മൂസോടിയിലെ മുക്കുവത്തി
വൈകിയെത്തിയ മരണവാര്‍ത്ത കേട്ടപ്പോള്‍ മനസ്സ് വല്ലാതെ നൊന്തു പോയി.
ഗുരുവമ്മ.
മൂസോടിയിലെ
മുക്കുവത്തി
ഇനി ഇല്ല.
മാനം ചെഞ്ചായം പൂശിയ ഒരു സന്ധ്യയിലാണ് ആറുമാസം മുമ്പ് മഞ്ചേശ്വരം മൂസോടി കടപ്പുറത്തെ ആ വീട്ടില്‍ ഞങ്ങളെത്തിയത്. നൂറ്റാണ്ട് പിന്നിട്ട മുത്തശ്ശിയുടെ മുന്‍ വരിയിലെ രണ്ടോ മൂന്നോ പല്ലുകള്‍ മാത്രമേ കൊഴിഞ്ഞിട്ടുള്ളൂ.
കാഴ്ചയ്ക്ക് മങ്ങലുണ്ടെങ്കിലും ഓര്‍മ്മകള്‍ക്കെന്ത് തെളിച്ചം! ഗുരുവമ്മയ്ക്ക് നൂറ്റിമൂന്നു വയസ്സ്. മുക്കുവ ഗ്രാമത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ. കാലം അവര്‍ക്ക് മുന്നില്‍ ശിരസ്സ് കുനിച്ചു. ഭര്‍ത്താവ് മരിച്ചിട്ട് മൂന്ന് പതിറ്റാണ്ടായി.
വീട്ടു വരാന്തയില്‍ തൂക്കിയിട്ട മീന്‍ വലകളുടെ പശ്ചാത്തലത്തില്‍; നടക്കാന്‍ പറ്റാത്ത മുത്തശ്ശി, നടപ്പ് യന്ത്രത്തില്‍ മുറുകെ പിടിച്ചിരുന്നു. ഞങ്ങളെ നോക്കി വെളുക്കെ ചിരിച്ചു. തുളുവാണ് സംസാരഭാഷ. മലയാളം കേട്ടാല്‍ മനസ്സിലാകും. തപ്പിത്തടഞ്ഞ് പറയും.
ILLUSTRATION | SAVINAY SIVADAS: TMJ
കൃഷ്ണ സാലിയന്റെയും സദാനന്ദ സാലിയന്റെയും രാജ് കുമാര്‍ സാലിയന്റെയും അമ്മയായ ഗുരുവമ്മയ്ക്ക് ആറ് മക്കളാണ്. ഒന്നര വര്‍ഷം മുമ്പ് രണ്ടുമക്കള്‍ മരിച്ചു പോയി. മക്കളും ഭാര്യമാരും ചെറുമക്കളും. എല്ലാവരും ഒന്നിച്ചു താമസിക്കുന്ന ആ ചെറിയ വീട് മൂസോടി കടപ്പുറം ശാരദാ നഗറിലാണ്. കേരളത്തിന്റെ വടക്കേ അതിര്‍ത്തിയിലുള്ള മത്സ്യ ഗ്രാമം. മക്കളെല്ലാം മത്സ്യത്തൊഴിലാളികള്‍. പെരുങ്കടലിലെ തുഴവള്ളക്കാര്‍. പതിമൂന്നാം വയസ്സിലാണ് ഗുരുവമ്മ മീന്‍ പണി തുടങ്ങിയത്. ഏതെല്ലാം തരം മീനുകള്‍ അവര്‍ കൊണ്ട് നടന്ന് വിറ്റു. കടലാഴങ്ങളിലെ അനവധിയായ മത്സ്യങ്ങളുടെ പേരുകള്‍ ഗുരുവമ്മ ഒറ്റ ശ്വാസത്തില്‍ പറയും ! അഞ്ച് പതിറ്റാണ്ടുകാലത്തെ മീന്‍ പണി. എഴുപത്തിരണ്ട് വയസ്സുവരെ അങ്ങ് ദൂരെ കിഴക്കുള്ള ബേള വരെ കിലോമീറ്ററുകള്‍ നടന്നു പോയി വീടുകള്‍ തോറും മീന്‍ വിറ്റു ആ മത്സ്യഗന്ധി.
