രക്തം സാക്ഷി ജന്മം സാക്ഷി
നാടിനു വേണ്ടി പൊരുതി മരിച്ച വിപ്ലവകാരിയുടെ രക്ത സാക്ഷ്യത്തിന് ഏഴര പതിറ്റാണ്ട്. രക്തസാക്ഷിയുടെ വഴിയില്‍ സഞ്ചരിച്ച മകന്റെ തീവ്രജീവിതത്തിനും എഴുപത്തഞ്ചാണ്ട്. ജന്മി-നാടുവാഴിത്ത വ്യവസ്ഥ കടപുഴക്കിയെറിയാന്‍ സ്വജീവന്‍ ബലിയര്‍പ്പിച്ച പുത്തൂരിലെ പുന്നക്കോടന്‍ കുഞ്ഞമ്പുവിന്റെ രക്തസാക്ഷിത്വത്തിന് ഏപ്രില്‍ 23ന് എഴുപത്തിയഞ്ചു വയസ്സ് പിന്നിട്ടു. പെരളം രക്തസാക്ഷി പുന്നക്കോടന്റെ മകന്‍ കെ.പി.ഭാസ്‌ക്കരന്റെ പ്രായവും എഴുപത്തിയഞ്ച്.
'അരിവാളിന്‍ ചുണ്ടിലെ ചിരി ചുവക്കും
അരിവാളിന്‍ ചുണ്ടിലെ
ചിരി ചുവക്കും
അകലെ മലഞ്ചെരിവുകള്‍ക്ക്
ഹരിത കിരീടം ചാര്‍ത്തിയ
തൊഴിലാളിക്കൊരു പിടി മണ്ണു വേണം
അവനതു ചോദിക്കുമ്പോള്‍
നിറതോക്കുകള്‍ മിണ്ടിയാല്‍
അരിവാളിന്‍ ചുണ്ടിലെ ചിരി ചുവക്കും.
ഇതളില്‍ ചുടുചോരയുമായ് കണ്‍കദളിപ്പൂ വിടരും
കരിവെള്ളൂര്‍ കാവുണര്‍ന്നു പാടുകയായി...'
രക്തസാക്ഷിയുടെ മകന്‍ പാടി. ഭൂമിക്കും ഭക്ഷണത്തിനും വേണ്ടി പൊരുതിയ കാലത്തിന്റെ ചോരച്ചുവപ്പുള്ള പാട്ട്. വിപ്ലവത്തിന്റെ കാഹള ഗാനം തീര്‍ത്ത ചുവന്ന വഴിയിലൂടെ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത വിപ്ലവകാരിയായ അച്ഛന്‍ നടന്നു വരുന്നത് മകന്‍ അകക്കണ്ണു കൊണ്ട് കണ്ടു. പാട്ടു നിര്‍ത്തിയപ്പോള്‍ ഭാസ്‌ക്കരന്റെ കണ്ണുകള്‍ നിറഞ്ഞു. വൈദേശികാധിനിവേശത്തിനെതിരെ പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന പോരാട്ടം നാല്‍പ്പത്തിയേഴിലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തോടെ ജനങ്ങളില്‍ പുതിയ പ്രതീക്ഷകള്‍ ഉയര്‍ത്തി. പ്രതീക്ഷകള്‍ പൊലിഞ്ഞു വീഴാന്‍ ഏറെ നാളുകള്‍ വേണ്ടി വന്നില്ല. നാടാകെ പട്ടിണിയും പരിവട്ടവും.ജന്മിമാര്‍ നെല്ല് പൂഴ്ത്തിവെച്ച് കരിഞ്ചന്ത നടത്തുന്ന കാലം.
'ഉരിയരി പോലും കിട്ടാനില്ല
പൊന്നുകൊടുത്താലും
ഉദയാസ്തമയം പീടിക മുന്നില്‍
നിന്നു നരച്ചാലും...' എന്നതായിരുന്നു അന്നത്തെ സ്ഥിതി.
