ്മിതമാകുന്നതാണ്. കാണിയെ കുറിച്ച് നിലനിന്നിരുന്ന ആദ്യകാല സിദ്ധാന്തങ്ങളിൽ കാണിയെന്നത് കാഴ്ച കാണുന്ന നിഷ്‌ക്രിയമായ കർതൃത്വമാണ്. കാഴ്ചയെ നിർമ്മിക്കാൻ ആർക്കും സാധിക്കുന്ന നിലയിൽ, സാങ്കേതികത ലളിതമായപ്പോൾ കാണി എന്നത് നിരന്തരം കാഴ്ചയുടെ നിർമ്മാണ പ്രക്രിയയിൽ ഏർപ്പെടുന്ന സജീവമായ ഒരു പങ്കാളിത്തമായി. ക്രിയാത്മകമായ കാണിയും കൂടിച്ചേരുന്നതാണ് പുതിയ സിനിമാ സിദ്ധാന്തങ്ങൾ. കാണി ഇന്ന് ദൃശ്യങ്ങളിൽ ഇടപെടുക മാത്രമല്ല പുനർനിർമ്മിക്കുകയും ചെയ്യുന്നു. ഓരോ ആളുകളുടെയും വീക്ഷണ കോണുകൾ ദൃശ്യ ഖണ്ഡങ്ങളായി അവതരിപ്പിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ആരാണ് കാണി എന്നും എന്താണ് അവർ കാണുന്നതെന്നും ആ കാഴ്ചയുടെ രാഷ്ട്രീയമെന്തെന്നും ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. ഈ ലേഖനം ആരാണ് സ്വതന്ത്രനായ കാണി എന്ന് ചരിത്രപരമായി പരിശോധിക്കുക മാത്രമാണ് ചെയ്യുന്നത്.
Qu'est-ce que le യുടെ പുറംചട്ടയിൽ ആന്ദ്രേ ബാസിൻ | PHOTO: WIKI COMMONS
സാങ്കേതിക വിദ്യയുടെ കാലത്തുള്ള ദൃശ്യമാധ്യമങ്ങളുടെ ആസ്വാദകരും ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്നവരാണ് കാണി എന്ന വിശേഷണത്തിനു കൂടുതൽ യോജിച്ചവർ. എന്നാൽ ആധുനിക കാണികൾ വെറുതെ കാഴ്ച കണ്ടുനടക്കുന്നവർ അല്ല, കാഴ്ചയെ വിശകലനം ചെയ്യുകയും വിശദീകരിക്കുകയും ചെയ്യുന്നവരാണ്. അവർ കാഴ്ച്ചയിൽ പങ്കുകൊള്ളുകയും കാഴ്ചയുടെ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. കാണിയുണ്ടെങ്കിലേ കാഴ്ചയുള്ളൂ. കാഴ്ച ഉണ്ടാകുന്നത് അത് കാണുന്ന കാഴ്ചക്കാരനിൽ നിന്നാണ്. കാഴ്ച കണ്ടു നടക്കുന്ന, ആസ്വദിക്കുന്ന കാഴ്ച്ചക്കാരാണ് ആദ്യകാല പ്രേക്ഷകർ/കാണി.
കാണി എന്ന വാക്കിനു പ്രേക്ഷകർ, കാണുന്നവർ, കാഴ്ചക്കാർ, കാണിക്ക, കാഴ്ച എന്നൊക്കെയാണ് അർത്ഥം. കാണുക എന്ന ക്രിയയുടെ വിധായക രൂപത്തിൽ നിന്നുണ്ടായ ഒരു അനുപ്രയോഗം. 'കണി കാണുക' എന്ന പ്രയോഗത്തിൽ നിന്നാവാം കാണി ഉണ്ടായത്. 'കണി കാണുക' കേരളത്തിലെ കാർഷിക സംസ്‌കാരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങാണ്. മേടമാസം ഒന്നാം തീയതി പുലർച്ചെയുള്ള ആദ്യ കാഴ്ചയെ കണികാണൽ എന്നു പറയുന്നു. ഈ കാഴ്ചയായിരിക്കും ആ വർഷത്തെ മുഴുവൻ ഐശ്വര്യങ്ങളെയും സ്വാധീനിക്കുക എന്ന വിശ്വാസം ഉണ്ട്. കാഴ്ചക്കായൊരുക്കിയ കണി കാണുന്ന ആളെ കാണി എന്നു വിളിക്കാം.
