പലായനകാലത്തെ ലോകസിനിമ
മെച്ചപ്പെട്ട ജോലിക്കും, ജീവിതത്തിനുമായി കൃത്യമായ വിസ ലഭിക്കാതെ 'Donkey route' പോലുള്ള നിയമവിരുദ്ധമാര്‍ഗ്ഗങ്ങളിലൂടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവരുടെ കഥയാണ് രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത് താപ്സി പന്നു, ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച Dunki പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ വലിയ തോതില്‍ യുവതലമുറയെ നഷ്ടപ്പെട്ട ബ്രിട്ടണ്‍ ഇന്ത്യയില്‍ നിന്നും മറ്റും കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇതുമൂലം പഞ്ചാബില്‍ നിന്നുള്‍പ്പെടെ നിരവധിപേര്‍ ബ്രിട്ടണിലേക്ക് കുടിയേറുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. എന്നാല്‍ കാലക്രമത്തില്‍ ബ്രിട്ടണ്‍ ഇത് അവസാനിപ്പിച്ചു. എന്നാല്‍ അവിടേക്കു കുടിയേറാനുള്ള താത്പര്യം യുവതലമുറയ്ക്കിടയില്‍ ശക്തമായിത്തുടര്‍ന്നു. സമ്പന്നര്‍ക്ക് പെട്ടെന്ന് ലഭ്യമാകുമായിരുന്ന വിസ സാധാരണക്കാര്‍ക്ക് ലഭിക്കുക അത്ര എളുപ്പമല്ലായിരുന്നു. ഇതാണ് ജീവന്‍ പണയംവെച്ചും നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ അവിടേക്കു പോകാന്‍ യുവതലമുറയെ പ്രേരിപ്പിച്ചത്. ഇങ്ങനെ പോയ പലര്‍ക്കും വഴിയില്‍ ജീവന്‍ നഷ്ടമായി. അവിടെ എത്തിയ പലര്‍ക്കും ഒരിക്കലും നാട്ടിലേക്ക് തിരിച്ചു വരാനും കഴിഞ്ഞില്ല. ഈ കാലിക പ്രസക്തിയുള്ള കഥയാണ് ഡങ്കി പറയുന്നത്.
എന്നാല്‍ വിഷയം അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കാന്‍ രാജ് കുമാര്‍ ഹിരാനിക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. തന്റെ മുന്‍ചിത്രങ്ങളെ പോലെ തമാശയില്‍ പൊതിഞ്ഞ അവതരണമാണ് ഇവിടേയും ഹിരാനി ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ താമശകള്‍ പലതും ഫലിക്കുന്നില്ല എന്ന് മാത്രമല്ല, വിഷയത്തിന്റെ ഗൗരവത്തെ ഇത് പലപ്പോഴും ചോര്‍ത്തിക്കളയുകയും ചെയ്യുന്നു. എങ്കിലും മുഖ്യധാരാ കച്ചവട സിനിമയില്‍ ഇത്തരം ഒരു ശ്രമം നടത്തിയതിന് ഹിരാനിയും, നിര്‍മ്മാതാവു കൂടിയായ ഷാരൂഖ് ഖാനും അഭിനന്ദനം അര്‍ഹിക്കുന്നു.
തൊഴിലാളിവര്‍ഗ്ഗം നേരിടുന്ന പ്രശ്‌നങ്ങള്‍ ആസ്പദമാക്കി സിനിമകള്‍ എടുക്കുന്ന പ്രശസ്ത ബ്രിട്ടീഷ് സംവിധായകന്‍ കെന്‍ ലോച്ചിന്റെ പുതിയ സിനിമയായ 'ദി ഓള്‍ഡ് ഓക്ക്' ഉള്‍പ്പെടെ നിരവധി സിനിമകള്‍ കുടിയേറ്റക്കാര്‍ നേരിടുന്ന പ്രതിസന്ധികളെ ആസ്പദമാക്കി ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നു. കുടിയേറ്റക്കാരായ തൊഴിലാളികളും തദ്ദേശീയരും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങളേയും തെറ്റിദ്ധാരണകളേയും പരിഹരിക്കാനുള്ള ശ്രമങ്ങളെ ദി ഓള്‍ഡ് ഓക്ക് എന്ന പബ്ബിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച സിനിമയാണിത്. പലായനങ്ങളുടെ ഈ കാലത്ത് ആ വിഷയത്തെ ആധാരമാക്കി എടുത്ത ചില ലോകസിനിമകളെ പരിചയപ്പെടുത്തുന്നു.
