TMJ
searchnav-menu
post-thumbnail

Representational Image: PTI

TMJ Daily

രാജ്യത്ത് കടൽമത്സ്യ ലഭ്യതയിൽ 14.53% വർധനവ്; കേരളം മൂന്നാമത്

19 May 2023   |   2 min Read
TMJ News Desk

2022 ൽ കടൽമത്സ്യങ്ങളുടെ ലഭ്യതയിൽ 14.53 ശതമാനം വർധനവുണ്ടായി. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് (സിഎംഎഫ്ആർഐ) പ്രകാരം ഇന്ത്യയിൽ തമിഴ്‌നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളാണ് വർധനയിൽ മുന്നിട്ടു നിൽക്കുന്നത്. അയലയും നെയ്മത്തിയുമാണ് ഏറ്റവും ഉയർന്ന അളവിലുള്ളത്, 2022 ൽ ഇന്ത്യൻ തീരത്ത് 3.49 ദശലക്ഷം ടൺ കടൽമത്സ്യമാണ് ലഭിച്ചത്. മുൻ വർഷത്തേക്കാൾ 14.53% വർധനവാണ് ഉണ്ടായിരിക്കുന്നത്. 2020 നെ അപേക്ഷിച്ച് മീൻ ലഭ്യതയിൽ 28% ത്തിലധികം വർധനവുണ്ടായി. കോവിഡ് വ്യാപനത്തിനു ശേഷം വിപണി ശക്തമാകുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.  

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽമത്സ്യങ്ങൾ ലഭിക്കുന്നത് തമിഴ്നാട്ടിലാണ്, 7.22 ലക്ഷം ടൺ  അതായത് മൊത്തം ലഭ്യതയുടെ 20.69%. കർണാടകയിൽ 6.95 ലക്ഷം ടണ്ണും കേരളത്തിൽ 6.87 ലക്ഷം ടണ്ണുമാണ് ലഭിച്ചത്. രാജ്യത്ത് ലഭ്യമാകുന്നതിൽ ഇഷ്ട മത്സ്യങ്ങളിലൊന്നായ നെയ്മത്തിയുടെ (എസ് ആർഡിനെല്ല ലോംഗ്സെപ്സ്) എണ്ണത്തിൽ കഴിഞ്ഞ വർഷം കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. 2021 നെ അപേക്ഷിച്ച് 2022 ൽ 188.15% വർദ്ധിച്ചതോടെ ഇന്ത്യൻ തീരത്ത് ലഭ്യമാകുന്ന കടൽ മത്സ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് നെയ്മത്തി. 2022 ൽ മഹാരാഷ്ട്രയുടെ തെക്കൻ ജില്ലകളിലും നെയ്മത്തിയുടെ ലഭ്യത ഉയർന്നതായി സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.

നെയ്മത്തിയുടെ എണ്ണം വർധിക്കുമ്പോഴും, ഇന്ത്യൻ അയലയാണ് വിപണിയിൽ മുൻപന്തിയിലുള്ളത്. 3.28 ലക്ഷം ടൺ അയലയാണ് ലഭിച്ചത്. ദേശീയ തലത്തിൽ 9.39% അയല വിപണിയിലെത്തി. 2.51 ലക്ഷം ടൺ നെയ്മത്തി ലഭിച്ചതോടെ മൊത്തം ലഭ്യതയിൽ 7.2 ശതമാനം ഉയർന്നു. മറ്റൊരിനമായ റിബൺ മത്സ്യം 2.27 ലക്ഷം ടൺ (6.49%), സെഫലോപോഡ് 2.06 ലക്ഷം ടൺ (5.89%), ത്രെഡ്ഫിൻ ബ്രീമുകൾ 1.99 ലക്ഷം ടൺ (5.69%) എന്നിങ്ങനെയാണ് ലഭിച്ചിരിക്കുന്നത്.

മീൻ ലഭ്യതയ്ക്ക് അനുകൂലമായി കാലാവസ്ഥ

ന്യൂനമർദ ഭീഷണി നേരിടുമ്പോഴും ശാന്തമായ കാലാവസ്ഥ തുടർച്ചയായ മത്സ്യബന്ധന പ്രവർത്തനങ്ങൾക്ക് അനുകൂലമായിരുന്നു എന്നതാണ് 2022 ലെ മറ്റൊരു പ്രധാന സവിശേഷത. വർഷത്തിലുടനീളം ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടെങ്കിലും മത്സ്യബന്ധനത്തെ കാര്യമായി ബാധിച്ചിരുന്നില്ലെന്ന് സിഎംഎഫ്ആർഐ അറിയിച്ചു.
 
രാജ്യത്തെ മൊത്തം മത്സ്യ ലഭ്യതയിൽ 40 ശതമാനത്തിലധികവും കടൽ മത്സ്യബന്ധനത്തിലൂടെയാണ് ലഭിക്കുന്നത്. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ അനിവാര്യ ഘടകമാണ്, ജോലി സാധ്യത വർധിപ്പിക്കുക കൂടാതെ, മിതമായ നിരക്കിൽ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണത്തിന്റെ ഉത്പാദന നിരക്ക് കൂട്ടുന്നതിനും സഹായിക്കുന്നു മാത്രമല്ല, കടൽ മത്സ്യബന്ധനം രാജ്യത്തിന് ആവശ്യമായ വിദേശനാണ്യം നേടിത്തരുന്നതിലും സഹായകരമാണ്. മത്സ്യബന്ധനത്തിന് പ്രധാനമായും മൂന്ന് മാർഗങ്ങളാണ് രാജ്യത്ത് മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്നത്. യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങൾ ഉപയോഗിച്ച് 2.85 ദശലക്ഷം ടൺ (82.0%) മത്സ്യം, മോട്ടോർ ഘടിപ്പിച്ച മത്സ്യബന്ധന ബോട്ടിലൂടെ 0.61 ദശലക്ഷം ടൺ (17.0%)മത്സ്യം, മോട്ടറൈസ്ഡ് അല്ലാത്ത മത്സ്യബന്ധന യാനങ്ങളിലൂടെ 0.04 മത്സ്യങ്ങളും ലഭിച്ചതായാണ് സിഎംഎഫ്ആർഐ ഡാറ്റ ചൂണ്ടിക്കാണിച്ചത്.

മത്സ്യ വർധനവിൽ മൂന്നാമതെത്തി കേരളം

കേരളത്തിന്റെ കടലതിർത്തിയിൽ മീൻകൂട്ടം വർധിക്കുന്നതിന്റെ സൂചനകളാണ് സിഎംഎഫ്ആർഐ റിപ്പോർട്ട് നൽകുന്നത്. സംസ്ഥാനത്തെ അഭിവൃദ്ധി പ്രാപിക്കുന്ന മത്സ്യബന്ധന വ്യവസായത്തിന്റെ നട്ടെല്ലായി മത്തിയുടെയും അയലയുടെയും ലഭ്യത തുടരുകയാണ്. കേരളത്തിലെ ജലാശയങ്ങളിൽ നിന്ന് മീനുകൾ ഏതാണ്ട് അപ്രത്യക്ഷമാകുന്ന പ്രവണതയ്ക്ക് ശേഷമാണ് 2022ൽ വർധനവ് രേഖപ്പെടുത്തിയത്. രാജ്യത്തെ തീരങ്ങളിൽ നെയ്മത്തിയുടെ ലഭ്യത വൻ തോതിൽ ഇടിയുമ്പോഴും കേരളത്തിൽ ലഭ്യത കൂടുന്നുവെന്നും റിപ്പോർട്ടിൽ പരാമർശിച്ചു.


#Daily
Leave a comment