തോക്കിൻ കുഴലിന്റെ അറ്റത്തു ഘടിപ്പിച്ചിട്ടുള്ള ചെറിയ അടയാളം/ഉന്നം എന്നും ഒരു അർത്ഥമുണ്ട്. കാണിക്ക, കാഴ്ച, ദാനം എന്നിങ്ങനെയും വിവക്ഷകൾ ഉണ്ട്. തോക്കിന്റെ ആണിയും ലക്ഷ്യവും ഒരേ രേഖയിൽ വരുമ്പോഴാണ് ഉന്നം ശരിയാകുന്നത്. ഈ അർത്ഥങ്ങൾ ഒക്കെ കർമ്മവുമായി (ഒബ്ജക്റ്റ്) ബന്ധപ്പെട്ടു കിടക്കുന്നതാണ്. നേരത്തെ സൂചിപ്പിച്ച 'കണി കാണുക' എന്ന പ്രയോഗത്തിൽ നിന്നാണ് കാണി എന്ന വാക്ക് ഉണ്ടായതെങ്കിൽ, കർമ്മവുമായി വാക്ക് പുലർത്തുന്ന ബന്ധം സ്പഷ്ടമാണ്. കർമ്മസ്ഥാനം പുലർത്തിയിരുന്ന വാക്കിന്റെ കർതൃസ്ഥാനത്തേക്കുള്ള കാലികമായ മാറ്റം വാക്കിന്റെ ഭാവിയിലേക്ക് നീട്ടി വെക്കുന്ന അർത്ഥവിന്യാസത്തിൽ വളരെ പ്രധാനമാണ്. മറ്റൊരു അർഥം കണ്ണ് എന്നതാണ്, ഇത് സബ്‌ജെക്റ്റുമായി കൂടുതൽ ചേർന്നു നിൽക്കുന്നു. അനന്തരം കാണിയിൽ നിന്നും കണി കാണുന്ന കാണിയിലേക്ക് നീളുന്നു അർഥം.
Dziga Vertov’s Man With a Movie Camera | PHOTO: WIKI COMMONS
ഗ്രീക്ക്പുരാണത്തിലെ നാർസിസസ് ജലദർപ്പണത്തിലാണ് തന്റെ പ്രതിബിംബം ആദ്യം കണ്ടത്. ദർപ്പണം കലങ്ങി പ്രതിബിംബം നഷ്ടപ്പെടുമെന്ന് കരുതി വെള്ളം കുടിക്കാതെ തന്നെത്തന്നെ നോക്കിയിരുന്ന് മരിച്ചുപോയ ആദ്യ കാണിയാവണം നാർസിസസ്. കണ്ണാടി ഒരു ഭൗതിക ശാസ്ത്ര പ്രതിഭാസമാണ്. സിനിമക്കും ഫോട്ടോഗ്രഫിക്കും മുന്നേ യാഥാർത്യത്തെ പ്രതിഫലിപ്പിച്ച ഉപകരണം. എന്നാൽ യാഥാർഥ്യവുമായി അകലം പാലിച്ച, യാഥാർഥ്യം എന്ന് തോന്നിപ്പിക്കുന്ന ഒന്ന്. കാഴ്ച വലുതാക്കിയും ചെറുതാക്കിയും വക്രിച്ചുമെല്ലാമാണ് കണ്ണാടിയിൽ തെളിയുന്നത്. എന്നാൽ ഇത് യാഥാർഥ്യം എന്ന പ്രതീതി ഉളവാക്കലാണ്. കണ്ണാടിപോലെയാണ് കല എന്ന് പൊതുവെ പറയാറുണ്ട്. സാമൂഹികയാഥാർഥ്യങ്ങളുടെ സ്പുരണമാണ് കല എന്നാണ് കണക്കാക്കുന്നത്. കലാസ്വാദകനാണ് ആദ്യത്തെ കാണി.
