
യുഎസില്‍ നിന്നും 119 ഇന്ത്യാക്കാരെക്കൂടി നാടുകടത്തുന്നു
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് സന്ദര്‍ശനം തുടരുന്നതിനിടെ അമേരിക്കയില്‍ നിന്നും 119 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെക്കൂടി നാടുകടത്തുന്നു. അമൃത്സര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളിലായി 119 പേരെ എത്തിക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസ് നാടുകടത്തുന്ന അനധികൃത ഇന്ത്യാക്കാരെ സ്വീകരിക്കുമെന്ന് മോഡി തന്റെ സന്ദര്‍ശനത്തില്‍ ട്രംപിന് വാക്ക് നല്‍കിയിരുന്നു.
ആദ്യ വിമാനം ഫെബ്രുവരി 15നും രണ്ടാമത്തേത് ഫെബ്രുവരി 16നും ഗുരു രാംദാസ് അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ എത്തും. നാടുകടത്തപ്പെടുന്നവരില്‍ 67 പേര്‍ പഞ്ചാബില്‍ നിന്നും 33 പേര്‍ ഹരിയാനയില്‍ നിന്നും 8 പേര്‍ ഗുജറാത്തില്‍ നിന്നും 3 പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നും രാജസ്ഥാനില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും 2 പേര്‍ വീതവും ജമ്മുകശ്മീരില്‍നിന്നും ഹിമാചല്‍പ്രദേശില്‍നിന്നും ഓരോ ആളും ഉള്‍പ്പെടുന്നു.
മെക്‌സിക്കോയുടെ അതിര്‍ത്തി വഴിയും മറ്റും അമേരിക്കയിലേക്ക് അനധികൃതമായി കടന്നവരാണ് ഇവരെന്ന് റിപ്പോര്‍ട്ടുണ്ട്.
യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റശേഷം അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായി ഇന്ത്യയിലേക്ക് എത്തുന്ന രണ്ടാമത്തെ സംഘമാണ് നാളെ എത്തുന്നത്.
ഫെബ്രുവരി അഞ്ചിന് ആദ്യത്തെ സംഘം എത്തിയിരുന്നു. കൈയില്‍ വിലങ്ങുവച്ച് കാലില്‍ ചങ്ങലയിട്ട് 104 പേരെയാണ് സൈനിക വിമാനത്തില്‍ യുഎസ് നാടുകടത്തിയത്. ഭക്ഷണം കഴിക്കാനും ശുചിമുറിയില്‍ പോകാനും വിലങ്ങും ചങ്ങലയും അഴിച്ചു മാറ്റിയില്ല. ഇതിനെതിരെ ശക്തമായ പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിഷേധം ഇന്ത്യയില്‍ ഉണ്ടായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ യുഎസിനെ ആശങ്ക അറിയിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.