
സെയ്ഫ് അലി ഖാന്റെ കുടുംബത്തിന്റെ 15,000 കോടിയുടെ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുത്തേക്കും
1968ലെ ശത്രുക്കളുടെ വസ്തുവഹകളുടെ നിയമ പ്രകാരം ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ കുടുംബമായ പട്ടൗഡി കുടുംബത്തിന്റെ 15,000 കോടി രൂപയുടെ സ്വത്ത് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തേക്കും. ഈ വസ്തുവഹകള്‍ ഏറ്റെടുക്കുന്നതിന് എതിരെ ഉണ്ടായിരുന്ന സ്റ്റേ ഉത്തരവ് മധ്യപ്രദേശ് ഹൈക്കോടതി നീക്കി.
സെയ്ഫ് അലിഖാന്‍ കുട്ടിക്കാലത്ത് വസിച്ചിരുന്ന ഫ്‌ളാഗ് സ്റ്റാഫ് ഹൗസ്, നൂര്‍ ഉസ് സബാഹ് കൊട്ടാരം, ദാര്‍ ഉസ് സലാം, ഹബീബി ബംഗ്ലാവ്, അഹമ്മദാബാദ് കൊട്ടാരം, കോഹെഫിസ തുടങ്ങിയവയാണ് 1968ലെ നിയമപ്രകാരം സര്‍ക്കാരിന് ഏറ്റെടുക്കാനുള്ള വഴി ഒരുങ്ങിയത്. വിഭജനത്തിനുശേഷം പാകിസ്ഥാനിലേക്ക് കുടിയേറിയ വ്യക്തികളുടെ വസ്തുവഹകള്‍ പിടിച്ചെടുക്കാനുള്ള അവകാശം ശത്രുക്കളുടെ വസ്തുവഹകളുടെ നിയമം സര്‍ക്കാരിന് നല്‍കുന്നു.
ഭോപാലിലെ നവാബായിരുന്ന ഹമീദുള്ള ഖാന്റെ മൂന്ന് പെണ്‍മക്കളില്‍ ഒരാള്‍ പാകിസ്ഥാനിലേക്ക് കുടിയേറി. മറ്റുള്ളവര്‍ ഇന്ത്യയില്‍ തുടര്‍ന്നു. ഇന്ത്യയില്‍ തുടര്‍ന്ന ഒരു മകളുടെ ചെറുമകനാണ് സെയ്ഫ്. എന്നാല്‍ കുടിയേറിയ മകളുടെ പേരുപറഞ്ഞാണ് സര്‍ക്കാര്‍ വസ്തുവഹകള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.
സെയ്ഫിന്റെ പിതാവായ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ഒരു ഹോട്ടല്‍ ശൃംഖലയ്ക്ക് വാടകയ്ക്ക് നല്‍കിയിരുന്ന പട്ടൗഡി കൊട്ടാരം തിരിച്ചെടുത്തതിനെ കുറിച്ച് സെയ്ഫ് പതിവായി സംസാരിക്കുമായിരുന്നു. ഈ കൊട്ടാരം സെയ്ഫിന്റെ വേനല്‍ക്കാല വസതിയാണ്. പതിവായി സിനിമ ഷൂട്ടിങ്ങിനായി നല്‍കുന്നുണ്ട്.


