TMJ
searchnav-menu
post-thumbnail

TMJ Culture Scapes

നമ്പിവളപ്പിൽ ഗോവിന്ദൻ്റെ പ്രണയസഞ്ചാരങ്ങൾ

06 Jul 2024   |   3 min Read
മുരളീധരൻ കരിവെള്ളൂർ

പ്രണയം സാധ്യമാകാത്ത സാമൂഹ്യമായ ഒരു ദുർഘടസന്ധിയിൽ നമ്പിവളപ്പിൽ ഗോവിന്ദൻ ഉന്മാദത്തിൻ്റെ തുരുത്തിൽ താമസം തുടങ്ങി. പ്രണയസാഫല്യത്തിനായി പൊരുതിയ മനുഷ്യനായിരുന്നു വെള്ളൂരിലെ, കരിവെള്ളൂരിലെ; നാട്ട്പ്പതിനായിരങ്ങളുടെ നമ്പ്യാൾപ്പിലെ ഗോയ്ന്നാട്ടൻ. പരാജയപ്പെടാൻ ഇടയുള്ള ജീവിത സമരത്തിൽ അദ്ദേഹം പ്രണയത്തിനു വേണ്ടി പൊരുതി തോറ്റു. വിജയിച്ച പ്രണയം കുടുംബ കലഹമായിത്തീർന്നപ്പോൾ ഗോവിന്ദൻ്റെ പരാജയപ്പെട്ട പ്രണയം കവിതയായി മാറി.

മുപ്പതുകളുടെ അവസാനത്തിൽ ജനിച്ച ഗോവിന്ദൻ പഠിക്കാൻ മിടുക്കനായിരുന്നു. കഥയുടെയും കവിതയുടെയും ലോകത്തിൽ സഞ്ചരിക്കവേ ഒരിക്കൽ ഒരു പ്രണയിനി കടന്നു വന്നു.അവരിരുവരും ജീവിതത്തെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ നെയ്തു. 
പ്രണയസാഫല്യത്തിനായി ക്ഷമയോടെ കാത്തിരിക്കാൻ തീരുമാനിച്ചു. ഗോവിന്ദൻ തൊഴിൽ തേടി ബോംബെയ്ക്കു വണ്ടി കയറി. മഹാനഗരത്തിലെ ജീവിതസമരത്തിനിടയിൽ ആഴ്ചകളും മാസങ്ങളും വർഷങ്ങളും കടന്നു പോയി. ഒരുപാട് മോഹങ്ങളുമായി ഒരിക്കൽ അയാൾ നാട്ടിലേക്കു തിരിച്ചു. പ്രണയിനിയെ വിവാഹം ചെയ്യുക, ജീവിതം പച്ചപിടിപ്പിക്കുക എന്ന ഉദ്ദേശ്യവുമായി ഗോവിന്ദൻ നാട്ടിൽ കാലുകുത്തി. 

യാഥാർത്ഥ്യത്തിൻ്റെ  പരുക്കൻ ലോകം പക്ഷേ, അയാൾ കരുതിയതു പോലെയായിരുന്നില്ല.  ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വീട്ടുകാരുടെ സമ്മർദ്ദത്തിനു മുമ്പിൽ പിടിച്ചു നിൽക്കാൻ പറ്റാതെ പ്രണയിനി കുഴങ്ങി. തൻ്റെ പ്രണയിനി വിവാഹിതയായെന്ന സത്യം വിശ്വസിക്കാനാവാതെ ഗോവിന്ദൻ ജീവിതത്തിൻ്റെ നട്ടുച്ചവെയിലിൽ തരിച്ചുനിന്നു.  താളം തെറ്റിയ ഗോവിന്ദൻ കാവ്യലോകത്തിലെ രമണനായി. ജീവിതാന്ത്യത്തോളം തൻ്റെ പ്രണയിനി കാത്തു നിൽക്കുന്നുണ്ടെന്ന സങ്കല്പത്തിൽ വെള്ളൂരിലെ ഉപ്പുകാരൻ കണ്ണൻ്റെ പീടിക മുതൽ കരിവെള്ളൂർ പാലക്കുന്ന് പാട്ടിയമ്മ സ്ക്കൂൾ ഇറക്കത്തിലെ കാമുകീഭവനം വരെ ദേശീയപാതയിലൂടെ പഞ്ചറൊട്ടിച്ച സൈക്കിളിൽ അദ്ദേഹം സദാ ചവിട്ടി മരിച്ചു.

