
ലോകത്തിലെ 110 കോടി ജനങ്ങള്‍ കൊടും ദാരിദ്ര്യത്തില്‍; ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ യു എന്‍ ഡി പി റിപ്പോര്‍ട്ട്
ഒരു കോടിയിലധികം ആളുകള്‍ കൊടും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്ന് യു എന്‍ ഡി പിയുടെ പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അവരില്‍ പകുതിയോളം പേരും സംഘര്‍ഷബാധിത രാജ്യങ്ങളിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
പോഷകാഹാരം, വൈദ്യുതി ലഭ്യത, ജലലഭ്യത, ശുചിത്വം എന്നിവയിലെ അസമത്വങ്ങള്‍ ഉള്‍പ്പടെ സാമ്പത്തികത്തിനപ്പുറമുള്ള ക്ഷേമത്തിന്റെ മറ്റ് മാനങ്ങള്‍ പരിഗണിക്കുന്ന'ബഹുതല ദാരിദ്ര്യത്തിന്റ സൂചിക പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി) വ്യാഴാഴ്ച പ്രസിദ്ധീകരിച്ച എല്ലാ സൂചകങ്ങളിലും യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളില്‍ ഉയര്‍ന്ന തോതിലുള്ള ദാരിദ്ര്യം ഉണ്ട്. ബഹുതല ദാരിദ്ര്യ സൂചിക പ്രകാരം 112 രാജ്യങ്ങളിലെ 630 കോടി ആളുകളെയുമാണ് ഗവേഷണത്തിലുള്‍പ്പെടുത്തിയത്. ഇതില്‍ 110 കോടിആളുകള്‍ കടുത്ത ദാരിദ്ര്യത്തിലാണെന്നും അവരില്‍ 455 ദശലക്ഷം പേര്‍ 'സംഘര്‍ഷത്തിന് നിഴലില്‍' ജീവിക്കുന്നുവെന്നും വെളിപ്പെടുത്തി.
18 വയസ്സിന് താഴെയുള്ള 584 ദശലക്ഷം ആളുകള്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെന്ന് സൂചിക കാണിക്കുന്നു. ഇത് ലോകമെമ്പാടുമുള്ള കുട്ടികളില്‍ 27.9 ശതമാനമാണ്, മുതിര്‍ന്നവരില്‍ 13.5 ശതമാനമാണ് ഈ അവസ്ഥ നേരിടുന്നത്. സംഘര്‍ഷ മേഖലകളിലെ ശിശുമരണനിരക്ക് എട്ട് ശതമാനമാണ്, എന്നാല്‍ സമാധാനം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഇത് 1.1 ശതമാനമാണ്.
ലോകത്തിലെ ഏറ്റവും ദരിദ്രരായ ജനങ്ങളില്‍ 83.2 ശതമാനവും സബ് സഹാറന്‍ ആഫ്രിക്കയിലും ദക്ഷിണേഷ്യയിലുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയിലെ 140 കോടി ജനങ്ങളില്‍ 23.4 കോടി ജനങ്ങള്‍ കൊടിയ ദാരിദ്ര്യത്തിലാണ്. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കൊടിയ ദാരിദ്ര്യത്തില്‍ കഴിയുന്ന രാജ്യം ഇന്ത്യയാണ്. പാക്കിസ്ഥാന്‍, എത്യോപ്യ, നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവയാണ് തൊട്ടുപിന്നില്‍. 2015-16നും 2022-23 നും ഇടയ്ക്കുള്ള കാലയളവില്‍ 5.3 ദശലക്ഷം ആളുകള്‍ കൂടുതല്‍ ദാരിദ്ര്യത്തിലായ അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം സൂചികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം, ഏകദേശം മൂന്നില്‍ രണ്ട് അഫ്ഗാനികളും ദരിദ്രരായിരുന്നു.
ഓക്സ്ഫോഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവുമായി (ഒപിഎച്ച്‌ഐ) ചേര്‍ന്ന് സമാഹരിച്ച കണക്കുകളില്‍ മതിയായ പാര്‍പ്പിടം, ശുചിത്വം, വൈദ്യുതി, പാചക ഇന്ധനം, പോഷകാഹാരം, എന്നിവയുടെ അഭാവമാണ് ''ബഹുതല ദാരിദ്ര്യ''ത്തിന്റെ തോത് വിലയിരുത്താന്‍ കണക്കിലെടുത്തത്. 'സമീപകാലത്തായി സംഘര്‍ഷങ്ങള്‍ രൂക്ഷമാവുകയും വര്‍ദ്ധിക്കുകയും ചെയ്തു. മരണനിരക്ക് വര്‍ദ്ധിച്ചു, ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. ഇത് അവരുടെ ജീവിതത്തിനും ഉപജീവനത്തിനും വ്യാപകമായ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് യു എന്‍ ഡി പിയുടെ അഡ്മിനിസ്‌ട്രേറ്ററായ അക്കിം സ്റ്റെയ്നര്‍ പറഞ്ഞു.
'സംഘര്‍ഷ ബാധിത രാജ്യങ്ങളിലെ ദരിദ്രരെ സംബന്ധിച്ചിടത്തോളം അടിസ്ഥാന ആവശ്യങ്ങള്‍ക്കായുള്ള പോരാട്ടം വളരെ കഠിനവും നിരാശാജനകവുമാണെന്ന്,'' യുഎന്‍ഡിപിയിലെ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍ യാഞ്ചുന്‍ ഷാങ് പറഞ്ഞു.'സംഘര്‍ഷ മേഖലകളില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം മന്ദഗതിയിലാണെന്നും സമാധാനം കൈവരിക്കാതെ നമുക്ക് ദാരിദ്ര്യം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും ഒപിഎച്ച്‌ഐ ഡയറക്ടര്‍ സബീന അല്‍കിരെ പറഞ്ഞു.