
ഇസ്രായേൽ വ്യോമാക്രമണത്തിൽ 123 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഗാസയിൽ ഇസ്രായേലിൻ്റെ വ്യോമാക്രമണത്തിൽ ഇന്നലെ മാത്രം 123 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിലെ ഏറ്റവും ഉയർന്ന മരണ നിരക്കാണ് 24 മണിക്കൂറിനുള്ളിൽ ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇതിനകംതന്നെ 20 ലക്ഷത്തിലധികം പലസ്തീനികൾ താമസിക്കുന്ന പ്രദേശങ്ങൾ ഇസ്രായേൽ തകർത്തു. അതെസമയം പലസ്തീനികൾ ഒഴിഞ്ഞ് പോകണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ആശയം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു.
"ആരെയും പുറത്താക്കില്ല, പക്ഷെ അവർക്ക് പുറത്തുകടക്കാൻ അനുവാദമുണ്ടാകും. പലസ്തീനികളെ കുറിച്ച് ആശങ്കയുള്ളവരും അവരെ സഹായിക്കാൻ ആഗ്രഹിക്കുന്നവരും നിങ്ങളുടെ വാതിലുകൾ അവർക്കായി തുറന്ന് കൊടുക്കുക, ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട". ഇസ്രായേലി ടെലിവിഷൻ ചാനലായ ഐ24 ന്യൂസിനോട് നെതന്യാഹു പറഞ്ഞു.
പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഗാസയിൽ ഇതുവരെ കുറഞ്ഞത് 61,599 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് പറയുന്നു.