ILLUSTRATION | SAVINAY SIVADAS: TMJ
പ്രഭാഷണത്തെ കവിതയാക്കിയ ചിന്തകൻ എം.എൻ.വിജയൻ പറയുന്നത് നോക്കുക:

"യുദ്ധം പോലെ, പ്രണയം മനുഷ്യരെ ഉണർത്തുന്ന പ്രവർത്തനമാണ്. എല്ലാം സമർപ്പിച്ച് ഇല്ലാതാക്കാൻ ഒരുങ്ങുന്ന ജൈവാവസ്ഥ. പിഴച്ചു കൊണ്ടിരിക്കുമ്പോഴും കൊതിച്ചു കൊണ്ടിരിക്കുന്ന നാശത്തിൻ്റെ സുഖം."

എല്ലാവരും ഉറങ്ങുമ്പോഴും രാവും പകലും സദാ ഉണർന്നിരുന്ന മനുഷ്യനായിരുന്നു ഗോവിന്ദൻ. ദൈവപൂജ പോലെ, മതാനുഷ്ഠാനം പോലെ രാവിലെ കുളിച്ചു തൊഴുതില്ലെങ്കിൽ പൊറുതിയില്ലാതെ വലയുന്ന ഭക്തനെപ്പോലെ അദ്ദേഹം കാമുകീ കടാക്ഷത്തിനായി നിത്യവും തൻ്റെ പാട്ട സൈക്കിൾ ആഞ്ഞു ചവിട്ടി. 

ശയനപ്രദക്ഷിണം അർത്ഥപൂർണ്ണമാണെന്ന് വിശ്വാസികൾ കരുതുമ്പോൾ അത് മതപരമായ പ്രവർത്തനമായിത്തീരുന്നതുപോലെ, പ്രണയ മതവിശ്വാസിയായ ഗോവിന്ദൻ കാമുകിയെ കാണാൻ നിത്യവും നടത്തുന്ന സൈക്കിൾ സഞ്ചാരം അർത്ഥപൂർണ്ണമാണെന്ന് വിശ്വസിച്ചു.
മഴയും മഞ്ഞും വേനലും അദ്ദേഹത്തിന് ഒരു പോലെയായിരുന്നു. 

ദിവസവും രാവിലെയും വൈകുന്നേരവും ചവിട്ടു വണ്ടിയിലുള്ള ഗോവിന്ദൻ്റെ സഞ്ചാരം നാട്ടുകാരുടെ ഘടികാര സൂചിയായി. പ്രണയത്തിൻ്റെ തീവ്രതയറിയാത്ത ചിലർ, ഒരിക്കൽ ഗോവിന്ദൻ്റെ പുറത്ത് കൈവെച്ചു. തടസ്സങ്ങളെയെല്ലാം പുഷ്പം പോലെ മറികടന്ന അദ്ദേഹം കഥാനായകനായി വളർന്നു. മുഷിഞ്ഞ പാൻ്റും ഷർട്ടുമിട്ട് തുണികൊണ്ട് തലയ്ക്കൊരു കെട്ടും കെട്ടി പാകമാകാത്ത ഷൂസുമിട്ട് ആഞ്ഞു ചവിട്ടുന്ന ആ കറുത്ത താടിക്കാരൻ്റെ മുടി നരച്ചപ്പോൾ വർഷങ്ങളേറെക്കഴിഞ്ഞിരുന്നു.

ILLUSTRATION | SAVINAY SIVADAS: TMJ
ആയിടയ്ക്ക് നിത്യകാമുകനായ ഗോവിന്ദൻ്റെ പ്രണയ സഞ്ചാരങ്ങൾ ഹരിദാസ് കരിവെള്ളൂരിൻ്റെ തിരക്കഥയിൽ സിനിമയായി. 'കണ്ണിനും കണ്ണാടിക്കും' എന്ന ചിത്രത്തിൽ നമ്പിവളപ്പിൽ ഗോവിന്ദൻ 
'പ്രാവ് ' എന്ന കഥാപാത്രമായി കലാഭവൻ മണിയിലൂടെ വെള്ളിത്തിരയിൽ പ്രേക്ഷകർക്ക് മുന്നിലെത്തി. 

