
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ പത്താം വാര്‍ഷികത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്
പെണ്‍മക്കളെ രക്ഷിക്കുന്നതിന് പകരം ക്രിമിനലുകളെ രക്ഷിക്കുന്ന നയം എന്തുകൊണ്ട് ഭരിക്കുന്ന പാര്‍ട്ടി സ്വീകരിച്ചുവെന്ന് കോണ്‍ഗ്രസ് ചോദിച്ചു. 2015 ജനുവരി 22നാണ് പ്രധാനമന്ത്രി ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ഹരിയാനയിലെ പാനിപത്തില്‍ ഉദ്ഘാടനം ചെയ്തത്. ആണ്‍ പെണ്‍ അനുപാതം കുറയുന്ന പ്രശ്‌നത്തെ പരിഹരിക്കുകയാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഒരു ലക്ഷ്യം.
ഈ പദ്ധതിയുടെ പത്താം വാര്‍ഷികത്തില്‍ നരേന്ദ്രമോദിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മൂന്ന് ചോദ്യങ്ങള്‍ ചോദിച്ചു. പെണ്‍മക്കളെ രക്ഷിക്കുന്നതിന് പകരം ക്രിമിനലുകളെ രക്ഷിക്കുന്ന നയം എന്തുകൊണ്ട് ബിജെപി സ്വീകരിച്ചു?, മണിപ്പൂരിലെ സ്ത്രീകള്‍ക്ക് എന്ന് നീതി ലഭിക്കും? ഹത്രാസിലെ ദളിത് പെണ്‍കുട്ടിക്ക് ആയാലും ഉന്നാവോയിലെ മകള്‍ക്കായാലും നമ്മുടെ വനിതാ റെസ്ലര്‍ ചാമ്പ്യനായാലും, എന്തുകൊണ്ട് ബിജെപി എപ്പോഴും ക്രിമിനലുകളെ സംരക്ഷിക്കുന്നു?
എന്തുകൊണ്ട് രാജ്യത്ത് ഓരോ മണിക്കൂറിലും സ്ത്രീകള്‍ക്കെതിരെ 43 കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്നുവെന്നും ഖാര്‍ഗെ ചോദിച്ചു.
നമ്മുടെ രാജ്യത്തെ ദളിത്-ട്രൈബല്‍ വിഭാഗത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ഓരോ ദിവസവും 22 അക്രമങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു. ചെങ്കോട്ടയില്‍ നിന്നുള്ള പ്രസംഗങ്ങളില്‍ പലതവണയും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് മോദി സംസാരിച്ചിരുന്നു, പക്ഷേ തന്റെ വാക്കുകളും പ്രവൃത്തികളും തമ്മില്‍ എന്തുകൊണ്ട് വ്യത്യാസം നിലനില്‍ക്കുന്നുവെന്ന് ഖാര്‍ഗെ ചോദിച്ചു.
2019 വരെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്കായി മാറ്റിവച്ച ആകെ തുകയുടെ ഏകദേശം 80% വരെയും മാധ്യമങ്ങളില്‍ പരസ്യം നല്‍കാന്‍ മാത്രം ഉപയോഗിച്ചതിന് കാരണം എന്താണെന്ന് അദ്ദേഹം ചോദിച്ചു.
ഈ വസ്തുത പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി വെളിച്ചത്ത് കൊണ്ടുവന്നപ്പോള്‍ 2018-19നും 2022-23നും ഇടയില്‍ 63% വരെ തുക വന്‍തോതില്‍ വെട്ടിക്കുറച്ചു. പിന്നീട് ഈ പദ്ധതി മിഷന്‍ ശക്തിക്ക് കീഴിലെ സംഭല്‍ എന്ന പദ്ധതിയില്‍ ലയിപ്പിച്ചു. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ വിവരങ്ങള്‍ നല്‍കുന്നതും മോദി സര്‍ക്കാന്‍ അവസാനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
2023-24ല്‍ സംഭല്‍ പദ്ധതി ഫണ്ടില്‍ 30% കുറവ് വന്നു. ഡാറ്റയെ തെറ്റായ രീതിയില്‍ ചിത്രീകരിച്ച് സര്‍ക്കാന്‍ എന്താണ് ഒളിപ്പിക്കുന്നതെന്നും ഖാര്‍ഗെ ചോദിച്ചു.


