
മിന്നൽ പ്രളയത്തിൽ പാകിസ്താനിൽ 200 മരണം
കനത്ത പേമാരിയെ തുടർന്നുള്ള മിന്നൽ പ്രളയത്തിലും, മണ്ണിടിച്ചിലിലും പാകിസ്താനിൽ 200ൽ അധികം പേർ കൊല്ലപ്പെട്ടു, മരണങ്ങളിൽ ഭൂരിഭാഗവും, വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ പർവതപ്രദേശങ്ങളായ ഖൈബർ പഖ്തൂൺ പ്രവിശ്യയിലാണ്. 180 പേർ അവിടെ കൊല്ലപ്പെട്ടതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. വടക്കൻ ഗിൽഗിറ്റ്- ബാൾട്ടിസ്താനിൽ അഞ്ച് പേരും, പാകിസ്താൻ അധിനിവേശ കശ്മീരിൽ ഒമ്പത് പേരും കൊല്ലപ്പെട്ടു.
ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ വെള്ളപ്പൊക്ക ബാധിത ബുണർ ജില്ലയിൽ 78 പേർ മരിച്ചതായി അതോറിറ്റി നേരത്തെ പറഞ്ഞിരുന്നു.
വെള്ളപ്പൊക്ക ബാധിത മേഖലയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഒരു ഹെലികോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്ന് തകർന്നുവീണു എന്നും അതിലെ അഞ്ച് ജീവനക്കാർ മരിച്ചുവെന്നും സർക്കാർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന പാകിസ്താൻ സൈനിക ഹെലികോപ്റ്ററാണ് തകർന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ബുണറിലെ ഗ്രാമങ്ങളിൽ നിരവധി വീടുകൾ വെള്ളപ്പൊക്കത്തിൽ തകർന്നു.
വ്യാഴാഴ്ച മണ്ണിടിച്ചിലിൽ തകർന്ന പർവതപ്രദേശമായ മൻസെഹ്‌റ ജില്ലയിൽ നിന്ന് രക്ഷാപ്രവർത്തകർ 1,300 വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു. ഈ പ്രദേശങ്ങളിൽ കുറഞ്ഞത് 35 പേരെ കാണാതായതായി പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു.