പ്രക്ഷോഭകാരികളായ ജനനായകരേയും ബഹുജനങ്ങളേയും പോലീസ്-ഗുണ്ടാ മര്‍ദ്ദനങ്ങള്‍ കൊണ്ട് കീഴ്പ്പെടുത്താന്‍ അധികാരികള്‍ കിണഞ്ഞു ശ്രമിച്ചു. മലബാറില്‍ ജന്മി-നാടുവാഴി വ്യവസ്ഥയ്ക്കെതിരായി നാല്പതുകളുടെ തുടക്കത്തില്‍ ഉയര്‍ന്നു വന്ന ജനകീയ പ്രക്ഷോഭം അതിന്റെ പാരമ്യത്തിലെത്തി. 1948ലെ കല്‍ക്കട്ട തീസിസ് പോരാട്ടത്തിന് വീര്യം പകര്‍ന്നു. ആയുധമേന്തിയ പോരാട്ടത്തിലൂടെ ഗ്രാമങ്ങള്‍ വിമോചിപ്പിച്ച് ജനകീയാധികാരം ഉറപ്പിക്കുക എന്ന തെലുങ്കാന മാര്‍ഗ്ഗത്തിലൂടെ മലബാര്‍ പ്രദേശം സഞ്ചരിച്ചു. എം.എസ്.പി - ഗുണ്ടാ ആക്രമണങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് ശക്തിപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചു. മലബാറിലെ ചുവന്ന ഫര്‍ക്കയായ പയ്യന്നൂരില്‍ ജന്മിമാരുടെ നിറഞ്ഞ പത്തായപ്പുരകളിലേക്ക് കര്‍ഷകര്‍ മാര്‍ച്ചു ചെയ്തു.'പൂഴ്ത്തിവെച്ച നെല്ല് ന്യായവിലയ്ക്ക് വിതരണം ചെയ്യുക' എന്ന നാട്ടുകാരുടെ ആവശ്യം ജന്മിമാരും സര്‍ക്കാരും ചെവിക്കൊണ്ടില്ല. ആലക്കാട്ടെ മാവിലാ കുഞ്ഞമ്പു നമ്പ്യാരുടെ പത്തായപ്പുര തുറന്ന് നെല്ല് വിതരണം ചെയ്തു.കാക്കിക്ക് കലിയിളകിയപ്പോള്‍ നേതാക്കള്‍ അറസ്റ്റിലായി. ജനകീയ പ്രക്ഷോഭം അണപൊട്ടിയൊഴുകി.പോലീസ് വെടിവെച്ചു.സ്വതന്ത്ര ഇന്ത്യയില്‍ കോറോത്തിന്റെ മണ്ണില്‍ മലബാറിലെ ആദ്യ രക്തസാക്ഷി; സ: ബി.പൊക്കന്‍.
'കോറോത്തെ മങ്ങണം ചാലിലെഴുതിയ
ധീര യുവാവാം ഹരിജന്‍ പൊക്കന്‍...'
വയല്‍പ്പരപ്പിലെ ചേറില്‍ ഞാറുനടുന്ന കോറോത്തെ സ്ത്രീകള്‍ പോരാളിയായ പൊക്കന്റെ ജീവത്യാഗത്തെ വാഴ്ത്തിപ്പാടി. ജനങ്ങള്‍ അടങ്ങിയിരുന്നില്ല. ഭക്ഷണത്തിനു വേണ്ടിയുള്ള സമരം ആളിപ്പടര്‍ന്നു. ആലപ്പടമ്പ് ശ്രീധരന്‍ നമ്പീശന്റെ മഠത്തില്‍ നടന്ന സമരം, കുറ്റൂര്‍ വേങ്ങയില്‍ നായനാരുടെ പത്തായപ്പുരയിലെ നെല്ലെടുപ്പ്, പ്രാപ്പൊയില്‍, കൊഴുമ്മല്‍...... തുടര്‍ച്ചയായ നെല്ലെടുപ്പു സമരങ്ങള്‍ പയ്യന്നൂര്‍ ഫര്‍ക്കയെ സംഘര്‍ഷഭൂമിയാക്കി. സമര സഖാക്കള്‍ക്കെതിരായ നരനായാട്ടിനു ശക്തി കൂട്ടി. 1947 ഏപ്രില്‍ 7ന്റെ 'ദേശാഭിമാനി' യില്‍ വന്ന കല്‍ക്കട്ട തീസിസ് വാര്‍ത്ത പുന്നക്കോടന്‍ കുഞ്ഞമ്പുവിന്റെ സിരകളിലെ രക്തം തിളപ്പിച്ചു. അഞ്ചാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമേ ഉള്ളുവെങ്കിലും കുഞ്ഞമ്പു മികച്ച വായനക്കാരനും സംവാദസദസ്സുകളിലെ നായകനുമായിരുന്നു. സി.പി.എസ്.യു ( ബി ) ചരിത്രം മന:പാഠമാക്കിയ അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് സ്റ്റഡി ക്ലാസ്സ് നല്‍കി. കൊഴുമ്മല്‍ അനന്തന്‍വളപ്പ് കര്‍ഷക സമ്മേളനം, കൊടക്കാട് കര്‍ഷക സമ്മേളനം, മൊറാഴ ചെറുത്തുനില്പ്, കയ്യൂര്‍-കരിവെള്ളൂര്‍ സമരങ്ങള്‍ എന്നിവ കുഞ്ഞമ്പുവിനെ കറ കളഞ്ഞ വിപ്ലവകാരിയാക്കി മാറ്റി.
