
ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടു
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏറ്റവും കടുത്ത വ്യോമാക്രമണമാണ് തിങ്കളാഴ്ച ഇസ്രായേൽ ലെബനനിൽ നടത്തിയത്. ഈ ആക്രമണത്തിൽ 100 ലെബനീസ് പൗരർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം.
ആയിരക്കണക്കിന് ലെബനീസുകാർ പലായനം ചെയ്തു. 2006 ലെ ഇസ്രായേൽ-ഹിസ്ബുള്ള യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പലായനമാണ് ഇന്ന് കണ്ടത്. പലായനം നടത്തുന്നവർ ബെയ്റൂട്ടിലേക്ക് പോകുന്ന കാറുകൾ കാരണം തെക്കൻ തുറമുഖ നഗരമായ സിഡോണിൽ നിന്നുള്ള പ്രധാന ഹൈവേ തടസ്സപ്പെട്ടു. ഹിസ്ബുള്ളയ്‌ക്കെതിരായ വ്യോമാക്രമണം വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി തെക്കൻ, കിഴക്കൻ ലെബനനിലെ താമസക്കാർക്ക് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടിരുന്നു.
ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതിന്റെ ഭാഗമായി ഇസ്രായേൽ സൈന്യം തിങ്കളാഴ്ച 300 സ്ഥലങ്ങൾ ആക്രമിച്ചു. തെക്ക്, കിഴക്കൻ ബെക്കാ താഴ്‌വരയിലെ പട്ടണങ്ങളിലെ ജനവാസ മേഖലകളിൽ ആക്രമണം ഉണ്ടായി. ബെയ്റൂട്ടിന് വടക്ക് അതിർത്തിയിൽ നിന്ന് 80 മൈലിലധികം അകലെ, മധ്യ ലെബനനിലെ ബൈബ്ലോസ് വരെ ദൂരെയുള്ള വനപ്രദേശത്തും വ്യോമാക്രമണം നടന്നു.
തെക്കൻ ലെബനനിലെ 300 ലധികം സൈറ്റുകൾ ലക്ഷ്യമിട്ടതിന് ശേഷം ലെബനന്റെ കിഴക്കൻ അതിർത്തിയിലുള്ള ബെക്കാ താഴ്‌വരയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി വ്യോമാക്രമണം വിപുലീകരിക്കുകയാണെന്ന് ഇസ്രായേൽ അറിയിച്ചു.
ലെബനനിൽ നടന്ന പേജർ, വാക്കി- ടോക്കി സ്‌ഫോടന പരമ്പരകൾക്ക് പിന്നാലെ ഇസ്രായേൽ വ്യോമാക്രമണവും നടത്തിയിരുന്നു. ഇതിൽ ഹിസ്ബുള്ള കമാൻഡറടക്കം നിരവധി പേർ കൊല്ലപ്പെടുകയും അനവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയെന്നോണം കഴിഞ്ഞ ദിവസം ഹിസ്ബുള്ള ഇസ്രായേലിലേക്ക് നൂറിലേറെ റോക്കറ്റാക്രമണം നടത്തി. ആക്രമണ ശേഷം ഇസ്രായേലുമായുള്ള തുറന്ന യുദ്ധത്തിന്റെ തുടക്കമാണിതെന്ന് ഹിസ്ബുള്ള നേതാവ് നയിം കാസെം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഇസ്രായേൽ അതിശക്തമായ വ്യോമാക്രമണം ലെബനന് മേൽ നടത്തിയത്.