DUNKI | PHOTO: WIKI COMMONS
മെഡിറ്ററേനിയന്‍ ഫീവര്‍
ഇസ്രയേലിലെ ഹൈഫയില്‍ ജീവിക്കുന്ന പാലസ്തീന്‍കാരനായ വാലിദ്. ഒരു നോവല്‍ എഴുതാനായി ജോലി ഉപേക്ഷിച്ച് വീട്ടിലെ ജോലികളുമായി ഇരിക്കുന്ന വാലിദ് വിഷാദ രോഗത്തിന് അടിമയാണ്. പാലസ്തീനുമേല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി ടി.വി യില്‍ കണ്ട് ദിവസങ്ങള്‍ മുന്നോട്ട് നീക്കുന്ന വാലിദിന് ഒരുവരി പോലും എഴുതാന്‍ കഴിയുന്നില്ല. വിഷാദ രോഗത്തിന്റെ മൂര്‍ച്ചയില്‍ ധൈര്യം വരാത്തതുകൊണ്ടുമാത്രം ആത്മഹത്യ ചെയ്യാത്ത വാലിദ് ക്രിമിനല്‍ ബന്ധമുള്ള തന്റെ പുതിയ അയല്‍ക്കാരനുമായി സൗഹൃദത്തില്‍ ആവുകയും, തന്നെ വധിക്കാന്‍ ആ അയല്‍ക്കാരന് quotation നല്‍കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കഴിഞ്ഞ വര്‍ഷം IFFI-ല്‍ കണ്ട സിനിമയെപ്പറ്റി എഴുതാനുള്ള കാരണം ഒരു സീന്‍ ആണ്. ഉദ്യോഗസ്ഥര്‍ ഒരു ഫോം ഫില്‍ ചെയ്യാനായി വാലിദിന്റെ അടുത്ത് വരുമ്പോള്‍ അതില്‍ വംശം മുസ്ലീം, ക്രിസ്ത്യന്‍, ജൂതന്‍ മുതലായ കോളങ്ങള്‍ മാത്രം ഉള്ളതിന്റെ പേരില്‍ വാലിദ് അവരുമായി തര്‍ക്കിക്കുകയും താന്‍ പാലസ്തീനിയന്‍ വംശജന്‍ ആണെന്നും, അങ്ങനെ മാത്രമേ താന്‍ ഫോം പൂരിപ്പിക്കൂ എന്നും വാലിദ് വാശി പിടിക്കുകയും ചെയ്യുന്നു. പാലസ്തീന്‍ പ്രശ്‌നം ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം പ്രശ്‌നമല്ല, അതു രാഷ്ട്രീയ പ്രശ്‌നമാണ്. പാലസ്തീനികളുടെ എറ്റവും പ്രധാന സ്വത്വം താന്‍ പാലസ്തീനിയാണ് എന്നുള്ളതാണ്, മതസ്വത്വം അവര്‍ക്ക് രണ്ടാമത് മാത്രമേ വരുന്നുള്ളൂ. കാരണം ഒരു മതത്തിന്റെ സ്വത്വത്തിനുള്ളില്‍ തളച്ചിടാവുന്നതല്ല അവരുടെ പ്രശ്‌നം, വേറെ ഒരു നാട്ടിലെയും സമാനമതക്കാര്‍ അനുഭവിക്കുന്നതിനു സമാനമല്ല അവര്‍ നേരിടുന്ന പ്രതിസന്ധി. അത് ഒരു മതത്തിന്റെ കോളങ്ങളില്‍ മാത്രം ഒതുക്കാവുന്നതല്ല. സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ട് പലായനം ചെയ്യേണ്ടി വരുന്ന, മരണത്തിലേക്ക് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളുമായി ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലെ നൂല്‍പ്പാലത്തില്‍ ജീവിക്കുന്ന പാലസ്തീന്‍ ജനത നേരിടുന്ന പ്രതിസന്ധി തന്നെയാണ് അവരുടെ ഐഡന്റിറ്റി. അതു വേറെ ഏതൊരു ജനത നേരിടുന്ന പ്രതിസന്ധിയേക്കാള്‍ ക്രൂരവുമാണ്. പാലസ്തീന്റെ ഔദ്യോഗിക ഓസ്‌കാര്‍ നോമിനേഷന്‍ ആയിരുന്നു ഈ ചിത്രം.
