യാനിക്ക്: അധികാര വ്യവസ്ഥയുടെ അടിവേരുകള്‍
കോങ്താങ്ങ് ഡീപ്യുവിന്റെ (Quentin Dupieux) ഫ്രഞ്ച് സിനിമയായ ''യാനിക്ക്'' (2013) ഒരു കാവല്‍ക്കാരന്റെ ജീവിതത്തിലൂടെ നാടകത്തെയും അതുവഴി അധികാര വ്യവസ്ഥയെയുമാണ് വിമര്‍ശന വിധേയമാക്കുന്നത്. യാനിക്ക് ഒരു സാധാരണ തൊഴിലാളിയാണ്. ഒരു വാഹന പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങ് നിയന്ത്രിക്കലും മറ്റുമാണ് അയാളുടെ ജോലി. അവധികള്‍ കുറവ്. വിരസമായ ഈ ജീവിതത്തില്‍ നിന്ന് വല്ലപ്പോഴുമാണ് യാനിക്കിന് ഒഴിവ് കിട്ടുക. അങ്ങനെ ഒരിക്കല്‍ അയാള്‍ അവധിയെടുത്ത് ഒരു നാടകം കാണാന്‍ പോകുന്നു. നഗരത്തില്‍ നടക്കുന്ന ഒരു നാടകപ്രദര്‍ശനത്തിനായി ടിക്കറ്റെടുത്താണ് യാനിക്ക് എത്തിയത്. അതിനായി നാല്പത്തഞ്ച് മിനുട്ട് സബ് വേയിലും പതിനഞ്ച് മിനുട്ട് നടന്നുമാണ് ആ പാവം മനുഷ്യന്‍ വന്നത്. തന്റെ വിരസവും യാന്ത്രികവുമായ ജീവിതത്തില്‍ നിന്ന് ഒരു ദിവസമെങ്കിലും ഒഴിഞ്ഞുമാറി സന്തോഷിക്കാനും ഉല്ലസിക്കാനുമാണ് അദ്ദേഹം നാടകത്തിന് ടിക്കറ്റെടുത്തത്. പക്ഷേ, അദ്ദേഹത്തെ തീര്‍ത്തും നിരാശനാക്കി അറുബോറന്‍ നാടകമാണ് സംഘം അവതരിപ്പിച്ചത്. നാടകത്തിന്റെ മധ്യേ യാനിക്ക് എഴുന്നേല്‍ക്കുകയും നാടകം അറുബോറാണ് എന്ന് ഉച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്തു. എന്നാല്‍ കാണികള്‍ കുലീനരായിരുന്നു, അവര്‍ യാനിക്കിനെ പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്തില്ല. കുലീനതയുടെ അടയാളമെന്നോണം അവര്‍ നിശ്ശബ്ദരായി. ഈ നിശ്ശബ്ദത യാനിക്കിനെ ചൊടിപ്പിച്ചെങ്കിലും നാടക സംഘത്തിന് ധൈര്യവും പ്രചോദനവും നല്‍കി. അവര്‍ യാനിക്കിനെ പുറത്താക്കി നാടകം തുടര്‍ന്നു.
ഒരു യഥാര്‍ത്ഥ ആസ്വാദകനെ നിങ്ങള്‍ക്ക് ഒരിക്കലും പുറത്താക്കാനാവില്ല എന്നും അയാള്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരും എന്ന സൂചന നല്‍കിക്കൊണ്ട് യാനിക്ക് തിരിച്ചുവരുന്നു. അയാള്‍ കൂട്ടത്തില്‍ ഒരു ആയുധവും കരുതിയിട്ടുണ്ട്. അയാള്‍ അഭിനേതാക്കളെ മാത്രമല്ല കാണികളെയും മുള്‍മുനയില്‍ നിര്‍ത്തുന്നു. നിങ്ങള്‍ക്ക് പ്രജകളെ എക്കാലവും പ്രജകളായി നിലനിര്‍ത്താനാവില്ല എന്നും ഒരു നാള്‍ അവര്‍ നിങ്ങളുടെ അധികാരത്തില്‍ ഇടപെടും എന്നുമാണ് സംവിധായകന്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല നിങ്ങള്‍ ശക്തനല്ലെങ്കില്‍ നിങ്ങളെ ആരും ഗൗനിക്കില്ല എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. നേരത്തെ അപമാനിച്ച് പുറത്താക്കിയ യാനിക്കിനെ ഒരു തോക്കുമായി തിരിച്ചുവരുമ്പോള്‍ ഭയത്തോടെയാണെങ്കിലും അനുസരിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഉണ്ടാകുന്നു.
