
കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 18 ലക്ഷം പേര്‍
കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ 18 ലക്ഷം ഇന്ത്യക്കാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. 135 രാജ്യങ്ങളുടെ പൗരത്വമാണ് ഇവര്‍ സ്വീകരിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ വച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
പാകിസ്ഥാന്റേയും ബംഗ്ലാദേശിന്റേയും വരെ പൗരത്വം ഇന്ത്യക്കാര്‍ സ്വീകരിച്ചു. വികസനത്തിലും ആഗോള സ്വാധീനത്തിലും പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളായ ഫിജി, മ്യാന്മാര്‍, തായ്‌ലന്‍ഡ്, നമീബിയ, നേപ്പാള്‍, ശ്രീലങ്ക പോലുള്ള രാജ്യങ്ങളുടെ പൗരത്വം ഇന്ത്യാക്കാര്‍ സ്വീകരിച്ചു.
ഇന്ത്യക്കാരുടെ ഇഷ്ട രാജ്യങ്ങള്‍ ഇവയാണ്- യുഎസ്, കാനഡ, ചൈന, ഈജിപ്ത്, ന്യൂസിലന്‍ഡ്, സിങ്കപ്പൂര്‍, ദക്ഷിണ ആഫ്രിക്ക, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, തായ്‌ലന്‍ഡ്, യുകെ, യുഎഇ, വിയറ്റ്‌നാം.
വിദേശ കാര്യ മന്ത്രാലയം അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം 2022-ല്‍ 2,25,620 പേരും 2023-ല്‍ 2,16,219 പേരും പൗരത്വം ഉപേക്ഷിച്ചു.
2015 മുതല്‍ 2023 വരെ 12 ലക്ഷത്തില്‍ അധികം പേര്‍ മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിക്കാനായി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് പൗരത്വമാറ്റമെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. അറിവധിഷ്ഠിത സമ്പദ് വ്യവസ്ഥയില്‍ ആഗോള തൊഴിലിടത്തിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നുവെന്ന് മന്ത്രാലയം പറയുന്നു. മികച്ച കരിയര്‍ അവസരങ്ങള്‍, മെച്ചപ്പെട്ട ജീവിതനിലവാരം, മികച്ച വിദ്യാഭ്യാസ സാധ്യതകള്‍, ആഗോള മൊബിലിറ്റിയുടെ ലഭ്യത തുടങ്ങിയവയാണ് ഈ പ്രവണതയ്ക്ക് കാരണമെന്ന് ചില വിദഗ്ദ്ധര്‍ പറയുന്നു.
കോവിഡ് മഹാമാരി കാരണം 2020-ല്‍ ഈ പ്രവണതയില്‍ മാറ്റം വന്നു. 85,256 പേരാണ് ആ വര്‍ഷം പൗരത്വം ഉപേക്ഷിച്ചത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി വിദേശ അവസരങ്ങള്‍ തേടുന്ന ഇന്ത്യാക്കാരുടെ അവസരങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്.
ഇന്ത്യയുടെ ഭരണഘടനയും പൗരത്വ നിയമവും അനുസരിച്ച് ഇരട്ട പൗരത്വം അനുവദിക്കുന്നില്ല.