
ആന്‍ഡമാനില്‍ പുതിയ 23 ഇനം ചോരകുടിയന്‍ കീടങ്ങളെ കണ്ടെത്തി
സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഗവേഷകര്‍ രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത പുതിയ 23 സ്പീഷീസ് ചോര കുടിയന്‍ കീടങ്ങളെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളില്‍ കണ്ടെത്തി. ഈ ചെറിയ കീടങ്ങള്‍ക്ക് രൂപത്തില്‍ ഈച്ചയോടാണ് സാമ്യമെങ്കിലും അവയുടെ ഭക്ഷ്യ സ്വഭാവങ്ങള്‍ കൊതുകിനോടാണ് സാമ്യം. കുലികോയ്ഡസ് ജീനസില്‍ ഉള്‍പ്പെടുന്ന ഇവ പ്രാദേശികമായി അറിയപ്പെടുന്നത് ഭൂസി ഈച്ചകള്‍ എന്നാണ്. ഈ മേഖലയില്‍ ഈ ജീനസിലുള്ള കൂടുതല്‍ ഇനങ്ങളെ ഇനിയും കണ്ടെത്താനുള്ള സാധ്യത ഗവേഷകര്‍ തള്ളിക്കളയുന്നില്ല. ഇതുവരെ ഈ ജീനസില്‍ 93 സ്പീഷീസുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ദ്വീപസമൂഹത്തില്‍ ഈ കീടങ്ങളെക്കുറിച്ച് നടത്തിയ ആദ്യ സമഗ്രമായ സര്‍വേയിലെ കണ്ടെത്തലുകള്‍ അന്താരാഷ്ട്ര ജേണലായ പാരസൈറ്റ്‌സ് ആന്റ് വെക്ടേഴ്‌സില്‍ പ്രസിദ്ധീകരിച്ചു.
വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളില്‍ നിന്നും വന്യമൃഗങ്ങളായ മാന്‍ പോലുള്ളവയില്‍ നിന്നും ഈ ഈച്ചകള്‍ രക്തം കുടിക്കുമെന്ന് പഠനം കണ്ടെത്തി. ഇവയില്‍ അഞ്ച് സ്പീഷീസുകള്‍ കന്നുകാലികളുടെ മരണത്തിന് കാരണമാകുന്ന ബ്ലൂടങ് രോഗകാരിയായ വൈറസിനെ പരത്തുമെന്നത് ആശങ്കയാണ്.
മൃഗങ്ങളുടെ നാക്കിന് നീലനിറം, പനി, മുഖത്ത് വീക്കം, അമിതമായി ഉമിനീര്‍ ഒലിക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. മൃഗങ്ങള്‍ ചാകുന്നതിന് കാരണമാകുകയും കന്നുകാലി കൃഷിക്കും കാര്‍ഷിക സമ്പദ് വ്യവസ്ഥയ്ക്കും ഭീഷണിയാകുകയും ചെയ്യും.
2022, 2023 വര്‍ഷങ്ങളിലാണ് പഠനം നടത്തിയത്. ഇവിടെ തിരിച്ചറിഞ്ഞ 23 സ്പീഷീസുകളില്‍ 17 എണ്ണം മനുഷ്യനെ കടിക്കുന്നത് ആണെങ്കിലും മനുഷ്യരെ ബാധിക്കുന്ന രോഗങ്ങള്‍ പരത്തുന്നതായി റിപ്പോര്‍ട്ടില്ല.