REPRESENTATIVE IMAGE | WIKI COMMONS
യാനിക്ക് ഒരു പ്രജയുടെ അവസ്ഥയില്‍ നിന്നും അധികാരികളെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് മാറി്വരുന്നു എന്നതാണ് സിനിമയിലെ മാറ്റം. അയാള്‍ നിലവിലുള്ള നാടകത്തെ ചോദ്യം ചെയ്യുകയും താന്‍ പുതിയ നാടകം എഴുതും എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. താന്‍ എഴുതിയ നാടകമാണ് നിങ്ങള്‍ അഭിനയിക്കേണ്ടത് എന്ന് അയാള്‍ നാടക പ്രവര്‍ത്തകരോട് ആജ്ഞാപിക്കുന്നു. അങ്ങനെ പ്രഖ്യാപിക്കുക മാത്രമല്ല അയാള്‍ പുതിയ ടെക്സ്റ്റ് എഴുതുകയും ചെയ്യുന്നു. താനാണ് യഥാര്‍ത്ഥത്തില്‍ കര്‍ത്താവ് എന്നും നിങ്ങള്‍ ഞാന്‍ പറയുന്നതുപോലെ അഭിനയിച്ചാല്‍ മതിയെന്നും അയാള്‍ നിഷ്‌കര്‍ഷിക്കുന്നു. സദസ്സിലൊരാളുടെ ലാപ്ടോപ് വാങ്ങി അയാള്‍ 'തന്റെ'' നാടകം എഴുതുന്നു. അതായത് പ്രജകള്‍ സ്റ്റേജ് കൈയ്യേറി നാടകം തിരുത്തുന്നു. അധികാര വ്യവസ്ഥ അട്ടിമറിക്കപ്പെടുന്നു.
സമകാലീന സാമൂഹ്യ അവസ്ഥയില്‍ ഒരു വിപ്ലവകരമായ മാറ്റമാണ് യാനിക്ക് വരുത്തുന്നത്. അത് അധികാരികളെ പുറത്താക്കുകയും പ്രജകളെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഇതൊരു രാഷ്ട്രീയ അട്ടിമറിയാണ്. അതുകൊണ്ട് തന്നെ നാടക പ്രവര്‍ത്തകര്‍ ഇത് സ്വീകരിക്കാന്‍ മടിക്കുന്നു. എന്നാല്‍ യാനിക്കിന്റെ കൈവശം തോക്കുള്ളതുകൊണ്ട് അവര്‍ക്ക് യാനിക്കിനെ എതിര്‍ക്കാനും കഴിയുന്നില്ല. മധ്യവര്‍ഗ ബുദ്ധിജീവികളായ കാണികളാകട്ടെ ഭയന്നൊളിക്കുകയും ചെയ്യുന്നു. മധ്യവര്‍ഗത്തിന്റെ രാഷ്ട്രീയ നിലപാടുകളിലെ ഭീരുത്വം ഇതിലും ഭംഗിയായി ജോണ്‍ അബ്രഹാമിന്റെ ''ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളില്‍'' മാത്രമേ ആവിഷ്‌കരിച്ചിട്ടുള്ളൂ. എല്ലാ പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി സ്വന്തം വേലിക്കെട്ടിന്റെ സുരക്ഷിതത്വത്തില്‍ നിന്ന് ഒളിഞ്ഞുനോക്കുന്ന ചെറിയാച്ചന്‍ യഥാര്‍ത്ഥത്തില്‍ ഇതേ മധ്യവര്‍ഗത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. മാത്രമല്ല ഒരു വെറും വാച്ച്മാന് ആധുനിക നാടക സങ്കേതങ്ങളെ വിലയിരുത്താനോ പുതിയത് ആവിഷ്‌കരിക്കാനോ ഉള്ള കഴിവിനെയും നാടക സംഘവും കാണികളും സംശയത്തോടെയാണ് നോക്കിക്കാണുന്നത്.