1948 ഏപ്രില്‍ 21ന് രാത്രി പയ്യന്നൂര്‍ ഫര്‍ക്കയിലെ പോരാളികള്‍ വൈപ്പിരിയം പാറയില്‍ ഒത്തുകൂടി. അന്തിമ സമരത്തിന്റെ രൂപരേഖ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഫര്‍ക്കാ സെക്രട്ടറി സ: കെ.സി. കുഞ്ഞാപ്പു മാസ്റ്റര്‍ അവതരിപ്പിച്ചു. 1934 ഒക്ടോബര്‍ 16 മുതല്‍ 1935 ഒക്ടോബര്‍ 19 വരെ ജിയാങ്ങ്സി പ്രവിശ്യയിലെ യുദുവില്‍ നിന്ന് ഷാങ്ങ്സിയിലെ യെനാന്‍ വരെ ഒരു വര്‍ഷം നീണ്ടു നിന്ന ചൈനീസ് ചെമ്പടയുടെ ലോങ്ങ് മാര്‍ച്ചിന്റെ വീരകഥകള്‍ അവരെ ആവേശം കൊള്ളിച്ചിരിക്കാം. മാവോ സേതൂങ്ങ്, ചൗഎന്‍ലായ്, ചൂട്ടെ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ലോങ്ങ് മാര്‍ച്ച് മഹത്തായ ചൈനീസ് വിപ്ലവത്തിലെ നിര്‍ണ്ണായക ചുവടുവെയ്പായിരുന്നു.
1946 മുതല്‍ 1952 വരെ നടന്ന തെലുങ്കാന സായുധ സമരം ഇന്ത്യന്‍ വിപ്ലവ വഴിയിലെ നാഴികക്കല്ലായി ചരിത്രം രേഖപ്പെടുത്തി. പുച്ചിലപ്പള്ളി സുന്ദരയ്യ, ചന്ദ്ര രാജേശ്വര റാവു,മാക്കിനേനി ബസവപുന്നയ്യ, മല്ലു സ്വരാജ്യം എന്നിവരുടെ നേതൃത്വത്തില്‍ നൈസാമിനും റസാക്കര്‍ ഗുണ്ടകള്‍ക്കുമെതിരെ നടന്ന കാര്‍ഷിക വിപ്ലവം മൂവായിരത്തിലധികം ഗ്രാമങ്ങള്‍ വിമോചിപ്പിച്ചു. ചൈനീസ് ലോങ്ങ് മാര്‍ച്ചിന്റെയും തെലുങ്കാന സായുധ മുന്നേറ്റത്തിന്റെയും ഉജ്ജ്വലമായ അനുഭവങ്ങള്‍ മുന്നിലുണ്ട്. സ: പുന്നക്കോടന്‍ കുഞ്ഞമ്പുവടക്കം നാല്പതിലധികം വളണ്ടിയര്‍മാര്‍ പങ്കെടുത്ത വൈപ്പിരിയം യോഗം രണ്ടു രാപ്പകലുകള്‍ നീണ്ടു നില്‍ക്കുന്ന ആയുധമേന്തിയുള്ള ലോങ്ങ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. എരമം, കുറ്റൂര്‍, പ്രാപ്പൊയില്‍ വഴി മലബാറില്‍ നിന്ന് തെക്കന്‍ കാനറയുടെ ഭാഗമായ മുനയന്‍കുന്നിലെത്തി ചെറുത്തു നില്പ് ക്യാമ്പ് സംഘടിപ്പിച്ച് പോരാട്ടം നടത്താനായിരുന്നു പ്ലാന്‍. പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെ കാണാനുള്ള പുന്നക്കോടന്റെ അപേക്ഷ പരിഗണിച്ച സമര നേതൃത്വം ലോങ്ങ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കഴിയുന്നത്ര വേഗം എത്തിച്ചേരാനും ആവശ്യപ്പെട്ടു.
ഏപ്രില്‍ 22 നാണ് പുന്നക്കോടന്‍ സ്വദേശമായ പുത്തൂരിലെത്തിയത്. ഭാര്യ കുഞ്ഞി മാണിക്കത്തേയും ജ്യേഷ്ഠ സഹോദരി ചിരിയേയും കണ്ട് പുന്നക്കോടന്‍ അവസാനയാത്ര പറഞ്ഞു. താന്‍ പോകുന്നത് യുദ്ധമുഖത്തേക്കാണെന്നും തിരിച്ചുവരവ് അസാധ്യമാണെന്നും ആ വിപ്ലവകാരിക്ക് അറിയാമായിരുന്നു.' ഇനി അവസരമുണ്ടായാല്‍ കാണാം. ഏട്ടീ; കുഞ്ഞാണീന നല്ലോണം നോക്കണം. ജനിക്ക്ന്നത് ആണാണെങ്കില്‍ എന്റെ മോന് 'ഭാസ്‌ക്കരന്‍' എന്ന് പേര് വ്ളിക്കണം. വാലാട്ട്ന്ന ഒരു നായി ആയിറ്റ് മരിക്കാനാവില്ല. സമരം ചെയ്ത് മരിക്കണം.' മരണത്തിന്റെ മുരള്‍ച്ച അരികിലുണ്ടെന്നറിഞ്ഞ വിപ്ലവകാരിയുടെ വീരോചിതമായ വിടവാങ്ങല്‍ വാക്കുകള്‍.
