
തമിഴ്‌നാട് ഗവര്‍ണറുടെ ഒപ്പില്ലാതെ 10 ബില്ലുകള്‍ നിയമമാക്കി
രാഷ്ട്രപതിയുടേയും ഗവര്‍ണറുടേയും ഒപ്പില്ലാതെ തമിഴ്‌നാട്ടില്‍ 10 ബില്ലുകള്‍ നിയമമാക്കി കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒപ്പിടാതെ പിടിച്ചുവച്ച ബില്ലുകള്‍ നിയമമായി പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ഇന്ന് പുലര്‍ച്ചെ ആ വിധി സുപ്രീംകോടതി വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തതിന് പിന്നാലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ബില്ലുകളെ നിയമമായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ രാഷ്ട്രപതിയുടെയോ ഗവര്‍ണറുടെയോ ഒപ്പില്ലാതെ ബില്ലുകള്‍ നിയമമായത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്.
രവി ബില്ലില്‍ ഒപ്പിടാത്തതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ കോടതി ചരിത്രപ്രധാനമായ വിധി പുറപ്പെടുവിക്കുകയും ചെയ്തു.
ഭരണഘടനയില്‍ ഗവര്‍ണറുടെ അധികാരങ്ങളും കര്‍ത്തവ്യങ്ങളും പറയുന്ന ഭാഗത്തിലെ അനുച്ഛേദം 200ല്‍ ബില്ലില്‍ ഒപ്പുവയ്ക്കുന്നതിന് നിശ്ചിത സമയപരിധി പ്രതിപാദിച്ചിരുന്നില്ല. ഇതിനെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ഗവര്‍ണര്‍മാര്‍ ഉപയോഗിക്കുകയും ബില്ലുകളില്‍ ഒപ്പിടാതെ പിടിച്ചുവയ്ക്കുകയും ചെയ്തിരുന്നു. ഈ രീതിക്ക് അന്ത്യം കുറിച്ചു കൊണ്ട് ഗവര്‍ണര്‍മാര്‍ മൂന്ന് മാസത്തിനുള്ളില്‍ ബില്ലില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കൂടാതെ, തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ ഒപ്പിടാതെ വച്ചിരുന്ന ബില്ലുകള്‍ എല്ലാം ഒപ്പിട്ടതായി പരിഗണിക്കുമെന്നും കോടതി പറഞ്ഞിരുന്നു.


