TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ഗാസയില്‍ അഭയകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍, 22 പേര്‍ കൊല്ലപ്പെട്ടു

03 Jun 2024   |   1 min Read
TMJ News Desk

ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. നുസെറാത്ത്, ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പുകളിലും ഖാന്‍ യൂനിസിലെ വീടുകള്‍ക്ക് നേരെയും ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ഇസ്രയേല്‍ ആക്രമണം ഉണ്ടായ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും 50 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. 

ഓസ്ട്രേലിയന്‍ പൊതുപ്രവര്‍ത്തകരുടെ പ്രതിഷേധം

ഇസ്രയേലിലേക്കുള്ള സൈനിക കയറ്റുമതി അവസാനിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ പൊതുപ്രവര്‍ത്തകര്‍. ഇസ്രയേല്‍ വംശഹത്യയെ അപലപിച്ചുകൊണ്ട് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസിനയച്ച കത്തില്‍ 300 ലധികം പൊതുപ്രവര്‍ത്തകരാണ് ഒപ്പുവച്ചത്.  ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തുന്നതില്‍ പരാജയപ്പെടുന്ന ഓസ്ട്രേലിയന്‍ സ്റ്റേറ്റ് ഉദ്യോഗസ്ഥര്‍ യുദ്ധക്കുറ്റം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും ക്രിമിനല്‍ കുറ്റമാണ് രാജ്യം ചെയ്യുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

പാരാമെഡിക്കല്‍ ജീവനക്കാരുടെ മരണം

പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയിലെ രണ്ട് പാരാമെഡിക്കല്‍ ജീവനക്കാര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. റാഫയില്‍ ആംബുലന്‍സിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ജീവനക്കാര്‍ കൊല്ലപ്പെട്ടത്.  ഗാസയുടെ ആരോഗ്യ സംവിധാനത്തെ ഉന്മൂലനം ചെയ്യാനായി ഇസ്രയേല്‍ നടത്തുന്ന ക്രൂരകൃത്യമെന്ന്  ഗാസ ആരോഗ്യം മന്ത്രാലയം ആക്രമണത്തെ വിശേഷിപ്പിച്ചു. പലസ്തീന്‍ ആരോഗ്യ മന്ത്രാലയം നല്‍കുന്ന കണക്കുകള്‍ പ്രകാരം ഗാസയ്ക്കെതിരായ ഇസ്രയേല്‍ ആക്രമണത്തില്‍ ഡോക്ടര്‍, നഴ്സ്, പാരാമെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 493 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.





#Daily
Leave a comment