TMJ
searchnav-menu
post-thumbnail

പോള്‍ ലിഞ്ച് | PHOTO: WIKI COMMONS

TMJ Daily

2023 ബുക്കര്‍ പുരസ്‌കാരം ഐറിഷ് സാഹിത്യകാരന്‍ പോള്‍ ലിഞ്ചിന്

27 Nov 2023   |   1 min Read
TMJ News Desk

2023 ലെ ബുക്കര്‍ പുരസ്‌കാരം ഐറിഷ് സാഹിത്യകാരന്‍ പോള്‍ ലിഞ്ചിന്. ലിഞ്ചിന്റെ അഞ്ചാമത്തെ നോവലായ പ്രൊഫെറ്റ് സോങ് ആണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ചുരുക്കപ്പട്ടികയില്‍ ആറു പേരാണ് ഇടംപിടിച്ചിരുന്നത്. ബുക്കര്‍ ലഭിക്കുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ് പോള്‍ ലിഞ്ച്. ഐറിസ് മര്‍ഡോക്ക്, ജോണ്‍ ബാന്‍വില്‍, റോഡി ഡോയല്‍, ആനി എന്റൈറ്റ് എന്നിവരാണ് മുന്‍പ് പുരസ്‌കാരത്തിന് അര്‍ഹരായ ഐറിഷ് എഴുത്തുകാര്‍. 

സമഗ്രാധിപത്യത്തെ തുറന്നുകാട്ടുന്ന നോവല്‍

റെഡ് സ്‌കൈ ഇന്‍ മോര്‍ണിങ്, ദ ബ്ലാക്ക് സ്‌നോ, ഗ്രേസ്, ബിയോണ്ട് ദ സീ എന്നിവയാണ് പോള്‍ ലിഞ്ചിന്റെ മറ്റു പ്രധാന നോവലുകള്‍. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തെ കേന്ദ്രീകരിച്ച് ഷെഹാന്‍ കരുണാതിലക എഴുതിയ 'ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ' എന്ന കൃതിക്കാണ് 2022 ല്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചത്. 2023 ലും രാഷ്ട്രീയ സംഘര്‍ഷത്തെയും സമഗ്രാധിപത്യത്തേയും തുറന്നുകാട്ടിയ നോവലിനാണ് പുരസ്‌കാരം ലഭിച്ചത് എന്നത് പ്രാധാന്യമര്‍ഹിക്കുന്നു. ആറുമണിക്കൂറിലധികം നീണ്ട ചര്‍ച്ചകളിലൂടെയും ഒന്നിലധികം റൗണ്ട് പോളിങ് നടത്തിയുമാണ് പ്രൊഫെറ്റ് സോങ് എന്ന കൃതി അവസാനഘട്ടത്തില്‍ പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. 

ആഭ്യന്തര യുദ്ധത്തിന്റെയും പലായനത്തിന്റെയും ഭീകരതയും പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലെ അസ്വസ്ഥതയും മാനുഷിക ദുരന്തങ്ങളോടുള്ള നിലപാടുകളും തുറന്നുകാട്ടുന്ന നോവലിലെ പ്രധാന കഥാപാത്രം എലിഷ് ആണ്. ആഭ്യന്തര യുദ്ധത്തിനിടെ എലിഷിന്റെ ഭര്‍ത്താവിനെ കാണാതാകുന്നു. പിന്നീട് തന്റെ നാലു മക്കളേയും പിതാവിനേയും പരിപാലിക്കുന്നതിനു വേണ്ടി എലിഷ് നടത്തുന്ന ശ്രമങ്ങള്‍ നോവല്‍ വിവരിക്കുന്നു. ആഗോള തലത്തില്‍ ജനപ്രിയമായ പ്രൊഫെറ്റ് സോങ് നിരവധി നിരൂപക പ്രശംസ നേടുകയും പ്രധാനപ്പെട്ട അവാര്‍ഡുകള്‍ക്ക് പരിഗണിക്കുകയും ചെയ്തിട്ടുണ്ട്.


#Daily
Leave a comment