മധ്യവര്‍ഗത്തിന്റെ നാട്യങ്ങളെയും അവരുടെ മനസ്സിനുള്ളില്‍ പതുങ്ങിയിരിക്കുന്ന ജീര്‍ണതയേയും തുറന്നുകാട്ടുന്നുണ്ട് സിനിമ. തന്റെ നാടകം എഴുതാന്‍ ഒരു ലാപ്ടോപ് ചോദിച്ചപ്പോള്‍ അത് കൊടുത്തത് കാണികളിലൊരാളാണ്. പാസ്വേഡ് കൊണ്ട് പൂട്ടിവെച്ച അതില്‍ നിറയെ പോണ്‍ ചിത്രങ്ങളായിരുന്നു. ഇത് ഉയര്‍ത്തിക്കാട്ടുകയും മധ്യവര്‍ഗ ഹിപ്പോക്രസിയെ തുറന്ന് കാട്ടുകയും ചെയ്യുന്നു യാനിക്ക്. എന്നാല്‍ എല്ലാ സംശയങ്ങളും അവസാനിപ്പിച്ച് കൊണ്ട് യാനിക്ക് നാടകം എഴുതുകയും അത് പഠിക്കാന്‍ നടന്മാരെ ഏല്പിക്കുകയും ചെയ്യുന്നു. അവര്‍ പഠിക്കുന്നതിനിടയില്‍ അയാള്‍ കാണികളെ സമീപിക്കുകയും അവരെ സ്വന്തം ചേരിയില്‍ അണിനിരത്തുകയും ചെയ്യുന്നു. ഇത് നാടകസംഘത്തെ കുഴക്കുന്നു. ആസ്വാദകര്‍ എന്ന മധ്യവര്‍ഗമനുഷ്യരുടെ പിന്തുണയാണ് അധികാരത്തെ നിലനിര്‍ത്തുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് എന്ന് സംവിധായകന്‍ സൂചിപ്പിക്കുന്നു. അവരുടെ പിന്തുണ വെറും വാച്ച്മാന്‍ ആയ തൊഴിലാളിക്ക് കിട്ടിയാല്‍ അതോടെ അധികാര വ്യവസ്ഥ തന്നെ അട്ടിമറിയും. അതുകൊണ്ടുതന്നെ അത് പരാജയപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള ശ്രമം അവര്‍ നടത്തിയെങ്കിലും മറ്റൊരു തൊഴിലാളിയുടെ, എന്താണ് സംഭവിക്കുന്നത് എന്ന് തീര്‍ച്ചയില്ലാതെയാണെങ്കിലും, സാന്ദര്‍ഭികമായ ഇടപെടല്‍ അത് പരാജയപ്പെടുത്തി. യാനിക്കിന്റെ നാടകം സ്റ്റേജില്‍ ആരംഭിക്കുകയും ചെയ്തു. പക്ഷേ, അധികാരം അട്ടിമറിക്കപ്പെടുമ്പോള്‍ സൈനികശക്തി പുറത്തിറങ്ങും. യാനിക്ക് വിജയിക്കുന്നത് തടയാന്‍ പട്ടാളം രംഗത്ത് വരുന്നതോടെ എല്ലാം അവസാനിക്കുന്നു.