ഒറ്റുകാരുടെയും ഗുണ്ടകളുടെയും കണ്ണുവെട്ടിച്ച് സമരമുഖത്തേക്കു തിരിച്ചു പോവുകയായിരുന്നു ആ വിപ്ലവകാരി. വഴിയില്‍ എം.എസ്.പിക്കാര്‍ വലവിരിച്ചു കാത്തു നിന്നു. പോലീസ് കോട്ടക്കുന്നില്‍ തമ്പടിച്ചിട്ടുണ്ടെന്നു മനസ്സിലാക്കിയ പുന്നക്കോടന്‍ വടക്ക് രാങ്കാട്ടിലേയ്ക്ക് ഓടിക്കയറി. കാടുവളഞ്ഞ പോലീസിന്റെ വല മുറിച്ച കുഞ്ഞമ്പു പടിഞ്ഞാറെ അതിര്‍ത്തിയായ മൊടയുള്ള പാറയുടെ നെറുകയിലെത്തി. ദത്തശ്രദ്ധനായി പോലീസിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു. താഴെ കാട്ടില്‍ നിന്നും മുക്കുവന്‍ ഗോപാലന്‍ എന്ന എം.എസ്.പിക്കാരന്‍ 303 റൈഫിളില്‍ ഘടിപ്പിച്ച ദൂരദര്‍ശിനിയിലൂടെ പുന്നക്കോടനെ കണ്ടു. കാഞ്ചി വലിച്ചു. വെടിയുണ്ട ചീറിപ്പാഞ്ഞു. വെടിയൊച്ച കേട്ട് രാങ്കാട്ടിലെ പക്ഷികള്‍ ചിറകടിച്ചു പറന്നു. തുപ്പാക്കിയുടെ ഗര്‍ജ്ജനം ദിഗന്തങ്ങളില്‍ തട്ടി പ്രതിദ്ധ്വനിച്ചു. വെടിയേറ്റ് തലച്ചോറ് ചിതറി മലര്‍ന്നടിച്ചു വീണ പുന്നക്കോടന്റെ ചുടുനിണം പടര്‍ന്ന് പെരളത്തിന്റെ മണ്ണു ചുവന്നു.
ILLUSTRATION | SAVINAY SIVADAS : TMJ
മുപ്പത്തിമൂന്നുകാരനായ ആ യുവവിപ്ലവകാരിയെ അപമാനിക്കാന്‍ ജഢം അനാഥ പ്രേതമാക്കി വഴിയിലുപേക്ഷിച്ചു. അതുകൊണ്ടും അരിശം തീരാത്ത എം.എസ്.പിക്കാര്‍; പുന്നക്കോടന്‍ അരുമയായി വളര്‍ത്തിയ 'കാടു' എന്ന നായയെ രാപ്പകല്‍ ഓടിച്ചിട്ടു തളര്‍ത്തി വെടിവെച്ചു കൊന്നു. പോലീസിനെയും ഗുണ്ടകളെയും കണ്ടാല്‍ മാത്രം കുരയ്ക്കുന്ന 'കാടു'വിനോട് അധികാരികള്‍ക്ക് അത്രയും പകയുണ്ടായിരുന്നു. പോലീസ് - ഗുണ്ടാ ഭീകരതയെ വെല്ലുവിളിച്ച് ജനനായകനായ സഖാവിന് പെരളം ഗ്രാമം വീരോചിതമായി വിട നല്‍കി. പുത്തൂര്‍ നാറോത്തുംചാല്‍ മുണ്ട്യക്ക് വടക്കുപടിഞ്ഞാറേ ഭാഗത്ത് പുന്നക്കോടന്‍ കുഞ്ഞമ്പുവിന്റെ മൃതദേഹം സംസ്‌കരിച്ചു.
'പുന്നക്കോടനെ സ്വന്തം വീട്ടില്‍ നിന്നോടിച്ചി-
ട്ടുന്നം പിഴയ്ക്കാതൊഴിച്ചതോക്കോ...... ?'
പെരളം ഗ്രാമം പുന്നക്കോടന്റെ വീരഗാഥകള്‍ പാടി ആവേശം കൊണ്ടു. രക്തസാക്ഷി പുന്നക്കോടന്റെ തന്റേടം എന്നും ഉയര്‍ത്തിപ്പിടിച്ചവളായിരുന്നു നേര്‍പെങ്ങള്‍ പുന്നക്കോടന്‍ ചിരി. സഹോദരന്റെ രക്തസാക്ഷിത്വത്തിനു ശേഷം കമ്മലും മാലയും ഉപേക്ഷിച്ച ചിരി, ഇനി മേലാല്‍ ആഭരണങ്ങള്‍ ധരിക്കില്ലെന്ന് ദൃഢപ്രതിജ്ഞ ചെയ്തു. ജീവിതാന്ത്യം ആ ധീരവനിത എടുത്ത തീരുമാനത്തില്‍ അടിയുറച്ചു നിന്നു.
