TMJ
searchnav-menu
post-thumbnail

TMJ Daily

പാകിസ്ഥാനില്‍ ഈ വര്‍ഷം ഡിഫ്തീരിയ ബാധിച്ച് മരിച്ചത് 100 കുട്ടികള്‍ 

13 Oct 2024   |   1 min Read
TMJ News Desk

പാകിസ്ഥാനിലെ കറാച്ചിയില്‍ ഈ വര്‍ഷം മാത്രം നൂറോളം കുട്ടികള്‍ ഡിഫ്തീരിയ ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 2023ലും സമാനമായ രീതിയില്‍ ഡിഫ്തീരിയ വ്യാപിക്കുകയും 140 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 52 മരണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഡിഫ്തീരിയ്ക്കെതിരേ വാക്സിന്‍ ലഭ്യമായിരുന്നെങ്കിലും ചികിത്സയില്‍ നിര്‍ണായകമായ ഡിഫ്തീരിയ ആന്റി ടോക്സിന്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് വ്യാപകമായ മരണം സംഭവിച്ചതെന്ന് പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഡിഫ്തീരിയ പ്രതിരോധ വാക്‌സിന്‍ എടുക്കാത്ത വ്യക്തികള്‍ക്ക്, ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ 30 ശതമാനം കേസുകളും മാരകമായേക്കാം. രോഗം ബാധിച്ച ചെറിയ കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്. ഡിഫ്തീരിയ വാക്‌സിനിലൂടെ തടയാവുന്ന രോഗമാണെങ്കിലും പ്രതിരോധശേഷി ഉല്‍പ്പാദിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഒന്നിലധികം ഡോസുകളും ബൂസ്റ്റര്‍ ഡോസുകളും ആവശ്യമാണ്.

തൊണ്ടയിലേയും മൂക്കിലേയും ശ്ലേഷ്മ ചര്‍മത്തെ ബാധിക്കുന്ന ഒരു രോഗമാണ് ഡിഫ്തീരിയ. സാംക്രമിക ശേഷിയുള്ള ഒരു രോഗമാണെങ്കിലും സമയാസമയങ്ങളിലുള്ള പ്രതിരോധ കുത്തിവയ്പ് കൊണ്ട് ഈ രോഗത്തെ തടയാവുന്നതാണ്. ഡിഫ്തീരിയ എന്ന ബാക്ടീരിയ ആണ് രോഗകാരണം. ഒരു ഡിഫ്തീരിയ രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ പുറത്തുവരുന്ന ചെറു കണികകളിലൂടെയാണ് ഈ രോഗം പകരുന്നത്. 

ഈ സ്രവങ്ങള്‍ പുരണ്ട തൂവാലകള്‍, ഗ്ലാസുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെയും ഈ രോഗം പകരാം. ചില രോഗികള്‍ പുറമേ രോഗലക്ഷണങ്ങള്‍ ഒന്നും കാണിക്കാറില്ലെങ്കിലും രോഗം പിടിപെട്ട് ആറാഴ്ചക്കാലത്തോളം രോഗം പരത്താനുള്ള ശേഷിയുണ്ടായിരിക്കും.


#Daily
Leave a comment