തന്നെക്കുറിച്ചൊരാൾ കഥയെഴുതിയിട്ടുണ്ടെന്ന വിവരമറിഞ്ഞ് ഗോവിന്ദൻ അസ്വസ്ഥനായി. വഴിയിൽ കഥാകൃത്തുമായി കശപിശകൂടി.

എന്തായാലും എല്ലാ പ്രതിബന്ധങ്ങളെയും അവഗണിച്ച് ഗോവിന്ദൻ്റെ ചവിട്ടുവണ്ടി സദാ തെക്കുവടക്ക് സഞ്ചാരം തുടർന്നു. വെള്ളൂർ ആലും പാലത്തരപ്പാലവും കടന്ന്, ചേടിക്കുന്ന് കയറ്റം ചവിട്ടിക്കയറ്റി ഓണക്കുന്നും പള്ളിക്കൊവ്വലും പാലക്കുന്ന് കയറ്റവും കടന്ന് വിയർത്തു കുളിച്ച ആ സാധു മനുഷ്യൻ ഇറക്കത്തിൻ്റെ പാതിയിലെ സ്ഥിരം സ്റ്റോപ്പിൽ നിമിഷങ്ങളുടെ ഇളവേൽക്കലിനു ശേഷം മടങ്ങും.             
ഇതിനിടയിൽ ചേടിക്കുന്ന് കാട്ടിലെ കശുമാവിന് വണ്ടി ചാരി കുറച്ചു കാലം ഗോവിന്ദൻ അവിടെ താവളമടിച്ചു.  പിന്നീട് താവളം വെള്ളൂർ പോസ്റ്റാപ്പീസ് സ്റ്റോപ്പിലെ വെയിറ്റിങ്ങ് ഷെഡ്ഢിലും, ഒടുവിൽ ബേങ്ക്സ്റ്റോപ്പിലെ ബസ്സ് ഷെൽട്ടറിലുമാക്കി. 

കണ്ണിനും കണ്ണാടിക്കും എന്ന ചിത്രത്തിൽ നിന്നും | PHOTO: WIKI COMMONS
പ്രായം തളർത്തിയ ഗോവിന്ദന് നാലു പതിറ്റാണ്ടിൻ്റെ പ്രണയ സഞ്ചാരം; വണ്ടി ചവിട്ടാനുള്ള ആരോഗ്യം നഷ്ടമാക്കി. കുറച്ചു കാലം കാൽനട സഞ്ചാരം നടത്തിനോക്കി. ഒടുവിൽ തീർത്തും അവശനായപ്പോൾ തൻ്റെ താവളത്തിലെ ഏകാന്തതയിലേക്ക് ഉൾവലിഞ്ഞു.

ആളുകൾ ഉപേക്ഷിച്ച പത്രക്കടലാസ്സിലൂടെ സ്ഥിതപ്രജ്ഞരായവരുടെ ലോകത്തിലെ വാർത്തകൾ വായിച്ച് ഗോവിന്ദൻ ഒറ്റയ്ക്കിരുന്ന് ചിരിച്ചു; പിറുപിറുത്തു. ആളുകൾ അദ്ദേഹത്തെ ഭ്രാന്തനെന്നു വിളിച്ചു. ഉന്മാദം ഒരു രോഗത്തിൻ്റെ പേരല്ലെന്നും മനുഷ്യ വിരുദ്ധമായ ദേശത്തിനു വെളിയിലെ മറുലോകമാണെന്ന തിരിച്ചറിവുണ്ടായിരുന്ന മനുഷ്യനായിരുന്നു അദ്ദേഹം.                    

