
കേരളത്തില്‍ 227 പേര്‍ക്ക് കൂടി കോവിഡ്
കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 227 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്തില്‍ 1,147 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 717 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 72 പേര്‍ക്ക് രോഗം ഭേദമായി.
അതേസമയം, ഇന്ത്യയില്‍ ഇന്നലെ മാത്രം 2,710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം 22 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് വ്യാപനത്തില്‍ ഭയപ്പെടേണ്ടതില്ലെന്ന നിലപാടിലാണ് അധികൃതരുള്ളത്.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് ധാരാളം റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് നല്‍കിയിരുന്നു. ഈ രാജ്യങ്ങളില്‍ ഒമിക്രോണ്‍ ജെഎന്‍1 വകഭേദങ്ങളായ എല്‍എഫ്7, എന്‍ബി 1.8 എന്നിവയാണ് പടരുന്നത്. ഇവയ്ക്ക് രോഗ വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കൂടുതലില്ല.
ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയവ ഉള്ളവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതു സ്ഥലങ്ങളിലും മറ്റും മാസ്‌ക് ധരിക്കണം.


