ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗ് അറസ്റ്റില്‍; അസമിലേക്ക് മാറ്റിയേക്കും
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗ് പഞ്ചാബിലെ മോഗയില്‍ കീഴടങ്ങി. അമൃത്പാലിനെ മോഗ പോലീസ് അറസ്റ്റ് ചെയ്തതായി പഞ്ചാബ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്നു രാവിലെ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. അമൃത്പാലിനെ അസമിലെ ദിബ്രുഗഡിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാണാമറയത്തെ രണ്ടു മാസക്കാലം
'വാരിസ് പഞ്ചാബ് ദേ' തലവനായ അമൃത്പാല്‍ സിംഗ് മാര്‍ച്ച് 18 നാണ് ഡല്‍ഹി പോലീസില്‍ നിന്ന് രക്ഷപ്പെടുന്നത്. പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഒളിവില്‍ പോയതിനു പുറമെ ഹരിയാന, ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലും നേപ്പാള്‍ അതിര്‍ത്തിവരെയും പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. ബൈശാലി ദിനത്തില്‍ കീഴടങ്ങുമെന്ന് പറഞ്ഞിരുന്നുവെങ്കിലും കീഴടങ്ങിയില്ല. സിഖ് വിശ്വാസികളുടെ യോഗം ചേരാന്‍ ഉന്നത സിഖ് സംഘടനയായ അകാല്‍ തഖ്ത് മേധാവികളോട് ആവശ്യപ്പെട്ടുള്ള അമൃത്പാലിന്റെ വീഡിയോ സന്ദേശങ്ങളും പുറത്തുവന്നിരുന്നു.
പോലീസ് പിടിയിലായ അനുയായികളെ മോചിപ്പിക്കാന്‍ അജ്‌നാല പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചതടക്കം നിരവധി കേസുകള്‍ അമൃത്പാല്‍ സിംഗിന്റെ പേരിലുണ്ട്. ഫെബ്രുവരി 24 നാണ് അമൃത്പാലും കൂട്ടാളികളും പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത്.
അമൃത്പാലിന്റെ അടുത്ത സഹായിയായ പപല്‍പ്രീത് സിംഗിനെ അടുത്തിടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, അമൃത്പാലിന്റെ ഭാര്യ കിരണ്‍ദീപ് കൗറിനെ കഴിഞ്ഞ ദിവസം അമൃത്സര്‍ വിമാനത്താവളത്തില്‍വച്ച് തടഞ്ഞിരുന്നു. ലണ്ടനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു, ഇവരെ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചതിനു പിന്നാലെയാണ് അമൃത്പാല്‍ സിംഗ് കീഴടങ്ങിയിരിക്കുന്നത്.
ഭിന്ദ്രന്‍വാല രണ്ടാമന്‍
നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധുവാണ് 'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടന രൂപീകരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ദീപ് സിദ്ധു ഒരു റോഡപകടത്തില്‍ മരണപ്പെട്ടു. തുടര്‍ന്ന് സംഘടനാ തലവനായി അമൃത്പാല്‍ സിംഗ് ചുമതലയേല്‍ക്കുകയായിരുന്നു. ദുബായില്‍ ജോലി ചെയ്യുകയായിരുന്ന അമൃത്പാല്‍ കഴിഞ്ഞ വര്‍ഷമാണ് നാട്ടിലെത്തുന്നത്.
ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ പരസ്യമായി പിന്താങ്ങിക്കൊണ്ടാണ് അമൃത്പാല്‍ സിംഗ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഖലിസ്ഥാന്‍ നേതാവായ ഭിന്ദ്രന്‍വാലയായി മാറാന്‍ ശ്രമിക്കുന്ന നേതാവാണ് അമൃത്പാല്‍ എന്നാണ് പറയപ്പെടുന്നത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലൂടെ കൊല്ലപ്പെട്ട ആളാണ് ഭിന്ദ്രന്‍വാല. 1984 ജൂണ്‍ ആറിന് ഇന്ത്യന്‍ സേനയുമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് ഭിന്ദ്രന്‍വാല കൊല്ലപ്പെടുന്നത്.