REPRESENTATIVE IMAGE | WIKI COMMONS
ഒരു ചൂഷക സമൂഹത്തില്‍ മനുഷ്യര്‍ എങ്ങനെയാണ് വിഭജിക്കപ്പെടുന്നത് എന്നും അത് എങ്ങനെയാണ് അട്ടിമറിക്കപ്പെടാതെ നിലനിര്‍ത്തുന്നത് എന്നും ഉച്ചൈസ്തരം പ്രഖ്യാപിക്കുന്ന സിനിമയാണ് യാനിക്ക്. നിഷ്പക്ഷം എന്ന് നമുക്ക് തോന്നുന്നതെല്ലാം നിലവിലുള്ള അധികാര വ്യവസ്ഥ അപകടമില്ലാതെ മുന്നോട്ടുപോകുമ്പോള്‍ മാത്രമാണെന്നും എപ്പോഴെങ്കിലും അത് വെല്ലുവിളികള്‍ നേരിട്ടാല്‍ അപ്പോള്‍ ആയുധബലം ഉപയോഗിച്ച് അത് തകര്‍ക്കപ്പെടുമെന്നുമാണ് യാനിക്ക് എന്ന സിനിമയിലൂടെ കോങ്താങ്ങ് ഡീപ്യു പറഞ്ഞുവെക്കുന്നത്. കോസ്റ്റ ഗാവ്രസിനറെ ''അഡല്‍റ്റ്സ് ഇന്‍ ദ റൂം'', ഗാള്‍ദര്‍ ഗാസ്തലു ഉറൂതിയയുടെ ''ദ പ്ലാറ്റ്ഫോം'' എന്ന സിനിമയും ഇതോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.
കോങ്താങ്ങ് ഡീപ്യു
സിനിമയുടെയും സംഗീതത്തിന്റെയും ഭൂമികയില്‍ സ്വന്തം പേര് അടയാളപ്പെടുത്തിയ സംവിധായകനാണ് കോങ്താങ്ങ് ഡീപ്യു. വാസോ എന്ന പേരില്‍ സംഗീത ആല്‍ബങ്ങള്‍ നിര്‍മിച്ച ഡീപ്യു തന്റെ പതിനെട്ടാം വയസ്സ് മുതല്‍ ക്യാമറയുമായി ചങ്ങാത്തം സ്ഥപിച്ച കലാകാരനാണ്. 2010 ല്‍ പുറത്തിറങ്ങിയ ''റബര്‍'' എന്ന സിനിമയാണ് ഡീപ്യുവിന്റെ പേര് സിനിമയുടെ ലോകത്തില്‍ പ്രസിദ്ധനാക്കിയത്. ഇതിന് അന്താരാഷ്ട്ര തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ലൂയി ബുനുവലിന്റെ ആരാധകനായ ഡീപ്യു തന്റെ സിനിമകളില്‍ അദ്ദേഹത്തിന്റെ സര്‍റിയലിസ്റ്റിക് സ്‌റ്റൈല്‍ ആണ് സ്വീകരിച്ചത്. തീര്‍ത്തും അസാധാരണമായ കഥകള്‍ പറയുന്ന ഡീപ്യുവിന്റെ സിനിമകള്‍ അബ്‌സേര്‍ഡ് സിനിമകളായാണ് ചലച്ചിത്ര ലോകം വിലയിരുത്തുന്നത്. ''നോണ്‍ ഫിലിം'' എന്ന ഷോര്‍ട്ട് ഫിലിമുമായി സിനിമാ രംഗത്തേക്ക് കടന്ന് വന്ന ഡീപ്യു പതിനാലോളം സിനിമകളാണ് ഇത് വരെ സംവിധാനം ചെയ്തത്. അവയൊക്കെ അസാധാരണമായ കഥകളാണ്. ഒരു മനുഷ്യന്‍ അയാളുടെ കോട്ടുമായി നിലനിര്‍ത്തുന്ന ആസാധാരണ സൗഹൃദ ബന്ധം ആവിഷ്‌കരിക്കുന്ന ''ഡീര്‍സ്‌കിന്‍'', ആളുകളെ കൊല ചെയ്യുന്ന ഒരു ടയറിന്റെ കഥ പറയുന്ന ''റബര്‍'', സാല്‍വദോര്‍ ദാലിയുടെ അസാധാരണമായ ജീവിതം ആവിഷ്‌കരിക്കുന്ന ''ഡാലി'' (Daaaaaalí!) എന്നിവയാണ് ഡീപ്യുവിന്റെ മറ്റ് മികച്ച ചിത്രങ്ങള്‍. നിരവധി സംഗീത ആല്‍ബങ്ങളും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.