പാവങ്ങളുടെ പാട്ടുകാരന്‍
കരുത്തിന്റെ കവി കടമ്മനിട്ടയെ ഉള്ളില്‍ കൊണ്ടു നടന്ന ആ മനുഷ്യന്‍ കവിയരങ്ങുകളില്‍ നിറഞ്ഞു നിന്ന ഒരു കാലമുണ്ടായിരുന്നു. മുതുക് അല്പം കുനിഞ്ഞു നടക്കുന്ന അയാള്‍ കരുത്തിന്റെ കവിത ചൊല്ലുമ്പോള്‍ തലയുയര്‍ത്തിപ്പിടിക്കും. കാലുകൊണ്ടു താളം ചവിട്ടി കൈയുയര്‍ത്തിപ്പാടുമ്പോള്‍ ചുരുള്‍ മുടികള്‍ കവിതയ്‌ക്കൊപ്പം ഉലഞ്ഞാടും. വെള്ളത്തിലെ മത്സ്യത്തെപ്പോലെ എന്നും ജനങ്ങള്‍ക്കിടയില്‍ പടപ്പാട്ട് പാടിയും കവിത ചൊല്ലിയും നാടകം കളിച്ചും സമരം ചെയ്തും ജീവിച്ച ആ മനുഷ്യനെ നാട്ടുകാര്‍
'കടമ്മനിട്ട ' എന്നു വിളിച്ചു.
ഇക്കഴിഞ്ഞ മഹാമാരിയില്‍ വിട പറഞ്ഞ പയ്യന്നൂര്‍ മാത്തിലെ കെ.വി നാരായണന്റെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്കിടയിലായിരുന്നു.
"അയാളുടെ പുരുഷത്വം നിറഞ്ഞ സ്വരത്തില്‍ ആ കവിതകള്‍ ഉച്ചഭാഷിണിയില്‍ നിന്ന് സ്വതന്ത്രമായി.
'നിങ്ങളെന്റെ കറുത്ത മക്കളെ
ചുട്ടു തിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍
ചൂഴ്‌ന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം
കുളം തോണ്ടുന്നോ?'
കവിത ചൊല്ലുന്ന അതേ സ്വരത്തില്‍ അതേ രൂപമുള്ള ഈ മനുഷ്യന്‍ കവിത ചൊല്ലുന്നതു കണ്ട് ഞങ്ങളിലാരോ അയാളെ വിളിച്ചു; 'കടമ്മനിട്ട '
സാംസ്‌ക്കാരിക സദസ്സുകളിലും കലാപരിപാടികളിലും കടമ്മനിട്ട എന്ന ഈ മനുഷ്യന്റെ കവിത ചൊല്ലല്‍ ഒരു സ്ഥിരം പരിപാടിയായി. അതുവരെ കടല കൊറിച്ചും കറങ്ങി നടന്നും വെറുമൊരു സാധാരണ ജീവിതം നയിച്ച ഇയാള്‍ കവിത ചൊല്ലുമ്പോള്‍ മാത്രം അലൗകികമായ ഒരു തലത്തിലേക്കുയരുന്നതായി ഞങ്ങള്‍ക്കു തോന്നി. ആ സമയം ആ മുഖവും കണ്ണുകളും ചുണ്ടുകളും ചൂണ്ടുവിരലും ശരീരവും താളമടിക്കുന്ന കൈത്തലവും അയാളെ ഒരു വെളിച്ചപ്പാടിന്റെ രൂപത്തിലേക്ക് ഒടിവിദ്യ പോലെ മാറ്റിത്തീര്‍ക്കും.
നേരത്തെ നടന്നു പോയ നിസ്സാരനായ ഒരുത്തന്റെ തലത്തില്‍ നിന്നും തികച്ചും ഗൗരവമുള്ള ഒരു വ്യക്തിത്വത്തിലേക്ക് അയാള്‍ നടന്നു കയറുന്നത് നാട്ടില്‍ ചര്‍ച്ചയായി. 'നിങ്ങള്‍ക്ക് കടമ്മനിട്ടക്കവിതകള്‍ ചൊല്ലുമ്പോള്‍ എന്താ ഇത്ര ആവേശം?' ഏട്ടനൊരിക്കല്‍ അയാളോട് ചോദിച്ചപ്പോള്‍ എന്തുകൊണ്ടാണെന്ന് അയാള്‍ക്കു തന്നെ പറയുവാന്‍ കഴിഞ്ഞില്ല. പറയാനുള്ള ശ്രമത്തിനിടയില്‍ അയാളുടെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി.
