ഖാലിസ്ഥാന്‍ അനുകൂലികള്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അക്രമം നടത്തി
പഞ്ചാബിലെ സിഖ് തീവ്രവാദ നേതാവെന്നു കരുതപ്പെടുന്ന അമൃതപാല്‍ സിംഗിനും, അനുയായികള്‍ക്കുമെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഖാലിസ്ഥാന്‍ അനുകൂലികളായ ഒരു പറ്റം അതിക്രമിച്ചു കയറി കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തുതകയും വളപ്പിനുള്ളില്‍ ഖാലിസ്ഥാന്‍ പതാക നാട്ടുകയും ചെയ്തു. തിങ്കളാഴ്ച്ച നടന്ന സംഭവത്തില്‍ ഇന്ത്യ അമേരിക്കന്‍ അധികൃതരോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, അക്രമികള്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അതിക്രമിച്ചു കയറിയ ഖാലിസ്ഥാന്‍ വാദികള്‍ കഴിഞ്ഞ ദിവസം ഖാലിസ്ഥാന്‍ പതാക നാട്ടിയതിന് പിന്നാലെയാണ് അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ അതിക്രമം. ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ നയതന്ത്ര സ്ഥാപനങ്ങള്‍ക്കു മുമ്പിലും ഖാലിസ്ഥാനികള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വാരിസേ പഞ്ചാബ് ദേ-യെന്ന പ്രസ്ഥാനത്തിന്റെ നേതാവും ഭിന്ദ്രന്‍വാലയുടെ അനുയായിയെന്നും അവകാശപ്പെടുന്ന അമൃതപാല്‍ സിംഗിന് അറസ്റ്റു ചെയ്യാനുള്ള ശ്രമം ശനിയാഴ്ച്ച മുതലാണ് സുരക്ഷ സേന തുടങ്ങിയത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപെട്ടുവെങ്കിലും സിംഗിനു വേണ്ടിയുള്ള തെരച്ചില്‍ മൂന്നു ദിവസമായി തുടരുകയാണ്. കഴിഞ്ഞ 3 ദിവസത്തിനുള്ളില്‍ സിംഗിന്റെ 100 ലധികം വരുന്ന അനുയായികളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
സിംഗിനെ കസ്റ്റഡിയില്‍ ആണെന്ന വിവരം പൊലീസ് മനഃ പ്പൂര്‍വ്വം മറച്ചുപിടിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിക്കുന്നു. അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ടുകൊണ്ട് വരിസേ പഞ്ചാബിന്റെ നിയമോപദേശകന്‍ പഞ്ചാബ്-ഹര്യാന ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് പെറ്റീഷന്‍ ഫയല്‍ ചെയ്തിട്ടുണ്ട്.