മീന്‍ കൊടുത്ത് നെല്ലും അരിയും ചക്കയും വെള്ളരിക്കയും കുമ്പളങ്ങയും മത്തങ്ങയും വാങ്ങുന്ന ബാര്‍ട്ടര്‍ സമ്പ്രദായമായിരുന്നു പണ്ട്. ഒടുവില്‍ കാശ് വാങ്ങി മീനുകള്‍ വില്‍ക്കുന്ന കാലത്തും ഗുരുവമ്മ സജീവമായിരുന്നു. നടക്കാന്‍ വയ്യാണ്ടായപ്പോള്‍ പണി നിര്‍ത്തി. അപ്പോഴേക്കും മീന്‍പിടിത്തക്കാരും മീന്‍ കാരികളുമായി മക്കള്‍ മുതിര്‍ന്നു. വലകള്‍ക്കിടയിലൂടെ പടിഞ്ഞാറന്‍ കടലിനെ നോക്കി ഗുരുവമ്മ ചെറുമക്കള്‍ക്ക് ആരും പറയാത്ത പെരുങ്കടല്‍ക്കഥകള്‍ പറഞ്ഞു കൊടുത്തു. മീന്‍ മണമുള്ള ആ പഴയ കാലം ഗുരുവമ്മയുടെ ഓര്‍മ്മയില്‍ പച്ച പിടിച്ചങ്ങനെ നില്‍പ്പുണ്ട്!
ILLUSTRATION | SAVINAY SIVADAS: TMJ
സായിപ്പിനും മദാമ്മയ്ക്കും എഴുന്നള്ളാനുള്ള റോഡിനും സൈക്കിള്‍ പാത്തിനും താമസിക്കാനുള്ള റിസോര്‍ട്ടിനും വേണ്ടി ഗുരുവമ്മയും അവരെപ്പോലുള്ള എത്രയോ കുടുംബങ്ങളും ഈ തീരം വിട്ടൊഴിയണമെന്ന സര്‍ക്കാര്‍ തീട്ടൂരം കായംകുളം വാളായി തലയ്ക്കു മീതെ തൂങ്ങി നില്‍ക്കുന്നു! പിറന്ന മണ്ണും കുടിയും വിട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന എങ്ങോട്ടെങ്കിലും പോകാന്‍ തങ്ങള്‍ ഒരുക്കമല്ലെന്ന് ഗുരുവമ്മയും മക്കളും ചെറുമക്കളും ഒറ്റ സ്വരത്തില്‍ പറഞ്ഞു.
മൂസോടിയിലെ കടലിന്റെ മക്കള്‍ അതേറ്റു പറഞ്ഞു. അവരുടെ നിശ്ചയദാര്‍ഢ്യത്തെ ജ്വലിപ്പിക്കാനും തീരദേശത്തിന്റെ അധികാരം തീര ജനതയ്‌ക്കെന്ന മുദ്രാവാക്യമുയര്‍ത്തുന്ന ജനകീയ സമരത്തില്‍ കടലോരവാസികളെ അണിനിരത്താനുമാണ് ഞങ്ങളവിടെ എത്തിയത്.
തീരശോഷണത്തിനിടയാക്കുന്ന സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അധിനിവേശ നയത്തിനെതിരെ തീരവാസികളുടെ സമരവീര്യം ഉയര്‍ത്തിപ്പിടിക്കണമെന്ന ആഹ്വാനവുമായി മാഗ്ലിന്‍ ഫിലോമിനയ്ക്കും സിന്ദൂരയ്ക്കും പ്രകാശനും ശിവ് ലാലിനും സമര്‍ അമനുമൊപ്പം തീരഭൂസംരക്ഷണ വേദിയുടെ സന്ദേശവുമായി മൂസോടി കടപ്പുറത്തെത്തിയത് ജീവിതത്തിലെ വിലമതിക്കാനാകാത്ത അനുഭവമാണ്. സര്‍ക്കാരിന്റെ പുലിമുട്ട് തങ്ങളുടെ ജീവിതത്തില്‍ തീ കോരിയിട്ടതില്‍ രോഷം കൊണ്ട ഹമീദ്ക്കയും കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്ന് അനാഥമായ കുടുംബത്തിലെ ഖലീലും തീരവാസികളായ ബീഡി ഇസ്മായിലും ബൈക്ക് ഇസ്മയിലും ഫാറൂക്കും.
ഇന്നലെ വരെ അറിയപ്പെടാതിരുന്ന ഈ മനുഷ്യരുമായി സൗഹൃദം പകര്‍ന്നു നല്‍കിയ പോരാട്ടത്തെ ഞങ്ങള്‍ ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്തു. വിശ്വ മഹാകവി പാബ്ലോ നെരൂദ പാടിയതുപോലെ;
'അറിയപ്പെടാത്ത മനുഷ്യരുമായി
നീ എനിക്ക് സാഹോദര്യം നല്‍കി.