'ഞങ്ങളുടെയൊക്കെ ജീവിതമല്ലേ മാഷേ ആ കവിതകളില്‍..'
ഏട്ടന്‍ കൂടുതലൊന്നും ചോദിച്ചില്ല.
പാറ പൊട്ടിക്കുന്ന കരുത്തനായ ഈ മനുഷ്യന്‍ ഒരു ശിശുവിനെപ്പോലെ നിഷ്‌ക്കളങ്കമായി തന്നെ നോക്കി നില്‍ക്കുന്നത് ഏട്ടന്‍ ശ്രദ്ധിച്ചു. '
കടമ്മനിട്ടക്കവിതകള്‍ സ്വന്തം കവിതകള്‍ പോലെ സ്വാംശീകരിച്ച് കടമ്മനിട്ടയുടെ അപരനായി മാറിയ കെ.വി നാരായണനെ തൊട്ടു കൊണ്ട് എഴുത്തുകാരന്‍ ഹരിദാസ് കരിവെള്ളൂര്‍ എഴുതിയ 'പകര്‍പ്പവകാശം' എന്ന കഥയില്‍ ജനകീയനായ ആ മനുഷ്യന്‍ ഇനിയുമേറെക്കാലം ജീവിക്കും. കവിതയെ ജീവശ്വാസമാക്കിയ മനുഷ്യനാണ് പാവങ്ങളുടെ മുടി മുറിക്കാരനായ നാരായണന്‍. മാത്തില്‍ നാട്ടങ്ങാടിയിലെ കൊച്ചുമുറിയാണ് തൊഴിലിടം. ബാര്‍ബര്‍ഷാപ്പിനപ്പുറം ഒരു രാഷ്ട്രീയ- സാംസ്‌ക്കാരിക സര്‍വ്വകലാശാല കൂടിയായിരുന്നു അത്. നേരം വെളുക്കുമ്പോള്‍ തുറക്കുന്ന ബാര്‍ബര്‍ഷാപ്പ് പാതിരാവാകുമ്പോഴെ അടയ്ക്കാറുള്ളൂ. പത്ര-മാസികകളുടെ വായനയും സംവാദവും മുടി മുറിക്കുന്നതിനിടയില്‍ മുറുകിക്കയറും. സാര്‍വ്വദേശീയ- ദേശീയ- പ്രാദേശിക വിഷയങ്ങള്‍. കലയും സാഹിത്യവും സംഗീതവും ചിത്രവും ചരിത്രവും നാടകവും സിനിമയും എന്നു വേണ്ട ആകാശത്തിനു ചുവട്ടിലെ സര്‍വ്വകാര്യങ്ങളും അവിടത്തെ ചര്‍ച്ചയ്ക്കു വിഷയമാകും. നാരായണന്റെ കടയില്‍ മുടി മുറിക്കാന്‍ വരുന്നവരും വായിക്കാന്‍ വരുന്നവരും അകം നിറഞ്ഞേ തിരിച്ചുപോകാറുള്ളൂ.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ ഈ ബാര്‍ബര്‍ മുടി മുറിക്കുന്നതിനിടയില്‍, ഷേവിങ്ങ് നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ റോഡില്‍ പാര്‍ട്ടി ജാഥ കണ്ടാല്‍ പണി നിര്‍ത്തി അതില്‍ പങ്കെടുക്കാനായി ഓടിപ്പോകും! ടി.വി.ചന്ദ്രന്റെ 'ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം' എന്ന സിനിമയിയിലെ ബാര്‍ബര്‍ ( ശ്രീനിവാസന്‍) നാട്ടുകാരുടെ കടമ്മനിട്ടയായ നാരായണന്‍ തന്നെയായിരുന്നു എന്ന് പലരും അടക്കം പറഞ്ഞു. കത്രിക കൊണ്ട് ജീവിതായോധനം നടത്തുന്നവര്‍ രാഷ്ട്രീയ അവബോധമുള്ളവരായിരുന്നു. ബാര്‍ബറും തുന്നല്‍ക്കാരനും ബീഡിക്കാരനുമാണ് അക്കാലത്ത് നാട്ടുമ്പുറത്ത് രാഷ്ട്രീയ ജാഗ്രതയുടെ കാവല്‍ക്കാര്‍. ബാര്‍ബര്‍ഷാപ്പും ടൈലര്‍ ഷാപ്പും ബീഡിക്കമ്പനിയും രാഷ്ട്രീയ-സാംസ്‌ക്കാരിക സംവാദങ്ങളുടെ സജീവ കേന്ദ്രങ്ങളായ കാലം.