കഥാർസിസിലൂടെ ആണ് കാണി കാഴ്ചയുമായി അഭേദ്യമായ ബന്ധത്തിൽ ഏർപ്പെടുന്നത്. അരിസ്റ്റോട്ടിൽ ആണ് കലയുടെ ചരിത്രത്തിൽ കഥാർസിസിനെ നിർവചിക്കുന്നത്. കാഴ്ചക്കാർ ട്രാജഡി കാണുമ്പോൾ അവരുടെ ഉള്ളിൽ വികാരവിരേചനം നടക്കുന്നു. മനുഷ്യാവസ്ഥയുടെ ദുരന്തചിത്രീകരണത്തിലൂടെ കാണിയിൽ ഭയകരുണങ്ങളുണർത്തി പ്രേക്ഷക മനസിനെ ശുദ്ധീകരിക്കുന്നതാണ് കഥാർസിസ്. എന്നാൽ കാണിയുടെ മനസിന്റെ വികാരവിമലീകരണം മാത്രമല്ല, കാഴ്ചയും കാണിയും തമ്മിലുള്ള ബന്ധം രൂപീകൃതമാകുന്നത് പ്രേക്ഷകരിൽ ഉണ്ടാകുന്ന എമ്പതി(തൻമയീഭാവം)യിലൂടെയാണ്.
ഗ്രന്ഥത്തിനും ഗ്രന്ഥകാരനും തമ്മിൽ അതീന്ദ്രിയ ബന്ധങ്ങൾ ഒന്നും ഇല്ല എന്നു പറയുന്ന ഘടനാവാദാനന്തര പ്രധാന ആശയമായ എഴുത്തുകാരന്റെ മരണവും, സഹൃദയനെ എഴുത്തുകാരന് തുല്യനാക്കുന്ന റീഡർ റെസ്‌പോൺസ് തിയറിയും പറയുന്ന പോലെ എഴുത്തുകാരനിൽനിന്ന് പ്രേക്ഷകനിലേക്ക് /കാണിയിലേക്കു പരന്നൊഴുകുകയും പുതിയ അർത്ഥതലങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യുന്നു കല. ലകാന്റെ കണ്ണാടിഘട്ടം കാണിയും കാഴ്ചയും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യുന്നുണ്ട്. കണ്ണാടിഘട്ടത്തിൽ ശിശു കാണിയായി തന്മയത്വം പ്രാപിക്കുന്നുണ്ട്. ശിശുപ്രായത്തിൽ ഒരു കുട്ടി തന്റെ പ്രതിബിംബം കാണുമ്പോളാണ് കാഴ്ചയുടെ ലോകവുമായി ഏറ്റുമുട്ടുന്നത്. സിനിമ/കാഴ്ച സിദ്ധാന്തങ്ങളെ വളരെയധികം സ്വാധീനിച്ച ഒന്നാണ് ലകാന്റെ കണ്ണാടിഘട്ടം.
കാഴ്ചയുടെ ആരാധകനാണ് കാണി, ഉത്സവപ്പറമ്പുകളിൽ കാഴ്ച കണ്ട് അലഞ്ഞു നടന്നിരുന്ന കാണിയെ ഇരുട്ട് നിറഞ്ഞ മുറിയിലേക്ക് പിടിച്ചുകെട്ടിയ കലയാണ് സിനിമ. ദൃശ്യകലകളുടെ ആസ്വാദകനാണ് കാണി, നാടകം പോലുള്ള രംഗകലകളിലെല്ലാം കാണിയുണ്ട്. കാണിയെ മുൻകൂട്ടി വിഭാവനം ചെയ്താണ് കലാകാരി തന്റെ കലയെ ചിട്ടപെടുത്തുന്നത്.
