
സഞ്ജു അടക്കം 14 ക്രിക്കറ്റ് താരങ്ങള്‍ നാഡയുടെ ഉത്തേജകമരുന്ന് പരിശോധന പട്ടികയില്‍
ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) സഞ്ജു സാംസണ്‍ അടക്കം പ്രമുഖ ക്രിക്കറ്റ് താരങ്ങളെ സമഗ്ര ഉത്തേജക മരുന്ന് വിരുദ്ധ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. 2025ലേക്കുള്ള രജിസ്‌ട്രേഡ് ടെസ്റ്റിങ് പൂളിലെ പുതിയ പട്ടികയിലേക്കാണ് താരങ്ങളെ ഉള്‍പ്പെടുത്തിയത്.
സഞ്ജുവിനെ കൂടാതെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ, ഏകദിന വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് കൂടാതെ ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, യശ്വസി ജയ്‌സ്വാള്‍, അര്‍ഷ്ദീപ് സിങ്, തിലക് വര്‍മ്മ എന്നിവരും പുതിയ പട്ടികയില്‍ ഉണ്ട്.
വനിതാ ക്രിക്കറ്റില്‍ നിന്നും ഓപ്പണറായ ഷെഫാലി വര്‍മ്മ, ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മ, മീഡിയം പേസറായ രേണുക സിങ് താക്കൂര്‍ എന്നിവര്‍ പട്ടികയില്‍ ഇടംപിടിച്ചു.
മറ്റ് കായിക ഇനങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്കൊപ്പം 14 ക്രിക്കറ്റ് താരങ്ങളാണ് പട്ടികയിലുള്ളത്.
ഇംഗ്ലണ്ടിനെതിരായി നടക്കുന്ന പരമ്പരയില്‍ ഏതാനും ക്രിക്കറ്റ് താരങ്ങളുടെ മൂത്ര സാമ്പിളുകള്‍ നാഡ ശേഖരിക്കും. അധികൃതര്‍ വ്യത്യസ്ത വേദികളില്‍ എത്തിയാണ് മൂത്ര സാമ്പിളുകള്‍ ശേഖരിക്കുക.
2019ലാണ് നാഡ ക്രിക്കറ്റ് താരങ്ങളേയും പട്ടികയില്‍ ഉള്‍പ്പെടുത്തി തുടങ്ങിയത്. വീട്ടുവിലാസം, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, രാത്രിയില്‍ വസിക്കുന്നയിടം, പരിശീലനം, ജോലി പോലെ പതിവായി ചെയ്യുന്ന പ്രവൃത്തികള്‍ തുടങ്ങിയ കാര്യങ്ങള്‍ താരങ്ങള്‍ നാഡയ്ക്ക് നല്‍കണം.