PHOTO: PTI
റഫയിലെ സുരക്ഷിത മേഖലകളില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം, 21 പേര്‍ കൊല്ലപ്പെട്ടു
സുരക്ഷിത മേഖലയായി പ്രഖ്യാപിച്ച പടിഞ്ഞാറന്‍ റഫയിലെ ടെന്റുകള്‍ക്ക് നെരെ ഇസ്രയേല്‍ ഷെല്ലാക്രമണം. കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീന്‍ കുടുംബങ്ങള്‍ താമസിക്കുന്ന അല്‍ മവാസിയിലെ കൂടാരങ്ങള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കം 21 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 45 പലസ്തീനികള്‍ കൊല്ലപ്പെട്ട ടാല്‍ അസ് സുല്‍ത്താന്‍ മേഖലയിലെ ടെന്റുകള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. ഹമാസിനെ ലക്ഷ്യം വച്ച് നടത്തിയ ആക്രമണം അപ്രതീക്ഷിതമായി സിവിലിയന്‍ മേഖലയെ ബാധിച്ചതാണെന്നായിരുന്നു ഇസ്രയേല്‍ പ്രതികരണം. ഇപ്പോള്‍ ഉണ്ടായ സംഭവത്തില്‍ സുരക്ഷിത മേഖലയില്‍ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇസ്രയേല്‍ വാദം. റഫയില്‍ പലസ്തീനികള്‍ അഭയം പ്രാപിക്കുന്ന കൂടാരങ്ങള്‍ക്ക് നേരെയുള്ള ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇസ്രയേല്‍ ഷെല്ലാക്രമണങ്ങളും ബോംബാക്രമണങ്ങളും വ്യാപകമാകുന്ന സാഹചര്യത്തില്‍ പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി നടത്തുന്ന അല്‍ ഖുദ്‌സ് ഫാല്‍ഡ് ഹോസ്പിറ്റലിന് റഫയിലെ അല്‍ മവാസി പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടിവന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൂര്‍ണമായും പ്രവര്‍ത്തനരഹിതമായ കുവൈത്ത് ആശുപത്രിയുടെ പരിസരത്തേക്കും ഇസ്രയേല്‍ ഷെല്ലാക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. റഫയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ആശുപത്രികളും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായി കഴിഞ്ഞു.
റഫ നഗരത്തിലെ സ്ഥിതി ഗുരുതരമാവുകയാണെന്നും ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ ഉണ്ടാകേണ്ടതുണ്ടെന്നും ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് പ്രസിഡന്റ് കേറ്റ് ഫോര്‍ബ്‌സ് പ്രതികരിച്ചു. ഗാസയില്‍ ഇതുവരെയുണ്ടായ ആക്രമണങ്ങളില്‍ 36,096 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 81,136 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.