സാങ്കേതിക വിദ്യയിൽ കാണിക്കുമുമ്പുള്ള കലാസ്വാദകർ ശ്രോതാവ്/ കേൾവിക്കാർ ആയിരുന്നു. ഒരു കൂട്ടം ആളുകൾ ആശയവിനിമയ പ്രവൃത്തിയുടെ ഉപഭോക്താക്കളാവുമ്പോഴാണ് ശ്രോതാക്കൾ ഉണ്ടാവുന്നത്. റേഡിയോ എന്ന വാർത്താവിനിമയോപാധിയിലൂടെയാണ് ശ്രോതാക്കാൾ ആൾക്കൂട്ട സംസ്‌കാരത്തിന്റെ (മാസ് കർച്ചർ) ഭാഗമാവുന്നത്. ആസ്വാദന ലോകത്ത് ആരാണ് കേൾവിക്കാരൻ എന്ന അവബോധം സമകാലികവ്യാവഹാരങ്ങളിൽ ഉണ്ടായത് റേഡിയോ സംപ്രേക്ഷണത്തിലൂടെയാണ്. അച്ചടിയാണ് ഒരു കൂട്ടം വായനക്കാരെ നിർമ്മിച്ചത്. പത്രമാധ്യമങ്ങളാണ് വായനക്കാരനെ ഒരു വർഗമായി കണ്ടതും, കൂട്ടമായി പങ്കിടുക എന്ന ആശയം ഉൽപാദിപ്പിച്ചതും. വായനക്കാർ, ശ്രോതാക്കൾ, കാഴ്ചക്കാർ, എന്നിവയെല്ലാം മാധ്യമങ്ങളെ അടിസ്ഥാനമാക്കിയുള്ള സമാനമായ അർത്ഥവിന്യാസങ്ങളാണ്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ടുള്ള ദൃശ്യ കലാരൂപങ്ങളുടെ അസ്വാദകരെ കാണി എന്ന് വിളിക്കാം. Spectator എന്ന ഇംഗ്ലീഷ് പദത്തിന് സമാനമായി കാണി എന്ന വാക്ക് ഉപയോഗിച്ചു വരുന്നുണ്ട്. പൊതു പരിപാടിയുടെ കാഴ്ചക്കാരെ ആണ് spectator എന്നു വിളിക്കുന്നത്. കാണികൾക്ക് മുന്നിലാണ് കാഴ്ച (spectacle) ദ്യശ്യമാകുന്നത് അനാവൃതമാകുന്നത്. പ്രദർശന സ്ഥലത്തെകൂടി ആർട്ട് വർക്കായി കണക്കാക്കുന്നത് അധുനിക കലയുടെ പ്രത്യേകതകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഇത്തരം കാഴ്ചാ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ് കാണി. ഉദാഹരണത്തിന് ബിനാലെ പോലുള്ള കലാവിഷ്‌കാരങ്ങളുടെ പരമ്പരാഗത രീതികളെ ചോദ്യം ചെയ്യുന്ന സമകാലിക കലാ പ്രകടനങ്ങളുടെ വക്താവും, നിർമ്മാതാവുമാണ് കാണി.
REPRESENTATIONAL IMAGE: WIKI COMMONS
നവമാധ്യമങ്ങളുടെ വളർച്ച അതുവരെ നിലനിന്നിരുന്ന ആശയവിനിമയ രീതിയെ മാറ്റി മറിച്ചു. നവ സാങ്കേതിക വിദ്യയുടെ പരിസരത്തിൽ കാഴ്ചക്കാരനെ കുറിച്ചുള്ള അന്വേഷണം പ്രധാനമായും നവമാധ്യമങ്ങളുടെ മണ്ഡലത്തിൽ വെച്ചാണ് നടക്കുന്നത്. കണ്ണിൽനിന്നും അടർത്തിമാറ്റിയ കാഴ്ചയാണ് സിനിമ, സിനിമയ്ക്കു മുൻപ് ഫോട്ടോഗ്രാഫിയായിരിക്കും. കാണുക എന്ന പ്രവർത്തിയെ കണ്ണിൽ നിന്നും അടർത്തിമാറ്റിയതു ക്യാമറ എന്ന ഉപകരണമാണ്. കണ്ണിലൂടെ ചെയ്തിരുന്ന പ്രവൃത്തിയെ കണ്ണിൽ നിന്ന് വേർപെടുത്തി ഫ്രെയിമിൽ ഒതുക്കിയത് സിനിമയാണ്. ഫ്രെയിം ചെയ്ത കാഴ്ച കാണുന്നവനാണ് ആധുനിക കാണി. ഫ്രെയിമിനകത്തു ഒതുക്കിയ കാഴ്ചയുടെ അവതരണ വേളയിലാണ് കാണി ജന്മം കൊള്ളുന്നത്.