MEDITERRANEAN FEVER | PHOTO: WIKI COMMONS
എൻഡ്ലെസ് ബോർഡർ
ഇറാനിയന്‍ ഭരണകൂടം ജയിലിലടച്ച അധ്യാപികയുടെ ഭര്‍ത്താവായ, അതേ കേസില്‍ ഇറാന്‍- അഫ്ഗാന്‍ അതിര്‍ത്തിയിലെ ബലോച് ഗ്രാമത്തിലേക്ക് നാടുകടത്തപ്പെട്ട അഹമ്മദ് അവിടത്തെ ഒരു ഏകാധ്യാപക സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്നു. ഭാര്യക്കൊപ്പം ശക്തമായി നിന്നില്ല എന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്ന അഹമ്മദ് ഭാര്യയെ ജാമ്യത്തില്‍ ഇറക്കി ഇറാന്‍ വിടാന്‍ തയ്യാറെടുക്കുന്നു. താലിബാനില്‍ നിന്ന് രക്ഷപ്പെടാന്‍ അവിടേക്കെത്തുന്ന ചിലര്‍ക്ക് സ്‌കൂളിലും അടുത്തുള്ള വീടുകളിലുമായി അതിര്‍ത്തി സംരക്ഷണ സേനയെ ഭയന്ന് നല്‍കുന്നുണ്ട്. യാഥാസ്ഥിതിക സമൂഹവും, അവസാനിക്കാത്ത അതിര്‍ത്തിക്ക് ഇരുവശത്തും അധികാരത്തിലുള്ള മതഭരണകൂടങ്ങളും പലായനത്തിന് പ്രേരിപ്പിക്കുന്ന, മനുഷ്യന്റെ അടിസ്ഥാന വാഞ്ജകള്‍ക്ക് എതിരായ പലായനം എന്ന യാഥാര്‍ത്ഥ്യത്തോട് നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്ന കുറേ മനുഷ്യരെപ്പറ്റിയുള്ള മനോഹരമായ സിനിമ. 2023- ലെ IFFI യിലെ മികച്ച സിനിമയ്ക്കുള്ള ഗോള്‍ഡണ്‍ പീകോക്ക് വിജയി.