പട്ടിണിയും ദാരിദ്ര്യവുമില്ലാത്ത പുതിയൊരു ലോകം എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ വീരമൃത്യു വരിച്ച പുന്നക്കോടന്‍ ഒരു രക്തനക്ഷത്രമായി ആകാശത്തില്‍ ജ്വലിച്ചു നിന്നു. നാടെമ്പാടും തലയുയര്‍ത്തി നിന്ന ചുവന്ന പൂവാകകള്‍ മെയ്ദിനത്തിന്റെ വരവറിയിച്ചു. രക്തസാക്ഷിത്വത്തിന് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ പുന്നക്കോടന്റെ ഭാര്യ കുഞ്ഞി മാണിക്കം ഓമനത്തമുള്ള ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. പോരാളിയായ കുഞ്ഞമ്പു വിടചൊല്ലിയ നേരം പറഞ്ഞ വാക്കുകള്‍ സ്മരിച്ചു കൊണ്ട്; ആ കുഞ്ഞിനെ 'ഭാസ്‌ക്കരന്‍' എന്ന പേരു ചൊല്ലി വിളിച്ചു. അരുണന്റെ രശ്മികള്‍ പോലെ എങ്ങും വെളിച്ചം പ്രസരിപ്പിച്ചു കൊണ്ട് അവന്‍ ചിരിച്ചു. അച്ഛന്റെ സ്നേഹലാളനകള്‍ ലഭിക്കാത്ത ബാല്യം. അനാഥത്വത്തിന്റെ സങ്കടത്തില്‍ അവന്‍ വിതുമ്പി. ഭാസ്‌ക്കരന്റെ നെറുകയില്‍ തലോടിക്കൊണ്ട് അമ്മ പാടി:
'ഒരു ലോകം നവലോകം ഉയരുന്നുണ്ടോമനേ കരയാതിരിക്കുകിലെന്റെ തങ്കം.
അരുമക്കിടാവിനെ താളം പിടിച്ചമ്മ
ഇരവിലൊരിക്കലീ പാട്ടുപാടി.
കളകണ്ഠന്‍ പോള്‍ റോബ്സന്‍ പാടിയ പാട്ടിന്റെ
അലകളില്‍ നിന്നച്ഛന്‍ ജീവിക്കുന്നു.
വെറുതെ രസത്തിനല്ലോ മനേ നിന്നച്ഛന്‍
വയലാറിന്‍ വിരിമാറില്‍ വീണടിഞ്ഞു.
കുരുതി കൊടുത്തതല്ലാരും നിന്നച്ഛനെ
മരണത്തെ അദ്ദേഹം മാലയിട്ടു...'
സര്‍ സി.പിയുടെ കിരാതമായ അമേരിക്കന്‍ മോഡല്‍ ഭരണത്തിനെതിരെ വാരിക്കുന്തങ്ങളുമായി പൊരുതിക്കയറി പുന്നപ്ര-വയലാറിലെ ചൊരിമണലില്‍ വെടിയേറ്റു വീണ വീരന്മാരെ സ്മരിച്ചു കൊണ്ടുള്ള വിപ്ലവഗാനം. അത് പുന്നക്കോടന്റെ ഗാനം കൂടിയാണ്. കര്‍ഷകത്തൊഴിലാളിയായ അമ്മ മകനെ പോറ്റാന്‍ ഏറെ കഷ്ടപ്പെട്ടു.കടുത്ത ദാരിദ്ര്യത്തിനിടയിലും ഭാവിയെ കരുതി ഭാസ്‌ക്കരനെ പെരളം യു.പി.സ്‌ക്കൂളില്‍ ചേര്‍ത്തു. പേനയും പുസ്തകവും കടം വാങ്ങിയ കഷ്ട ജീവിതം. സ്പോര്‍ട്സില്‍ താല്പര്യമുള്ള കൊച്ചു ഭാസ്‌ക്കരന്‍ കുപ്പായം കടം വാങ്ങി ഓട്ടമത്സരത്തില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ വാരിക്കൂട്ടി. എട്ടാം തരം കഴിഞ്ഞതോടെ വിദ്യാഭ്യാസം നിലച്ചു. ജീവിതം തള്ളിനീക്കാന്‍ പാടത്തു നിന്ന് കറ്റ തലയിലേറ്റിക്കൊണ്ടു പോകുന്ന പണിയിലേര്‍പ്പെട്ടു. രക്തസാക്ഷിയായ പിതാവിന്റെ വീരകഥകള്‍ അമ്മയില്‍ നിന്നു കേട്ടാണ് ഭാസ്‌ക്കരന്‍ വളര്‍ന്നത്. 'നിന്റെ അച്ഛന്‍ ആരെയും പേടിക്കാത്തവനാണ്. തീരുമാനത്തില്‍ അടിയുറച്ചു നിന്നു സമരം ചെയ്യുന്ന മനുഷ്യന്‍.' അമ്മ പറഞ്ഞു.
കരിവെള്ളൂര്‍ സമര നായകനായ ഏ.വി.കുഞ്ഞമ്പു ഭാസ്‌ക്കരനെ അടുത്തു വിളിച്ച് നെറുകയില്‍ തലോടി പറഞ്ഞു, 'എന്റെ വലം കൈയായിരുന്നു പുന്നക്കോടന്‍. അച്ഛന്റെ വീര പാരമ്പര്യം നീ കാത്തു സൂക്ഷിക്കണം.'
