
ഇസ്രായേലി ആക്രമണത്തില്‍ പ്രമുഖ ഹിസ്ബുല്ല കമാന്‍ഡര്‍ ഉള്‍പ്പടെ 14 പേര്‍ കൊല്ലപ്പെട്ടു
വെള്ളിയാഴ്ച ലെബനനിലെ ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ കമാന്‍ഡര്‍മാരടക്കം 14 പേര്‍ കൊല്ലപ്പെട്ടു. ലെബനീസ് അതിര്‍ത്തിയിലെ പ്രദേശം കയ്യടക്കും വരെ ആക്രമണം തുടരുമെന്ന് ഇസ്രായേലി വൃത്തങ്ങള്‍ അറിയിച്ചു.
കൊല്ലപ്പെട്ടവരില്‍ ഹിസ്ബുല്ല കമാണ്ടര്‍ ഇബ്രാഹിം അക്കിലും, അഹമ്മദ് വെഹ്‌ബെയും ഉള്‍പ്പെടുന്നു. ഈ ആക്രമണത്തിലൂടെ ഒരു വര്‍ഷത്തോളം നീണ്ട ഇസ്രായേലി-ഹിസ്ബുല്ല ഏറ്റുമുട്ടലുകളുടെ തീവ്രത കൂടിയിരിക്കുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ലെബനന്‍ ആരോഗ്യമന്ത്രാലയം വിവരം നല്‍കി. 66 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ആറോളം സേനാത്തലവന്‍മാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇസ്രായേലിന്റെ ലക്ഷ്യങ്ങള്‍ വ്യക്തമാണെന്നും, തങ്ങളുടെ നടപടികളില്‍ അവ കാണാന്‍ സാധിക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. തെക്കന്‍ അതിര്‍ത്തിയിലെ ഇസ്രായേലി നിവാസികള്‍ സുരക്ഷിതരായി തിരിച്ചെത്തും വരെ ആക്രമണങ്ങള്‍ തുടരുമെന്ന് ഇസ്രായേലി പ്രതിരോധവകുപ്പ് മന്ത്രി യോആവ് ഗാലന്റ് എക്‌സില്‍ കുറിച്ചു. പലസ്തീനിനെതിരെയുള്ള ഇസ്രായേല്‍ ആക്രമണത്തിന് പുറകെയാണ് ഇസ്രായേലില്‍ ഹിസ്ബുല്ല റോക്കറ്റ് ആക്രമണങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച ആക്രമണത്തിന് ശേഷം ഇസ്രായേല്‍-ലെബനന്‍ അതിര്‍ത്തിയില്‍ നിന്നും ആയിരക്കണക്കിനാളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്നേ ഹിസ്ബുല്ലക്കെതിരെ യുദ്ധം ചെയ്തിട്ടുള്ള ഇസ്രായേല്‍, തങ്ങളുടെ ലക്ഷ്യം കൈവരിക്കാന്‍ ബലം പ്രയോഗിക്കുന്നതില്‍ യാതൊരു മടിയുമില്ലെന്ന് അറിയിച്ചു. ഹിസ്ബുല്ലയുടെ റാഡ്വാന്‍ പ്രത്യേക യൂണിറ്റിന്റെ കമാന്‍ഡറാണ് കൊല്ലപ്പെട്ട അക്കില്‍ എന്ന് ഇസ്രായേലി സൈന്യം വിശദീകരിച്ചു.
37 പേരുടെ മരണത്തിനു ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായ പേജറുകളുടെയും വാക്കി ടോക്കികളുടെയും സ്‌ഫോടനപരമ്പരകള്‍ക്കു പുറകെ ഹിസ്ബുല്ലയ്‌ക്കേറ്റിട്ടുള്ള മറ്റൊരു തിരിച്ചടിയാണ് ഇസ്രായേലിന്റെ വ്യോമാക്രമണം. കഴിഞ്ഞ ജൂലൈയില്‍ ഇസ്രായേല്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ ഫുആദ് ശുക്ര് എന്ന ഹിസ്ബുല്ല കമാന്‍ഡര്‍ കൊല്ലപ്പെട്ടിരുന്നു. അക്കിലിന്റെ തലയ്ക്ക് യുഎസ് സര്‍ക്കാര്‍ ഏഴ് മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 1983ല്‍ അമേരിക്കയുടെ നാവികസേനയെ ലെബനനില്‍ വച്ച് ബോംബാക്രമണം നടത്തിയതിനാണ് അക്കിലിനെ പിടികൂടാന്‍ യുഎസ് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചത്. ഇസ്രായേല്‍ പൗരരുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന എല്ലാറ്റിനെയും സമാനരീതിയിലാവും തങ്ങള്‍ കൈകാര്യ ചെയ്യുകയെന്ന് ഇസ്രായേലി സേന തലവന്‍ ഹെര്‍സി ഹലേവി പറഞ്ഞു.