എ ഹൗസ് ഇൻ ജെറുസലേം
ഒരു കാറപകടത്തില്‍ അമ്മ മരിച്ചതിന്റെ ട്രോമയുമായി കഴിയുന്ന മകള്‍ മൈക്കേല്‍ ബ്രിട്ടണില്‍ നിന്ന് ജറുസലേമിലെ കുടുംബ വീട്ടിലേക്ക് താമസം മാറിയെത്തുന്നതാണ് ചിത്രത്തിന്റെ കഥാപരിസരം. ഇസ്രയേല്‍ അധിനിവേശഭൂമികളില്‍ എവിടേയും പോലെ 1948-ല്‍ ഒരു പാലസ്തീന്‍ കുടുംബത്തെ ആട്ടിയോടിച്ച ശേഷം ഇസ്രയേല്‍ ഭരണകൂടം കയ്യടക്കിയ ആ വീട് അവരില്‍ നിന്ന് മൈക്കേലിന്റെ പിതാവ് വാങ്ങിയതാണ്. അവിടെ വലിയ ഒറ്റപ്പെടലും, അമ്മ നഷ്ടമായതിന്റെ മാനസിക പ്രയാസങ്ങളും അനുഭവിക്കുന്ന മൈക്കേലിന്റെ മകളായ റെബേക്ക അവിടെ ഒരു പെണ്‍കുട്ടിയുടെ സാന്നിദ്ധ്യം അറിയുന്നു.റെബേക്കയ്ക്ക് മാത്രം കാണാന്‍ കഴിയുന്ന ആ പെണ്‍കുട്ടി ആ വീട്ടില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പുറത്താക്കപ്പെട്ട് പാലായനം ചെയ്യേണ്ടി വന്ന പാലസ്തീന്‍ കുടുംബത്തിലെ അംഗമായ റാഷ ആണ് എന്ന് റെബേക്ക മനസ്സിലാക്കുന്നു. തുടര്‍ന്ന് റാഷയുടെ കുടുംബത്തെ തേടി റെബേക്ക പോകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളും വഴി സിനിമയുടെ കഥാഗതി വികസിക്കുന്നു.
നൂറുകണക്കിന് വര്‍ഷങ്ങളായി, നിരവധി തലമുറകള്‍ താമസിച്ചിരുന്ന വീടുകളില്‍ നിന്നാണ് ലക്ഷക്കണക്കിന് പാലസ്തീന്‍ കുടുംബങ്ങള്‍ ഇസ്രായേല്‍ അധിനിവേശത്തില്‍ പുറത്താക്കപ്പെട്ടത്, അതും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ ദൈവം വാഗ്ദാനം ചെയ്ത ഭൂമിയാണ് എന്ന ജൂതരുടെ വിശ്വാസത്തിന്റെ പേരില്‍. പ്രവാസത്തിലും, അഭയാര്‍ത്ഥി ക്യാമ്പുകളിലുമായി ജീവിതം കഴിച്ചു കൂട്ടുന്ന ഈ പാലസ്തീന്‍ കുടുംബങ്ങള്‍ ഇപ്പോഴും തങ്ങളുടെ യഥാര്‍ത്ഥ വീടുകളുടെ താക്കോലുകള്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്, പുറത്താക്കപ്പെട്ട തങ്ങളുടെ ഭൂമിയുടെയും വീടിന്റെയും അടയാളമായി. ഈ വീടുകളിലും അതിക്രമിച്ചു കയറിയ സ്ഥലങ്ങളിലും താമസിക്കുന്ന ഇസ്രയേല്‍ കുടുംബങ്ങളുടെ വരും തലമുറകള്‍ ചോരയുടെയും കണ്ണീരിന്റെയും ചരിത്രമുള്ള ഈ പാപഭാരം പേറേണ്ടി വരുന്നു.
ഗാസയിലെ ഇസ്രയേല്‍ അധിനിവേശത്തില്‍, ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സമകാലിക ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തെ രണ്ടു കുഞ്ഞുങ്ങളുടെ കണ്ണിലൂടെ ലോകത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന മാനവ മൂല്യങ്ങളുടെയും, സാഹോദര്യത്തിന്റേയും, നീതിയുടേയും നിറവില്‍ വരച്ചുകാട്ടുന്ന മനോഹരമായ സിനിമയാണ് 'A house in Jerusalem'.