ILLUSTRATION | SAVINAY SIVADAS : TMJ
കത്രികക്കലമ്പലുകള്‍ക്കിടയില്‍ ജ്വലിക്കുന്ന ചര്‍ച്ചകള്‍ ഈ തൊഴിലാളികളെ സാമൂഹ്യ മാറ്റത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിലെ ചുരുട്ടിയ മുഷ്ടികളാക്കി. പെരിങ്ങോം തണ്ടനാട്ടുപൊയിലിലെ കോട്ടയില്‍ ജനിച്ച നാരായണന്‍ മുടിമുറിക്കാരനായി. കരിവെള്ളൂരിലെ എന്‍.യശോദയെ വിവാഹം ചെയ്തു. അവര്‍ക്കു മൂന്നു മക്കള്‍ - ചാന്ദിനി, ജലജ, സുനിത.
അടിമുടി രാഷ്ട്രീയക്കാരനായ ഈ മുടിമുറിക്കാരന്റെ കുടുംബം കുറുവേലിയിലും മാത്തിലും വാടക വീടുകളില്‍ താമസിച്ചു. നാരായണന്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയായി.പാവങ്ങളുടെ പരിദേവനത്തിന് ചെവികൊടുത്ത അയാള്‍ക്ക് പണിയെടുക്കാന്‍ പലപ്പോഴും നേരം കിട്ടിയില്ല. ഒന്നും രണ്ടും പണി കിട്ടുമ്പോഴായിരിക്കും സങ്കടങ്ങളുടെ മാറാപ്പുമായി നാട്ടുകാര്‍ വരിക. ഫോറം പൂരിപ്പിക്കല്‍, രോഗികളെ ആശുപത്രിയിലെത്തിക്കല്‍ എന്നിങ്ങനെ പല ആവശ്യങ്ങള്‍ക്കായി എത്തുന്നവരുടെ സങ്കടങ്ങള്‍ നിവര്‍ത്തിച്ചു കൊടുക്കാനായിരുന്നു നാരായണന്‍ സമയമേറെയും ചെലവിട്ടത്.
സഞ്ചരിക്കുന്ന നീതിന്യായക്കോടതിയായിരുന്നു അദ്ദേഹം. അതിര്‍ത്തിത്തര്‍ക്കങ്ങളിലും കുടുംബ പ്രശ്‌നങ്ങളിലും നാട്ടു മധ്യസ്ഥനായി. പാര്‍ട്ടി കമ്മിറ്റികളും ഗൃഹസന്ദര്‍ശനങ്ങളും കഴിയുമ്പോള്‍ നേരമേറെക്കഴിഞ്ഞിരിക്കും. പലപ്പോഴും വീടണയുമ്പോള്‍ പാതിരാവാകും. കൊച്ചു കുഞ്ഞുങ്ങളെയും ചിറകിലൊതുക്കി വഴിക്കണ്ണുമായി മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കിന്റെ വെട്ടത്തില്‍ ആധിയോടെ യശോദ അയാളെ കാത്തിരിക്കും.