ആദ്യകാലത്ത് അരങ്ങിൽ നടക്കുന്നതിന്റെ നേർകാഴ്ച കണ്ടുശീലിച്ച കാണിക്കു സിനിമ ഒരു പുതിയ അനുഭവംതന്നെ ആയിരുന്നു. കാഴ്ച കണ്ടു നടന്നിരുന്ന കാണിയുടെ ചലനങ്ങളെ അരങ്ങ്/സ്‌ക്രീൻ നിശ്ചലമാക്കി. തീയറ്ററിൽ കാണിയുടെ ചലനസ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. ഇരുട്ടിന്റെ സ്വാതന്ത്ര്യത്തിൽ കാഴ്ചയെ വിശകലനം ചെയ്യുകയും, ഇത് കാഴ്ച്ചയുടെ കലയാണെന്ന യാഥാർഥ്യം തിരിച്ചറിയേതന്നെ യാഥാർഥ്യമാണെന്ന് വിശ്വസിക്കുകയും, അതിന്റെ മായികതയിൽപെട്ടുപ്പോകുകയും ചെയ്യുന്നു കാണി. വായനയുടെയും കാഴ്ചയുടെയും കേൾവിയുടെയും എല്ലാ കലകളുടേയും സമ്മേളനമായ സിനിമ അലസമായി ആസ്വദിക്കുന്നവനും നിർമ്മിക്കുന്നവനും കൂടിയാണ് സിനിമയുടെ കാണി.
പ്രതീതി യാഥാർത്ഥ്യത്തിന്റെ നിർമ്മാണമാണ് സത്യാനന്തരകാലത്തെ കല. യാഥാർത്ഥ്യത്തെക്കാൾ യാഥാർത്ഥ്യം എന്നു തോന്നലുണ്ടാക്കുന്ന ഒന്നാണിത്. ദൃശ്യഭാഷയാണ് യാഥാർത്ഥ്യം എന്ന യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ധാരണ ഉറപ്പിക്കപ്പെട്ടിരിക്കുന്നു. അവടെ പ്രതീതി തന്നെ യാഥാർത്ഥ്യമാണ്. ഈ ദ്യശ്യലോകത്തിൽ സാരമായ ഇടപെടലുകൾ നടത്തുന്നവൻകൂടിയാണ് ആധുനിക കാണി. കാഴ്ചക്കാരൻ എന്നതിൽ നിന്ന് കാഴ്ചയുടെ കർതൃസ്ഥാനീയനാവുന്നു കാണി. റീൽസായി വരുന്ന ദൃശ്യങ്ങൾ ഇതിന് ഉദാ:ഹരണമാണ്. സിനിമയിലെ പല രംഗങ്ങളും എടുത്ത് കാണി തന്റെ വേർഷൻ അവതരിപ്പിക്കുന്നു. സിനിമയിൽ ആണ്ടിരിക്കുമ്പോൾ കാണി സ്വയം അതിലെ നായികാ-നായകന്റെ പരിസരത്തേക്ക് പ്രതിഷ്ഠിക്കപ്പെടുകയും അവരുടെ ജീവിതം തന്റേതായി ജീവിക്കുകയും ചെയ്യുന്നു. അതിലെ കേന്ദ്ര കഥാപാത്രങ്ങളെ അനുകരിക്കാൻ തുടങ്ങുന്നതും അത്തരം ഡ്രസ്സുകൾ ഇടുന്നതും എല്ലാം താദാത്മ്യത്തിൽ നിന്നും ഉരുത്തിരിയുന്നതാണ്. എന്നാൽ ഇന്ന് ഇങ്ങനെ താദാത്മ്യപ്പെടുക മാത്രമല്ല തനിക്ക് ഇഷ്ടപ്പെട്ട സിനിമകളിലെ കഥാപാത്രമായി സ്വയം അഭിനയിച്ച റീലുകൾ നിർമ്മിച്ച്‌സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും അതുവഴി വരുമാനം നേടുകയും ചെയ്യുന്നവനാണ് പുതിയ കാണി. ചില രംഗങ്ങൾ ഇവർ അഭിനയിച്ചത് കണ്ടാൽ നമ്മൾ കണ്ട സിനിമയെക്കാൾ ഇഷ്ടം തോന്നും. ചില മാറ്റങ്ങൾ വരുത്തി അവർ ക്രിയേറ്റീവ് ആയി അതിനെ അവതരിപ്പിക്കുന്നത് കൊണ്ടാണത്. അതുപോലെതന്നെ പ്രധാനമാണ് സിനിമകളുടെ റീലുകൾ അവതരിപ്പിക്കുന്നത്. ധ്രുവം ,മണിച്ചിത്രത്താഴ് വൈശാലി തുടങ്ങിയ സിനിമകളുടെ സ്പൂഫ് റീലുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ആധുനികകാല ചുറ്റുപാടിലേക്ക് ഈ കഥാപാത്രങ്ങളെ മാറ്റിപ്പാർപ്പിക്കുകയും നമ്മുടെ പരിസരത്ത് ഈ കഥാപാത്രങ്ങൾ വന്നാൽ എങ്ങനെ എന്ന് ചിത്രീകരിക്കുകയും ചെയ്യുന്നു.
