
വോട്ടർമാർക്ക് പത്ത് ലക്ഷം ഡോളർ സമ്മാനം; ഇലോൺ മസ്കിനെതിരെ കേസ്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർമാർക്ക് 10 ലക്ഷം ഡോളർ നൽകുന്നത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഇലോൺ മസ്കിനെതിരെ കേസ്. ഫിലാഡൽഫിയയിലെ പ്രോസിക്യൂട്ടർ ലോറൻസ് ക്രാസ്നറാണ് പരാതി നൽകിയത്. മസ്ക് നടത്തുന്നത് "നിയമവിരുദ്ധ ലോട്ടറി" എന്നാണ് ലോറൻസ് ക്രാസ്നർ വിശേഷിപ്പിച്ചത്.
നവംബർ അഞ്ചിന് നടക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെയാണ് ഇലോൺ മസ്ക് പിന്തുണയ്ക്കുന്നത്. പെൻസിൽവാനിയയിൽ നടന്ന പരിപാടിയിൽ ട്രംപിനെ പിന്തുണക്കുന്നവർക്ക് 10 ലക്ഷം ഡോളർ വീതം നൽകുമെന്ന് ഇലോൺ മസ്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു. ഇത്തരം സമ്മാനങ്ങൾ സംസ്ഥാന ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിക്കുന്നതാണെന്ന് ക്രാസ്നർ ആരോപിച്ചു.
അഭിപ്രായസ്വാതന്ത്ര്യത്തെയും, തോക്ക് കൈവശം വയ്ക്കാനുമുള്ള ഭരണഘടനാ അവകാശത്തെയും പിന്തുണയ്ക്കുന്ന നിവേദനത്തിൽ ഒപ്പിടുന്നവരിൽ ഒരാൾക്ക് വീതം ഓരോ ദിവസവും പത്ത് ലക്ഷം ഡോളർ നൽകുമെന്നായിരുന്നു മസ്ക് പ്രഖ്യാപിച്ചത്. മസ്‌ക് നിയന്ത്രിക്കുന്ന പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (പിഎസി)യാണ് തിരഞ്ഞെടുപ്പ് ദിവസമായ നവംബർ അഞ്ച് വരെ എല്ലാ ദിവസവും പത്ത് ലക്ഷം ഡോളർ നൽകുമെന്ന വാഗ്ദാനം മുന്നോട്ട് വച്ചത്.
യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥികളായ ട്രംപിനും, കമല ഹാരിസിനും തിരഞ്ഞെടുപ്പിന് ഏറ്റവും നിർണായകമായ സ്ഥലങ്ങളിൽ ഒന്നാണ് പെൻസിൽവാനിയ. ഇലക്ടറൽ വോട്ടുകളിൽ 19 ഇലക്ടറൽ വോട്ടുകൾ പെൻസിൽവാനിയയിൽ നിന്നാണ്.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനുള്ള അവകാശത്തെ ഇത് കളങ്കപ്പെടുത്തുമെന്ന് പരാതിയിൽ പറയുന്നു.