ഭൂമിക്കും ഭക്ഷണത്തിനും വേണ്ടി പൊരുതി രക്തസാക്ഷികളായവരുടെ ചുവന്ന മണ്ണാണ് കരിവെള്ളൂര്‍.നാരായണന് കരിവെള്ളൂര്‍ രണ്ടാം വീടാണ്. ഡിസംബര്‍ ഇരുപത് എത്തിയാല്‍ അയാള്‍ക്ക് ഇരിക്കപ്പൊറുതിയുണ്ടാവില്ല. രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ നാരായണന്റെ നേതൃത്വത്തില്‍ നാട്ടുമ്പുറത്തെ പണിയെടുക്കുന്ന മനുഷ്യര്‍ കരിവെള്ളൂരിനെ ലക്ഷ്യമാക്കി ഏറെ ദൂരം നടക്കും. കുന്നും വയലും കൈത്തോടും കടന്നുള്ള യാത്ര. വടശ്ശേരിയും പ്രാന്തന്‍ചാലും കൊഴുമ്മലും പെരളവും പിന്നിട്ട് രണ്ടര മണിയോടെ രക്തസാക്ഷി നഗറിലെത്തും. പിന്നെ;കുണിയന്‍ പുഴയുടെ തീരത്തെ കുരുതിപ്പാടത്തേക്ക് ചുവപ്പു വളണ്ടിയര്‍ മാര്‍ച്ച്.പിറകില്‍ ആവേശഭരിതരായ മനുഷ്യരെ നയിച്ചുകൊണ്ട് ഉയരത്തില്‍ പാറുന്ന ചെങ്കൊടിയായി നാരായണന്‍ തലയുയര്‍ത്തി പാട്ടുപാടി നടക്കും.
ചോര വീണ മണ്ണില്‍ നിന്ന് ഓര്‍മ്മകളെ ജ്വലിപ്പിച്ച ശേഷം തിരിച്ച് ഓണക്കുന്ന് മൈതാനത്തിലേക്ക്.അല്പനേരത്തെ വിശ്രമത്തിനു ശേഷം ആരംഭിക്കുന്ന പൊതു പ്രകടനത്തില്‍ ദേശീയ പാതയില്‍ കയറിക്കഴിഞ്ഞാല്‍ ചങ്കുപൊട്ടുന്ന മുദ്രാവാക്യങ്ങളുമായി നാരായണന്‍ കത്തിക്കയറും
കലശലായ വിക്കുള്ള ആ മനുഷ്യന്‍ നിമിഷ നേരം കൊണ്ട് മുദ്രാവാക്യങ്ങള്‍ രചിക്കും. നീരുറവയില്‍ നിന്നെന്ന പോലെ പൊട്ടിപ്പുറപ്പെടുന്ന ചടുലമായ മുദ്രാവാക്യങ്ങളും മുദ്രാ ഗീതങ്ങളും അലയടിച്ചാര്‍ക്കും.
'കു.... കു.... കുഴിമാടം
കൈചൂണ്ടിപ്പറയുന്നു ഞങ്ങള്‍
ഒരു കോടി ധീരന്മാര്‍ വഴികാട്ടി നില്‍ക്കേ
ആവേശത്താല്‍ ഞങ്ങള്‍ വിളിക്കും
ഇന്‍ക്വിലാബ് സിന്ദാബാദ്
...............................
നിങ്ങളുയര്‍ത്തിയ ചോരച്ചെങ്കൊടി
ഞങ്ങളിവാനിലുയര്‍ത്തി കെട്ടും
നിങ്ങള്‍ വിളിച്ചൊരു മുദ്രാവാക്യം
ഞങ്ങളിമണ്ണില്‍ ശാശ്വതമാക്കും'
മുദ്രാവാക്യം വിളി, മുഷ്ടി ചുരുട്ടി ആവേശഭരിതനായാല്‍ അനര്‍ഗള പ്രവാഹമായി മാറും. അപ്പോള്‍ വിക്കും കക്കും പമ്പ കടക്കും! നാരായണന്റെ ഉശിരുള്ള മുദ്രാവാക്യം ഏറ്റുവിളിക്കാന്‍ ചെറുപ്പക്കാര്‍ തിക്കിത്തിരക്കി വരും.
ആനുകാലിക രാഷ്ട്രീയ വിഷയങ്ങളെ മുദ്രാഗീതങ്ങളാക്കാന്‍ സമര്‍ത്ഥനാണ് ഈ മനുഷ്യന്‍.
ഒരിക്കല്‍ നാരായണന്‍ തൊള്ള തുറന്ന് ഈണത്തില്‍ പാടി :
' കേരള മുഖ്യന്‍ അന്തോണിക്കോ
കിടുകിട വിറയുമൊരന്ധാളിപ്പും...;
പത്മരാജന്‍ പത്മാസനത്തില്‍!'
