PHOTO: PTI
മലേഷ്യയില്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് പത്ത് മരണം
റോയല്‍ മലേഷ്യന്‍ നേവി പരേഡിനുള്ള സൈനിക റിഹേഴ്സലിനിടെ നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ മരിച്ചു. ഹെലികോപ്ടറുകള്‍ നിലത്ത് വീഴുന്നതിന് മുമ്പ് ഹെലികോപ്റ്ററുകളില്‍ ഒന്ന് മറ്റൊന്നിന്റെ റോട്ടറില്‍ ക്ലിപ്പ് ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മലേഷ്യന്‍ നാവികസേനയുടെ ആസ്ഥാനമായ ലുമുട്ടിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ആരും രക്ഷപ്പെട്ടില്ലെന്നാണ് വിവരം.
ഏഴുപേരുമായി റിഹേഴ്സല്‍ നടത്തികൊണ്ടിരുന്ന ഹെലികോപ്റ്ററുകളിലൊന്നായ എച്ച്ഒഎം എം503-3 റണ്ണിങ് ട്രാക്കില്‍ ഇടിച്ചതാകാമെന്നാണ് കരുതുന്നത്. മറ്റ് മൂന്ന് പേരുമായി പറന്ന ഫെനെക് എം 502-6, എന്ന ഹെലികോപ്റ്റര്‍ അടുത്തുള്ള നീന്തല്‍ക്കുളത്തില്‍ ഇടിച്ച് തകരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 9.32 നാണ് അപകടം ഉണ്ടായതെന്നാണ് അധികൃതര്‍ പറയുന്നത്.
അപകടത്തില്‍ പെട്ടവര്‍ എല്ലാവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ ലുമുത് നാവിക ആസ്ഥാനമായ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായും സേന അറിയിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്ന് റോയല്‍ മലേഷ്യന്‍ നേവി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞമാസം മലേഷ്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പരിശീലന പറക്കലിനിടെ മലേഷ്യയിലെ ആംഗ്സ ദ്വീപിന് സമീപം കടലില്‍ തകര്‍ന്നു വീണിരുന്നു. അന്ന് ആളപായങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.