ജീവിച്ചിരിക്കുന്ന എല്ലാറ്റിലുമുള്ള കരുത്ത് മുഴുവന്‍
നീ എനിക്ക് നല്‍കി
.......................
ഏകാകിയായ മനുഷ്യന് ലഭിക്കാത്ത സ്വാതന്ത്ര്യം
നീ എനിക്ക് നല്‍കി
........................
ഇനിമേല്‍ ഞാന്‍ എന്നില്‍ തന്നെ ഒടുങ്ങുന്നില്ല.'
( 'എന്റെ രാഷ്ട്രീയ കക്ഷിക്ക് ' (കവിത) / കാന്റോ ജെനറല്‍)
കടലും തീരവും കോര്‍പ്പറേറ്റുകള്‍ക്കും ടൂറിസം മാഫിയകള്‍ക്കും തീരെഴുതരുത്, പുനര്‍ഗേഹം പദ്ധതി ഒരു വഞ്ചനയാണ്, തീരത്തിന്റെയും കടലിന്റെയും അവകാശം നിയമം വഴി തീര ജനതയ്ക്ക് ഉറപ്പാക്കുക, കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവരെ ഉടനെ പുനരധിവസിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് 2021 നവംബര്‍ 9, 10 തീയതികളില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ നടന്ന 'കടല്‍ക്കോടതി ' സമര ചരിത്രത്തില്‍ ഉജ്ജ്വലമായ ഏടായി മാറി.
ILLUSTRATION | SAVINAY SIVADAS: TMJ
മീന്‍ മണമുള്ള മനുഷ്യര്‍
കടല്‍ക്കോടതിയില്‍ വച്ച് ജനവിരുദ്ധരായ അധികാരികളെ പ്രതീകാത്മകമായി വിചാരണ ചെയ്തു. 'പിറന്ന മണ്ണും കുടിയും വിട്ട് ഞങ്ങള്‍ എങ്ങോട്ടുമില്ല...'
കേരളത്തിന്റെ വടക്കേ അറ്റമായ മൂസോടി മുക്കുവ ഗ്രാമത്തിലെ മുത്തശ്ശിയുടെ ഉജ്ജ്വലമായ വാക്കുകള്‍ എഴുതിയ ബാനര്‍ സമരത്തിന്റെ കൊടിക്കൂറയായി അനന്തപുരിയില്‍ ഉയര്‍ന്നു പാറി.
മഞ്ചേശ്വരത്ത് നിന്ന് തിരുവനന്തപുരത്തെത്താന്‍ പ്രായം തളര്‍ത്തിയ ഗുരുവമ്മയ്ക്ക് സാധിച്ചില്ലെങ്കിലും തന്റെ വാക്കുകള്‍ കേരളമെമ്പാടുമുള്ള കടലിന്റെ മക്കള്‍ ; ദിഗന്തങ്ങള്‍ ഭേദിക്കും വിധം ഉറക്കെ വിളിച്ചു പറഞ്ഞ വാര്‍ത്ത മൂസോടിയിലെ മുത്തശ്ശിയെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. മൂസോടിയിലെ മുക്കുവ ത്തിക്കറിയാമായിരുന്നു;
താന്‍ മരിച്ചാലും പിറന്ന മണ്ണും കുടിയും വിട്ട് തീരവാസികള്‍ ഇവിടം വിട്ടു പോകില്ലെന്ന്. പക്ഷേ, തീരദേശ വാസികളെ കണ്ണീരിലാഴ്ത്തി ഇക്കഴിഞ്ഞ വേനല്‍പ്പകലറുതിയില്‍ ഗുരുവമ്മ പോയി.
രണ്ട് മാസം പിന്നിട്ടു.
കാലവര്‍ഷക്കടല്‍ കലിതുള്ളിയ കഴിഞ്ഞ പ്രഭാതത്തിലാണ് കടല്‍ മുത്തശ്ശിയുടെ വിയോഗ വാര്‍ത്ത വൈഷ്ണാ വാസുകിയുടെ സന്ദേശമായി എത്തിയത്. തിമിര്‍ത്തു പെയ്യുന്ന മഴയില്‍; ചിരിക്കുന്ന ഗുരുവമ്മയുടെ മുഖം തെളിഞ്ഞു കാണുന്നു.