സമരങ്ങളിലും രക്തസാക്ഷി ദിന പ്രകടനങ്ങളിലും രാഷ്ട്രീയത്തിന്റെ തീ പാറുന്ന മുദ്രാവാക്യങ്ങള്‍. കുറിക്കു കൊള്ളുന്ന ആക്ഷേപഹാസ്യം നിറഞ്ഞു തുളുമ്പുന്ന മുദ്രാ ഗീതങ്ങള്‍. വിളിച്ചത് രേഖപ്പെടുത്തി വച്ചിരുന്നുവെങ്കില്‍ നിരവധി പേജുകളുള്ള പുസ്തകങ്ങളായി മാറിയേനെ.
ILLUSTRATION | SAVINAY SIVADAS : TMJ
നാരായണന്‍ പാടുന്ന വിപ്ലവഗാനങ്ങള്‍ ; കേള്‍ക്കുന്നവരില്‍ പോരാട്ട വീര്യം നിറയ്ക്കും.
' ഇടിമുഴക്കങ്ങളിലൂടെ ഈ നാടിന്റെ
കരളിലേക്കോടി ഇറങ്ങിയ വെട്ടമേ.....
തടവറ തട്ടിത്തകര്‍ത്തു വരുമൊരു
ശിലകള്‍ പിളര്‍ക്കുന്ന തീ നാളമേ...
ഞങ്ങളൊരിക്കലും തോറ്റു മടങ്ങാത്ത
സംഗര ജ്വാലകളല്ലോ
കൊന്നു കുഴിച്ചിട്ടാല്‍ ഒന്നിനൊന്നായിരം
പിന്നെയും ഞങ്ങള്‍ മുളച്ചുപൊന്തും... '
വിപ്ലവഗായകന്‍ കെ.പി.ആര്‍ പണിക്കരുടെ ഗാനം നാരായണന്റെ കണ്ഠനാളത്തിലൂടെ ശ്രോതാക്കളുടെ ചെവിയിലെത്തുമ്പോള്‍ കാന്തശക്തിയാല്‍ ആകര്‍ഷിക്കപ്പെട്ട പോലെ ഞൊടിയിടയില്‍ ജനസമുദ്രം ആവേശത്താല്‍ ഇരമ്പിയാര്‍ക്കും.
കെ.പി.എ.സിയുടെ പാട്ടുകള്‍ ഈ മനുഷ്യന്‍ പാടുമ്പോള്‍ വല്ലാത്തൊരു ഭാവപ്രപഞ്ചം രൂപപ്പെടും.
' ബലികുടീരങ്ങളേ....
ബലികുടീരങ്ങളേ.....
സ്മരണകളിരമ്പും രണസ്മാരകങ്ങളേ....
ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍
സമരപുളകങ്ങള്‍ തന്‍ സിന്ദൂരമാലകള്‍...'
ചിലപ്പോള്‍ കെ.എസ്.ജോര്‍ജ്ജായി മാറുന്ന നാരായണന്‍ കൈയുയര്‍ത്തി താളം പിടിച്ച് വിറച്ചു പാടും:
'മാരിവില്ലിന്‍ തേന്‍മലരേ...
മാഞ്ഞു പോകയോ.....
മാഞ്ഞു പോകയോ
നീളെ നീളെ പാടങ്ങളെല്ലാം
കൊതി തുള്ളി നില്‍ക്കവേ...
കൊതി തുള്ളി നില്‍ക്കവേ
തേന്‍മലര്‍ ചൂടാന്‍ ഉള്‍ക്കുളിര്‍ പൂകാന്‍
നീ വരില്ലിനി.......
നീ വരില്ലിനി. '
ഇല്ലിമുളം കാടുകളെ തഴുകി വരുന്ന കെ എസ് ജോര്‍ജ്ജിന്റെ ഗാനം നാരായണന്റെ ശബ്ദത്തിലും അതേ വികാരത്തോടെ ജനങ്ങള്‍ ഹൃദയത്തിലേറ്റു വാങ്ങും.