അമ്മയുടെയും സമര നായകന്റെയും വാക്കുകള്‍ അഗ്നി സ്ഫുലിംഗങ്ങളായി ഭാസ്‌ക്കരന്റെ സിരകളില്‍ പടര്‍ന്നു കയറി. ദാരിദ്ര്യത്തിന്റെ കറുത്ത കാലം.പഠിപ്പു നിര്‍ത്തിയ ഭാസ്‌ക്കരന്‍ കരിവെള്ളൂരില്‍ ബീഡിപ്പണിക്കു പോയി. സാധു ബീഡിത്തൊഴിലാളിയായി. വായനയുടെ കമ്പനിക്കാലം. സാമൂഹ്യ-രാഷ്ട്രീയ- സാംസ്‌ക്കാരിക പ്രശ്നങ്ങളുടെ സംവാദ കേന്ദ്രമായിരുന്നു അന്ന് ബീഡിക്കമ്പനികള്‍. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സര്‍വ്വകലാശാലയില്‍ നിന്ന് അവന്‍ ലോകത്തെ അറിഞ്ഞു. കടുത്ത ജീവിതാനുഭവങ്ങളില്‍ നിന്ന് ഭാസ്‌ക്കരന്‍ ഒരു യുവ വിപ്ലവകാരിയായി മാറി. സാധു ബീഡിയില്‍ നിന്ന് ഗണേഷ് ബീഡിക്കമ്പനിയിലേക്ക് പണി മാറി. അനീതികള്‍ക്കെതിരെ പൊരുതുന്ന അച്ഛന്റെ പാരമ്പര്യത്തെ മുറുകെ പിടിച്ചു മുന്നോട്ടു പോയി. അറുപതുകളുടെ പകുതിയില്‍ ബീഡിത്തൊഴിലാളികളുടെ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. കുറഞ്ഞകൂലിയും ചൂഷണവും ഈ മേഖലയില്‍ നിലനിന്നു. ബീഡി, ചുരുട്ട് തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനവും തൊഴില്‍ വ്യവസ്ഥകളും ഉറപ്പു നല്‍കുന്ന നിയമം കൊണ്ടുവരാന്‍ ഏ.കെ.ഗോപാലന്‍ പാര്‍ലമെന്റില്‍ സമരം ചെയ്തു. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി. നിയമം നടപ്പാക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിനു വിട്ടുകൊടുത്ത് കേന്ദ്ര സര്‍ക്കാര്‍ പിന്‍ വാങ്ങി.
ഇ. എം.എസ് മുഖ്യമന്ത്രിയായ 1967 ലെ സര്‍ക്കാര്‍ ഇദംപ്രഥമമായി ബീഡി, ചുരുട്ട് തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്ന നിയമനിര്‍മ്മാണം നടത്തി. ബീഡിത്തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകള്‍ ഉറപ്പാക്കുന്ന ഇത്തരമൊരു നിയമം ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും അന്നുണ്ടായിരുന്നില്ല. തൊഴിലാളികള്‍ക്കുവേണ്ടിയുള്ള ഈ നിയമത്തില്‍ മുതലാളിമാര്‍ വിറളി പൂണ്ടു. ബീഡി മേഖലയില്‍ മേല്‍ക്കൈ ഉണ്ടായിരുന്ന ഗണേഷ് ബീഡി പോലുള്ള സ്വകാര്യ ബീഡി ഉടമകള്‍ പ്രകോപിതരായി. ഒരു മുന്നറിയിപ്പുമില്ലാതെ ഗണേഷ് ബീഡിയുടെ മുതലാളി കണ്ണൂരിലെ കമ്പനികള്‍ പൂട്ടി മംഗലാപുരത്തേക്കു കടന്നു ! പാവപ്പെട്ട ആയിരക്കണക്കിന് തൊഴിലാളികള്‍ പെരുവഴിയിലായി. സമരസജ്ജരായ കണ്ണൂരിലെ ബീഡിത്തൊഴിലാളികള്‍ മംഗലാപുരത്തെ കമ്പനിയുടെ കേന്ദ്ര ആസ്ഥാനത്തേക്കു മാര്‍ച്ചു ചെയ്തു. നിരോധനാജ്ഞയും പോലീസ് - ഗുണ്ടാ ഭീഷണികളും അവഗണിച്ചു കൊണ്ട് തൊഴിലാളികളുടെ പ്രക്ഷോഭം ആരംഭിച്ചു. പാവങ്ങളുടെ പടത്തലവന്‍ ഏ.കെ.ജി ഉദ്ഘാടനം ചെയ്ത സുദീര്‍ഘസമരത്തില്‍ സജീവമായി പങ്കെടുത്ത ഭാസ്‌ക്കരന്‍ രക്തസാക്ഷി പുന്നക്കോടന്റെ ഉജ്ജ്വല പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു.