മൂലധനം അളന്നു വിൽക്കുന്ന 'ഭ്രാന്ത് ' എന്ന പാനീയം അകത്താക്കി ഉറങ്ങുന്ന പകൽ മാന്യന്മാരെ കണ്ടപ്പോൾ ഗോവിന്ദൻ പൊട്ടിച്ചിരിച്ചു. തൻ്റേതായ തുരുത്തിൽ ഓർമ്മയും ഭാവനയും ഭക്ഷണമാക്കി, പരാജിതപ്രണയത്തെ കവിതയാക്കി ദേശത്തിൻ്റെ മഹാകവിയായി അദ്ദേഹം മാറി. 

ജീവിക്കാൻ കൊള്ളരുതാത്തതായി മാറിയ ഈ ലോകത്തിൻ്റെ പൊയ്മുഖം വലിച്ചു ചീന്തിയ ആദ്യമലയാള രമണകവി ചങ്ങമ്പുഴയെ പോലെ അദ്ദേഹം ഒറ്റയ്ക്കു
കവിത ചൊല്ലി. 
ആലാപനത്തിനു സാക്ഷിയായി മനുഷ്യരൊഴികെയുള്ള ചരാചരങ്ങൾ ചുറ്റിലും കൂടി!!!.
ഗോവിന്ദൻ ഒറ്റയ്ക്കു രൂപപ്പെടുത്തിയ ഈ തുരുത്തായിരുന്നു അദ്ദേഹത്തിൻ്റെ എക്കാലത്തേയും സ്വർഗ്ഗം !.

"എൻ്റെ സ്വർഗ്ഗത്തിൽ അശാന്തിയും വൈകൃതവും വേണമെന്ന് എനിക്ക് നിർബ്ബന്ധമുണ്ട്. എന്തുകൊണ്ടെന്നാൽ, ഞാൻ ശാന്തിയും സൗന്ദര്യവും കൊതിക്കുന്നു. 

വിജനതയിൽ, നിശ്ശബ്ദതയിൽ; മരണത്തിൻ്റെ അല്ല, ഈ ലോകത്തിൻ്റെ മദ്ധ്യത്തിൽ ഇവിടത്തെ തെമ്മാടികളുടേയും രാഷ്ട്രീയ നേതാക്കന്മാരുടേയും അഭിസാരികമാരുടേയും വിദ്യാർത്ഥികളുടേയും ഇടയിൽ മാത്രമേ എനിക്ക് എൻ്റെ സ്വർഗ്ഗം ആവശ്യമുള്ളൂ." - നൂറ്റാണ്ടുകൾക്കപ്പുറത്തു നിന്ന് ഒമർ ഖയ്യാം കാവ്യാത്മകമായി പറയുന്നു.

ILLUSTRATION | SAVINAY SIVADAS: TMJ
പുല്ലിനെയും പുഴുവിനെയും ചെടികളെയും പൂക്കളെയും സഹജാതരെയും മൗനമായി സ്നേഹിച്ചു കൊതിതീരാത്ത നമ്പിവളപ്പിൽ ഗോവിന്ദൻ, മഹാമാരിയുടെ  ഇരുണ്ട കാലത്ത് ആരോടും യാത്ര പറയാതെ 
എൺപത്തിയൊന്നാം വയസ്സിൽ ഏകാന്തപഥികനായി ജീവിതത്തിൽ നിന്നു മറയുമ്പോൾ 'ദൈവത്തിൻ്റെ വികൃതികളി'ലെ അൽഫോൺസച്ചൻ പ്രണയാർദ്രമായ കവിത ചൊല്ലുന്നു:

"ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു.
എൻ്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു.
ആത്മ ശിഖരത്തിലൊരു കൂടു തന്നു.

.................................

അടരുവാൻ വയ്യ ;
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ
നിന്നെനിക്കേതു സ്വർഗ്ഗം വിളിച്ചാലും.
ഉരുകി നിന്നാത്മാവിനാഴങ്ങളിൽ വീണു
പൊലിയുമ്പൊഴാണെൻ്റെ സ്വർഗ്ഗം
നിന്നിലടിയുന്നതേ നിത്യസത്യം!

.....................................

അവലംബം:
  * എം.എൻ.വിജയൻ്റെ
     പ്രഭാഷണങ്ങൾ
  
* അഭിമുഖം: നസീർരാജൻ
 
* കവിത: വി.മധുസൂദനൻ 
                    നായർ
  


#culture scapes
Leave a comment