' ഇല്ലിമുളം കാടുകളില്‍
ലല്ലലലം പാടി വരും
തെന്നലേ..... തെന്നലേ
അല്ലിമലര്‍ക്കാവുകളില്‍ വള്ളികളിലൂയലാടും
തെന്നലേ..... തെന്നലേ '
കെ പി എ സി സുലോചനയുടെ ഗാനം;
'മാമ്പൂപ്പൂക്കള്‍ പൊട്ടി വിരിഞ്ഞു
ഞാനൊരു മാമ്പഴം തിന്നാന്‍ കൊതിച്ചു.... ' നാരായണന്‍ ഈണത്തില്‍ പാടുമ്പോള്‍ ആരിലും മാമ്പഴക്കൊതി പടരും.
നാടന്‍കലകള്‍ക്കൊപ്പം പാടുന്ന പാട്ടുകളുടെ ഈണത്തില്‍ രാഷ്ട്രീയ വീര്യം നിറയ്ക്കാന്‍ നാരായണനുള്ള വിരുത് അപാരമാണ്. ഈ മനുഷ്യന്റെ നാട്ടുമണമുള്ള വരികള്‍ കളംപാട്ടും പൂരക്കളിപ്പാട്ടും കോല്‍ക്കളിപ്പാട്ടുമായി വടക്കന്‍ കേരളത്തിലെ പാര്‍ട്ടി വേദികളില്‍ ഒരു കാലത്ത് അലയടിച്ചുയര്‍ന്നു.നാരായണന്‍ പാടുന്ന പാട്ടുകള്‍ പാര്‍ട്ടി അണികളെയും ബഹുജനങ്ങളെയും ആവേശം കൊള്ളിച്ചു. കവിയരങ്ങുകളില്‍ കത്തിപ്പടര്‍ന്ന കടമ്മനിട്ട രാമകൃഷ്ണന്‍; നാരായണനില്‍ ആവേശിച്ചു. 'കുറത്തി 'യും 'കാട്ടാളനും ' 'ശാന്ത'യും കരിങ്കല്ലിന്റെ കരുത്തില്‍ ഈ മനുഷ്യന്‍ പാടിയപ്പോള്‍ അദ്ദേഹം നാട്ടുകാരുടെ കടമ്മനിട്ടയായി.
ILLUSTRATION | SAVINAY SIVADAS : TMJ
'നിങ്ങളെന്റെ കറുത്തമക്കളെ
ചുട്ടു തിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടംകുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് '
കടമ്മനിട്ടയിട്ടയുടെ അതേ സ്വരത്തില്‍ രൗദ്രഭാവത്തില്‍ നാരായണന്‍ കുറത്തിയായി പാടി.
' എല്ലുപൊക്കിയ ഗോപുരങ്ങള്‍
കണക്കു ഞങ്ങളുയര്‍ന്നിടും
കല്ലുപാകിയ കോട്ട പോലെ
ഉണര്‍ന്നു ഞങ്ങള്‍ നേരിടും... '
അടിച്ചമര്‍ത്തപ്പെട്ടവന്റെ ആത്മരോഷം കേള്‍വിക്കാരില്‍ അനീതിക്കെതിരെ പൊരുതാനുള്ള വീര്യം പകര്‍ന്നു.
'കരിനാഗക്കളമഴിച്ച്
കുറത്തി നില്‍ക്കുന്നു
കാട്ടുപോത്തിന്‍ വെട്ടു പോലെ
കാട്ടു വെള്ള പ്രതിമ പോലെ
മുളങ്കരുത്തിൻ കൂമ്പു പോലെ
കുറത്തി നില്‍ക്കുന്നു... '
ദ്രുതതാളത്തില്‍ ചുവടുവെച്ച് കുറത്തിയായ നാരായണന്‍ ആടിത്തിമര്‍ക്കുന്നത് കണ്ടവര്‍ ആദിബോധത്തിലേക്കാണ്ടിറങ്ങി. തന്റെ ആട്ടവും പാട്ടും നാടിനു സമര്‍പ്പിച്ച വടക്കന്‍ മണ്ണിലെ ചുവന്ന ഗദ്ദറായിരുന്നു നാരായണന്‍.
കടപ്പാട്:
'പകർപ്പവകാശം' (കഥ) / ഹരിദാസ് കരിവെള്ളൂർ