ILLUSTRATION | SAVINAY SIVADAS : TMJ
തൊഴിലാളി പ്രസ്ഥാനത്തിന്റെ സമര ധീരനായ നേതാവ് സ: ഒ.ഭരതനായിരുന്നു തൊഴിലാളി പ്രക്ഷോഭം നയിച്ചത്.ഭാസ്‌ക്കരനടക്കമുള്ള നൂറുകണക്കിനു തൊഴിലാളികളെ അറസ്റ്റു ചെയ്ത് മംഗലാപുരം സബ്ബ് ജയിലിലടച്ചു. വൃത്തിഹീനമായ തുറുങ്കുമുറി.ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം. മുപ്പത്തിയേഴു ദിവസത്തെ കാരാഗൃഹവാസം കഠിനമായിരുന്നു. കമ്പനിയുടമകളുമായി നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടു.ഈ സമരത്തിന്റെ തീച്ചൂളയില്‍ നിന്നു കൊണ്ട് ആത്മാഭിമാനമുള്ള ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ഉറച്ച തീരുമാനം കൈക്കൊണ്ടു. ബീഡിത്തൊഴിലാളി സഹകരണ സംഘം രൂപീകരിച്ച് പുതിയ ബീഡി ഉല്പാദിക്കാനുള്ള സാഹസികമായ തീരുമാനം.
കണ്ണൂര്‍ കേന്ദ്രമായി ബീഡിത്തൊഴിലാളി ഐക്യ സഹകരണ സംഘം രൂപീകരിച്ചു.'കേരള ദിനേശ് ബീഡി ' എന്ന 'തൊഴിലാളികളുടെ ബീഡി ', നിര്‍മ്മാണം തുടങ്ങി. ദിനേശ് ബീഡി കമ്പനികള്‍ നാടെമ്പാടും ആരംഭിച്ചു.'ദിനേശ് ബീഡി ' എന്ന മഹാപ്രസ്ഥാനം തൊഴില്‍ രഹിതരായ ആയിരങ്ങളെ ഉള്‍ക്കൊണ്ടു. പതിനായിരങ്ങള്‍ക്ക് തണലേകിയ ദിനേശ് ബീഡിയുടെ കരിവെള്ളൂരിലെ കമ്പനിയില്‍ ഭാസ്‌ക്കരനും ഒരു തൊഴിലാളിയായി. ബീഡിത്തൊഴിലാളി സമരം ഭാസ്‌ക്കരന് വെല്ലുവിളികള്‍ നേരിടാനുള്ള കരുത്തു നല്‍കി.ദിനേശ് ബീഡിത്തൊഴിലാളിയായി അദ്ദേഹം ജീവിച്ചു. കെ.എസ്.വൈ.എഫിന്റെയും കര്‍ഷകത്തൊഴിലാളി യൂണിയന്റെയും പാര്‍ട്ടിയുടെയും സജീവ പ്രവര്‍ത്തകനായ ഭാസ്‌ക്കരന്‍ അച്ഛന്‍ പുന്നക്കോടന്റെ വഴികളില്‍ കാലിടറാതെ മുന്നോട്ടു പോയി. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ കര്‍ഷകത്തൊഴിലാളികള്‍ക്കു ലഭ്യമാക്കാന്‍ യൂണിയന്‍ പ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം ഇപ്പോഴും സജീവമായി രംഗത്തുണ്ട്.
കെ.പി.ഭാസ്‌ക്കരന്റെ ജീവിതം ജനനം മുതല്‍ ഒരു തീ നടപ്പാണ്.അച്ഛന്റെ സ്നേഹം ലഭിക്കാതെ ദാരിദ്ര്യത്തില്‍ വളര്‍ന്ന ബാല്യം. സഹനങ്ങളും സമരങ്ങളും പിന്നിട്ട് കുടുംബ ജീവിതം ആരംഭിച്ചപ്പോഴും ദുരിതം ഭാസ്‌ക്കരനെ വിടാതെ പിന്തുടര്‍ന്നു. ദിനേശ് ബീഡിയില്‍ പെന്‍ഷന്‍ സമ്പ്രദായം തുടങ്ങുന്നതിനു മുമ്പ് അദ്ദേഹം കമ്പനി വിട്ടു. ജീവിക്കാന്‍ ഗതിയില്ലാതെ വലഞ്ഞപ്പോള്‍ ഭാര്യ ദേവകിയെ ബീഡി തെറുക്കാന്‍ പഠിപ്പിച്ചു. ദേവകി ദിനേശ് ബീഡിക്കമ്പനിയില്‍ ചേര്‍ന്ന് പണിയാരംഭിച്ചത് അല്പമൊരാശ്വാസം നല്‍കി. രണ്ടു പെണ്‍മക്കളും ഒരു മകനുമടങ്ങിയ കുടുംബം. പെണ്‍മക്കളുടെ വിവാഹം നടന്നു.ഇളയ മകന്‍ രാജീവന് ബാങ്കില്‍ വാച്ച്മാന്റെ പണി കിട്ടിയപ്പോള്‍ പ്രതീക്ഷകള്‍ക്ക് ചിറകുമുളച്ചു. എന്തു പറയാന്‍; പ്രതീക്ഷകള്‍ കരിഞ്ഞുണങ്ങിയത് വളരെ പെട്ടെന്നായിരുന്നു. പണി തുടങ്ങി ഏഴു മാസം പിന്നിട്ടപ്പോള്‍ ഒരു നാള്‍ മകന്‍ ജീവിതത്തില്‍ നിന്ന് പടിയിറങ്ങിപ്പോയി. ഏക മകന്റെ അകാല വിയോഗം ഭാസ്‌ക്കരനെയും കുടുംബത്തെയും പിടിച്ചുലച്ചു. പ്രായമായ അമ്മയെ പരിചരിക്കേണ്ടതുകൊണ്ട് ദേവകിക്ക് അവരുടെ നാടായ ചീമേനിയിലേക്കു താമസം മാറ്റേണ്ടി വന്നു. ഏകാന്തപഥികനായ ഭാസ്‌ക്കരന്‍ പക്ഷേ, ജീവിതം നല്‍കിയ വെല്ലുവിളികള്‍ക്കു മുമ്പില്‍ തളര്‍ന്നില്ല.