'A HOUSE IN JERUSALEM' | PHOTO: WIKI COMMONS
യൂറോപ്പ
സിനിമയുടെ രാഷ്ട്രീയമാണോ, കലാപരമായ സൗന്ദര്യമാണോ പ്രധാനം എന്ന ചര്‍ച്ചകളില്‍ പല അഭിപ്രായങ്ങളും ഉയരാറുണ്ട്. കലാപരവും, ദൃശ്യപരവുമായ സൗന്ദര്യത്തേക്കാളുപരി പലായനത്തിന്റെ രാഷ്ട്രീയം സംസാരിച്ച സിനിമയാണ് യൂറോപ്പ. പാശ്ചാത്യ രാജ്യങ്ങളുടെ താത്പര്യപ്രകാരമുള്ള അധിനിവേശങ്ങളും, ബോംബിങ്ങുകളും പല മൂന്നാം ലോക രാജ്യങ്ങളിലേയും ജീവിതം നരകതുല്യമാക്കിയതാണ് അവിടെ നിന്നുള്ള കുടിയേറ്റങ്ങളുടെ പ്രധാന കാരണം. അങ്ങനെ അധിനിവേശാനന്തര ഇറാഖില്‍ നിന്ന് ജീവന്‍ പണയം വെച്ചും യൂറോപ്പിലേക്ക് തുര്‍ക്കി- ബള്‍ഗേറിയ അതിര്‍ത്തി വഴി കുടിയേറാന്‍ ശ്രമിക്കുന്നവര്‍ നേരിടുന്ന പ്രതിസന്ധികളെപ്പറ്റിയാണ് സിനിമ. ഇവരെ ബോംബുകള്‍ വര്‍ഷിച്ച് പാലായനത്തിനു പ്രേരിപ്പിച്ചവര്‍ തന്നെ അടച്ച അതിര്‍ത്തികളും, മുള്ളുവേലികളും, കുടിയേറ്റ വിരുദ്ധ തീവ്ര വലതുദേശീയതയാല്‍ ഉത്തേജിപ്പിക്കപ്പെട്ട കുടിയേറ്റ വേട്ടക്കാരായ അനൗദ്യോഗിക അതിര്‍ത്തി കാവല്‍ക്കാരും അവരെ നേരിടുന്നു. ബള്‍ഗേറിയന്‍ കാടുകളിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ കാടിന്റെ ദൃശ്യഭംഗിക്ക് കീഴ്‌പ്പെടാത്ത ക്യാമറ ക്ലോസപ്പ് ഷോട്ടുകളിലൂടെ പലായനം ചെയ്യുന്ന കേന്ദ്ര കഥാപാത്രത്തിന്റെ ഭാവങ്ങളെ പകര്‍ത്താനാണ് ശ്രമിച്ചിരിക്കുന്നത്. ഇത് സംവിധായകന്‍ പ്രാധാന്യം നല്‍കാന്‍ ശ്രമിച്ചിരിക്കുന്നത് എന്തിനെന്നും വ്യക്തമാക്കുന്നു. ടീനേജിലേക്ക് കാലെടുത്തു വെക്കുന്ന യുവത്വം പോലും കുടിയേറുന്നവര്‍ക്ക് എതിരായ വിദ്വേഷപ്രചരണങ്ങളില്‍ കുടുങ്ങി നിസ്സഹായരായ കുടിയേറ്റക്കാരെ വേട്ടയാടാന്‍ ഇറങ്ങുന്നതിലെ ദുരന്തവും ചിത്രം മുന്നോട്ട് വെക്കുന്നു.
മീ ക്യാപ്റ്റൻ
കഴിഞ്ഞ വര്‍ഷത്തെ ലോകസിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് ഇറ്റാലിയന്‍ സംവിധായകനായ മറ്റിയോ ഗരോണിന്റെ 'Me Captain'. വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ച ഈ ചിത്രം മികച്ച അന്താരാഷ്ട്ര സിനിമയ്ക്കുള്ള ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലും ഇടം നേടിയിട്ടുണ്ട്.
