TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യയിലെ 100 കോടി പേര്‍ക്കും ഇഷ്ടാനുസരണം ചെലവഴിക്കാന്‍ പണമില്ലെന്ന് റിപ്പോര്‍ട്ട്

26 Feb 2025   |   1 min Read
TMJ News Desk

ന്ത്യയിലെ 140 കോടി ജനങ്ങളില്‍ 100 കോടി പേര്‍ക്കും ഇഷ്ടാനുസരണം ചെലവഴിക്കാന്‍ പണമില്ലെന്ന് പഠന റിപ്പോര്‍ട്ട്. വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ബ്ലൂം വെഞ്ച്വഴ്‌സ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇന്ത്യയിലെ ഉപഭോക്തൃ വിഭാഗത്തില്‍ 13 മുതല്‍ 14 കോടി ജനങ്ങളാണുള്ളത്. മറ്റൊരു 30 കോടി പേര്‍ ഉയര്‍ന്നു വരുന്ന അല്ലെങ്കില്‍ ചെലവഴിക്കാന്‍ ആഗ്രഹമുള്ള ഉപഭോക്താക്കളാണ്. എന്നാല്‍, അവര്‍ ചെലവഴിക്കാന്‍ മടിയുള്ളവരുമാണ്.

ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയിലെ ഉപഭോക്തൃ വിഭാഗം വിശാലമാകുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ധനികരുടെ എണ്ണം യഥാര്‍ത്ഥത്തില്‍ വളരുന്നില്ല. നിലവില്‍ ധനികരായിട്ടുള്ളവര്‍ കൂടുതല്‍ ധനികരാകുന്നു.

ഇത് രാജ്യത്തിലെ ഉപഭോക്തൃ വിപണിയെ വ്യത്യസ്തമായ രീതികളില്‍ രൂപപ്പെടുത്തുന്നു. പ്രത്യേകിച്ച് പ്രെമിയൂമിസേഷന്‍ പ്രവണത വര്‍ദ്ധിക്കുന്നു. ഈ പ്രവണതയില്‍ ബ്രാന്‍ഡുകള്‍ വന്‍തോതില്‍ ഉല്‍പാദിപ്പിച്ച് ധാരാളം പേര്‍ക്ക് വില്‍ക്കുന്നതിനേക്കാള്‍ ധനികരുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള വിലയേറിയ, മെച്ചപ്പെടുത്തിയ ഉല്‍പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഇത് ആഢംബര വസ്തുക്കളുടെ വില്‍പനയുടെ വര്‍ദ്ധനവില്‍ കാണാനാകും. ഇന്ത്യയിലെ നിലവിലെ മൊത്തം ഭവന വിപണിയില്‍ താങ്ങാനാവുന്ന ബജറ്റിലെ വീടുകള്‍ 18 % മാത്രമാണുള്ളത്. അഞ്ച് വര്‍ഷം മുമ്പ് 40 % ആയിരുന്നു. കൂടാതെ 'എക്‌സ്പീരിയന്‍സ് ഇക്കോണമി' കുതിച്ചുചാട്ടം നടത്തുന്നു. ഇത്തരം വിപണിയില്‍ അന്താരാഷ്ട്ര കലകാരന്‍മാരെ പോലെയുള്ള കോള്‍ഡ്‌പ്ലേ, എഡ് ഷീറന്‍ പോലുള്ളവരുടെ കണ്‍സേര്‍ട്ടുകള്‍ വന്‍വിലയുള്ള ടിക്കറ്റുകള്‍ വച്ച് നടത്തുന്നു.

ഇതിലേക്ക് മാറിയ കമ്പനികള്‍ അഭിവൃദ്ധിപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളായ സജിത് പൈ പറയുന്നു. പ്രീമിയം ഉപഭോക്താക്കള്‍ക്കുവേണ്ടി ഉല്‍പന്നങ്ങള്‍ ഇറക്കാത്തവര്‍ക്ക് വിപണി വിഹിതം നഷ്ടപ്പെടുന്നു.

കോവിഡ് മഹാമാരിക്കുശേഷമുള്ള ഇന്ത്യയുടെ തിരിച്ചുവരവ് കെ-രൂപത്തിലുള്ളതാണെന്ന വാദത്തെ ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പിന്തുണയ്ക്കുന്നു. കെ-രൂപ തിരിച്ചുവരവില്‍ ധനികര്‍ കൂടുതല്‍ ധനികരാകുമ്പോള്‍ ദരിദ്രരുടെ വാങ്ങല്‍ ശേഷി നഷ്ടമാകുന്നു.

ഇന്ത്യയില്‍ അസമത്വം വര്‍ദ്ധിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ധനികരായ 10 % പേര്‍ 57.7 % ദേശീയ വരുമാനം കൈവശം വയ്ക്കുകയാണ്. 1990ല്‍ ഇത് 34 % ആണ്. ഏറ്റവും അടിത്തട്ടിലുള്ളവരുടെ ദേശീയ വരുമാന വിഹിതം 22.22 %ല്‍ നിന്നും 15 % ആയി കുറഞ്ഞു.





 

#Daily
Leave a comment