
ബ്രിക്സുമായി സഹകരിക്കുന്നവർക്ക് 10% അധിക നികുതി
ബ്രിക്‌സ് രാജ്യങ്ങളുടെ "അമേരിക്കൻ വിരുദ്ധ നയങ്ങളുമായി" യോജിക്കുന്ന എല്ലാ രാജ്യങ്ങൾക്കും അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു, ഞായറാഴ്ച ബ്രസീലിൽ ബ്രിക്സ് ഉച്ചകോടി ആരംഭിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പരാമർശം.
"അമേരിക്ക ആദ്യം" എന്ന ട്രംപിന്റെ നയവും, സമീപനവും മൂലം പ്രധാന സമ്പദ്‌വ്യവസ്ഥകളുടെ കൂട്ടായ്മകളായ ജി-7, ജി-20 എന്നിവ പോലുള്ളവ നേരിടുന്ന സ്തംഭനാവസ്ഥയ്ക്ക് ബദലായി, അക്രമാസക്തമായ സംഘർഷങ്ങൾക്കും, വ്യാപാര യുദ്ധങ്ങൾക്കും പകരം ബഹുകക്ഷി നയതന്ത്രത്തിനുള്ള വേദിയായി ബ്രിക്‌സ് സ്വയം അവതരിപ്പിക്കുന്നു.
റിയോ ഡി ജനീറോയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, വികസ്വര രാജ്യങ്ങളുടെ കൂട്ടമായ ബ്രിക്‌സിനെ ശീതയുദ്ധകാലത്തെ ചേരിചേരാ പ്രസ്ഥാനവുമായി താരതമ്യപ്പെടുത്തി. "BRICS ചേരിചേരാ പ്രസ്ഥാനത്തിന്റെ അനന്തരാവകാശിയാണ്," ലുല നേതാക്കളോട് പറഞ്ഞു. "ബഹുകക്ഷിത്വവും, ആക്രമണത്തിനിരയായതിനാലും, നമ്മുടെ സ്വയംഭരണം വീണ്ടും മറ്റുള്ളവരുടെ നിയന്ത്രണത്തിലാവും."
താരിഫുകളുടെ വർദ്ധനവ് ആഗോള വ്യാപാരത്തെ ഭീഷണിപ്പെടുത്തുമെന്ന് ഗ്രൂപ്പ് മുന്നറിയിപ്പ് നൽകുന്നതായിരുന്നു ഞായറാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവന. ട്രംപിന്റെ താരിഫ് നയങ്ങളെക്കുറിച്ചുള്ള പരോക്ഷ വിമർശനമായി ഇതിനെ കണക്കാക്കുന്നു.
അതിന് ശേഷമാണ്, ഗ്രൂപ്പിൽ ചേരാൻ ശ്രമിക്കുന്ന രാജ്യങ്ങളെ ശിക്ഷിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയത്. "BRICSന്റെ അമേരിക്കൻ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10% അധിക തീരുവ ഈടാക്കും. ഈ നയത്തിന് ഒരു ഇളവും ഉണ്ടാകില്ല!" ട്രൂത്ത് സോഷ്യലിൽ ട്രംപ് പറഞ്ഞു. "അമേരിക്കൻ വിരുദ്ധ നയങ്ങൾ" എന്ന പരാമർശത്തെക്കുറിച്ച് ട്രംപ് തന്റെ പോസ്റ്റിൽ വ്യക്തമാക്കുകയോ വിശദീകരിക്കുകയോ ചെയ്തില്ല.
ജൂലൈ 9 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കരുതുന്ന "പ്രതികാര താരിഫുകൾ" ഏർപ്പെടുത്തുന്നതിനുള്ള അവസാന തീയതിക്ക് മുമ്പ്, ട്രംപ് ഭരണകൂടം വിവിധ രാജ്യങ്ങളുമായി ഡസൻ കണക്കിന് വ്യാപാര കരാറുകൾ അന്തിമമാക്കുവാൻ ശ്രമിക്കുകയാണ്.
BRICS രാജ്യങ്ങൾ, ഇപ്പോൾ ലോകജനസംഖ്യയുടെ പകുതിയിലധികവും, സാമ്പത്തിക ഉൽപ്പാദനത്തിന്റെ 40 ശതമാനവും പ്രതിനിധീകരിക്കുന്നുവെന്ന്, ഉയർന്നുവരുന്ന സംരക്ഷണ വാദത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന പ്രസ്താവനയിൽ ലുല ചൂണ്ടിക്കാട്ടി.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നിവയായിരുന്നു 2009ലെ ആദ്യ ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്തവർ. പിന്നീട് ഈ കൂട്ടായ്മ ദക്ഷിണാഫ്രിക്കയെ ഉൾപ്പെടുത്തി. കഴിഞ്ഞ വർഷം ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയെ അംഗങ്ങളാക്കി. ഇന്തോനേഷ്യയെ ഉൾപ്പെടുത്തുന്ന ആദ്യ ഉച്ചകോടിയാണിത്.