സെനഗലില്‍ നിന്ന് യൂറോപ്പിലേക്ക് സംഗീതരംഗത്ത് അവസരങ്ങളും, നല്ലൊരു ജീവിതവും സ്വപ്നംകണ്ട് കസിന്‍സ് ആയ സെയ്‌ദോയും, മൂസയും നടത്തുന്ന യാത്രയും, അതില്‍ അവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ പ്രമേയം. സാമ്രാജ്യത്വത്തിന്റെ ലാഭക്കൊതിയില്‍ പ്രകൃതി, മനുഷ്യ വിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെട്ട് ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീണ ആഫ്രിക്കന്‍ ജനത ജീവന്‍ പണയംവെച്ചും ആ പാശ്ചാത്യ രാജ്യങ്ങളിലേക്ക് തന്നെ നടത്തുന്ന ദുരിതയാത്ര ചിത്രത്തില്‍ വരച്ചു കാട്ടുന്നു. വ്യാജ ഏജന്റുമാരാല്‍ ചതിക്കപ്പെട്ട് മരുഭൂമിക്ക് നടുവില്‍ പെട്ടുപോവുകയും, പോലീസും മാഫിയയും ഉള്‍പ്പെടെ നിരവധി ഔദ്യോഗിക - അനൗദ്യോഗിക അധികാര സ്ഥാപനങ്ങളാല്‍ ചൂഷണം ചെയ്യപ്പെടുകയും പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന പ്രധാന കഥാപാത്രങ്ങള്‍ കുടിയേറ്റക്കാര്‍ ദിനംപ്രതി നേരിടേണ്ടി വരുന്ന ജീവിതാവസ്ഥകളുടെ പ്രതിനിധികള്‍ കൂടിയാണ്. ഒടുവില്‍ നിരവധി യാത്രക്കാരെ വഹിച്ച് ഇറ്റലിയിലേക്ക് പോകുന്ന ഒരു ബോട്ടിന്റെ കപ്പിത്താന്‍സ്ഥാനം ഏറ്റെടുക്കേണ്ടി വരുന്ന സെയ്‌ദോ മുറിഞ്ഞ ഇംഗ്ലീഷില്‍ തന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിന്റെ ഉത്തരവാദിത്തം ഉള്‍ക്കൊണ്ട് പറയുന്ന വാചകം തന്നെ സിനിമയുടെ പേരാകുമ്പോള്‍ അത് മുന്നോട്ട് വെക്കുന്ന ആശയത്തിനും രാഷ്ട്രീയത്തിനും നിരവധി അര്‍ത്ഥതലങ്ങളുണ്ട്. ഇപ്പോള്‍ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന എപ്പിക്ക് സ്‌കെയിലില്‍ ഉള്ള ഈ ചിത്രം ഉടനെ സ്ട്രീമിംഗില്‍ ലഭ്യമാവും എന്ന് കരുതുന്നു.
ദ സ്വിമ്മേർസ്
സിറിയന്‍ യുദ്ധത്തില്‍ നിന്ന് രക്ഷനേടാനായി പലായനം ചെയ്യുമ്പോള്‍, തുര്‍ക്കിയില്‍ നിന്ന് ഗ്രീസ് വഴി ജര്‍മ്മനിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഒരുകടല്‍ തന്നെ നീന്തിക്കടക്കേണ്ടി വരികയും, അതിലൂടെ ബോട്ടില്‍ ഉണ്ടായിരുന്ന 18 അഭയാര്‍ത്ഥികളുടെ ജീവന്‍ രക്ഷിക്കുകയും, ഒടുവില്‍ അഭയാര്‍ത്ഥികളുടെ ടീമിന്റെ പതാകയേന്തി ഒളിംമ്പിക്‌സില്‍ മത്സരിക്കുകയും, അഭയാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കായി ജീവിതം മാറ്റിവെക്കുകയും ചെയ്ത മര്‍ദിനി സഹോദരിമാരുടെ ജീവിതം പറയുന്ന സിനിമയാണ് 'The Swimmers'. ചിത്രം Netflix-ല്‍ സ്ട്രീം ചെയ്യുന്നു.