ദുരിതപ്പേമാരിയില്‍ തിരമാലകളോടേറ്റുമുട്ടി അദ്ദേഹത്തിന്റെ ജീവിതനൗക മുന്നോട്ടു പോവുകയാണ്. രക്തസാക്ഷി കുടുംബങ്ങള്‍ക്ക് പാര്‍ട്ടി നല്‍കുന്ന പരിമിതമായ തുകയാണ് ഇന്ന് ഭാസ്‌ക്കരന്റെ വരുമാനം.ഹൃദയരോഗം കൊണ്ടു വലയുന്ന അദ്ദേഹത്തിന് മരുന്നു വാങ്ങാന്‍ പോലും ഈ കാശ് തികയില്ല. എങ്കിലും നാടിനു വേണ്ടി പൊരുതി മരിച്ച സ:പുന്നക്കോടന്‍ കുഞ്ഞമ്പുവിന്റെ മകന് ജീവിതം ഉയര്‍ത്തുന്ന വെല്ലുവിളിക്കു മുമ്പില്‍ പതറി നില്‍ക്കാനാകില്ല. അച്ഛന്‍ പഠിപ്പിച്ചത് പൊരുതി മുന്നേറാനാണ്. പുന്നക്കോടന്റെ രക്തസാക്ഷിത്വത്തിന് എഴുപത്തിയഞ്ചു തികഞ്ഞപ്പോള്‍ അത്ര തന്നെ പ്രായമായ മകന്‍ ഭാസ്‌ക്കരന്‍ ജീവിതസമരത്തില്‍ തളരാതെ തലയുയര്‍ത്തി നില്‍ക്കുന്നു.
കഴിഞ്ഞ ദിവസം ഭാസ്‌ക്കരന്‍ പറഞ്ഞു:
'ഈ വേളയില്‍ ഒരിക്കലും മറന്നു കൂടാത്ത ഒരു രക്തസാക്ഷിത്വമുണ്ട്. അച്ഛന്‍ അരുമയായി വളര്‍ത്തിയ 'കാടു' എന്ന നായയുടെ വീരമൃത്യു. പോലീസിനെയും ഗുണ്ടകളെയും മാത്രം കണ്ടാല്‍ കുരയ്ക്കുന്ന 'കാടു'വിനെ, കലിപൂണ്ട എം.എസ്.പിക്കാര്‍ ഓടിച്ചു തളര്‍ത്തി വെടിവെച്ചു കൊന്നിട്ട് എഴുപത്തിയഞ്ചു വര്‍ഷം പിന്നിട്ടു. മിണ്ടാപ്രാണിയുടെ രക്തസാക്ഷിത്വം! ചരിത്രത്തിന്റെ ഏടുകളില്‍ ഇതു കൂടി രേഖപ്പെടുത്തണം.' നാടിനു വേണ്ടി പടവെട്ടി വീണ രക്തസാക്ഷികളെ അനുസ്മരിച്ചു കൊണ്ട് പുന്നക്കോടന്റെ മകന്‍ ഒരിക്കല്‍ക്കൂടി വിപ്ലവഗാനം ആലപിച്ചു:
ILLUSTRATION | SAVINAY SIVADAS : TMJ
'പടവെട്ടി വീണോരെ
പടനീക്കം കണ്ടോരെ
മുന്നേറും മലനാട്ടിന്‍ ദീപങ്ങളേ
നാടാകെ സ്മരിക്കും ചെഞ്ചോരക്കൊടികള്‍
നാട്ടിന്നു തന്നവരെ
നാട്ടിന്നു തന്നവരെ.'
കടപ്പാട് - നന്ദി ; പെരളം രക്തസാക്ഷി പുന്നക്കോടന്‍ കുഞ്ഞമ്പുവിന്റെ മകന്‍ കെ.പി.ഭാസ്‌ക്കരനുമായുള്ള അഭിമുഖം.
പാട്ടുകള്‍ പാടിത്തന്നത് ; കെ.പി.ഭാസ്‌ക്കരൻ, ടി. കൃഷ്ണൻ നായര്‍, പുന്നക്കോടന്‍ സ്മാരക നിര്‍മ്മാണത്തൊഴിലാളികള്‍
ചിത്രങ്ങള്‍ ; രതീഷ് കോളിയാട്ട്, മുരളീധരന്‍ കരിവെള്ളൂര്‍