പുതിയ കാലത്തെ കാണിയെ virtual കാണിയായി കൂടി പരിഗണിക്കേണ്ടതുണ്ട്. ന്യൂ ജനറേഷൻ സിനിമകളുടെ സ്വഭാവമുള്ള കാണിയാണവർ. ഈ കാണി സോഷ്യൽ മീഡിയകളിലൂടെ സജീവമായി ഇടപെടുന്നവരാണ്. സിനിമക്കപ്പുറം, virtual ഗെയിം, സ്മൂൾ, വാട്‌സാപ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള മാധ്യമങ്ങളിൽ വ്യവഹരിക്കുന്നവരാണ്. ഇന്ന് സിനിമകളുടെ തുടക്കത്തിൽത്തന്നെ ''തങ്ങളുടെ ഫേസ്ബുക്ക്, ട്വിറ്റർ കാണികളെ ചേർത്തുപിടിച്ചുകൊണ്ട്'' എന്ന് എഴുതിക്കാണിക്കാറുണ്ട്. ഇവർ തന്നെയാണ് ഇന്ന് സിനിമയുടെ പ്രചാരത്തിനു സഹായിക്കുന്നതും. FDFS (First day first Show) എന്നൊരു hashtag തന്നെയുണ്ട് സമൂഹമാധ്യമങ്ങളിൽ. ഓരോകാണിയും തങ്ങളുടെ വാളിൽ കുറിക്കുന്ന കമെന്റുകൾ സിനിമയുടെ പ്രചാരത്തെ സാരമായി ബാധിക്കാറുണ്ട്. ഒരായിരം പേരിലേക്കെത്തുന്ന നിരൂപകനാവുകയും, ഇതിലൂടെ സിനിമയുടെ നിർമ്മാണത്തിൽ തന്നെപങ്കാളിയാവുകയും ചെയ്യുന്നവനാണ് ആധുനികനായ കാണി. സിനിമയുടെ മാത്രമല്ല ദൃശ്യമേഖലയെ നിരന്തരം പുനർനവീകരിച്ചു കൊണ്ടിരിക്കുന്നു ആധുനിക കാണി.
REFERENCE:
*സി എസ് വെങ്കിടേശ്വരൻ, മലയാളിയുടെ നവമാധ്യമ ജീവിതം. ഡിസി ബുക്‌സ്, കോട്ടയം, 2018.
*ടി വി മധു, സിനിമ ജീവിതം തന്നെ സെക്കൻഡിൽ 24 തവണ! ദേശാഭിമാനി വാരിക, 8 ജൂൺ 2023.
*ശ്രീദേവി പി അരവിന്ദ്, 'കാണി' from സൂത്രവാക്കുകൾ: കലാസൗന്ദര്യശാസ്ത്രത്തിലേക്ക് ഒരു പദഘോഷം, ed.ആദർശ് സി, രാജേഷ് എം ആർ, ഗയ പുത്തകച്ചാല. തൃശ്ശൂർ, 2020.
*Lacan,Jacques.'The Mirror Stage', pp 343-344 in Social Theory: The Multicultural reading (2010) Edited by C. Lemert. Philadelphia: Westview Press.1949
*Bennett, Tony, Lawrence Grossberg et.al. New Key Words: A Revised Vocabulary of Culture and Society, Blackwell: Oxford. 2005