TMJ
searchnav-menu
post-thumbnail

TMJ Daily

യുഎഇയില്‍ 25 ഇന്ത്യാക്കാര്‍ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെന്ന് കേന്ദ്രം

22 Mar 2025   |   1 min Read
TMJ News Desk

യുഎഇയില്‍ 25 ഇന്ത്യാക്കാര്‍ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. എന്നാല്‍, ശിക്ഷ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും മുസ്ലിം ലീഗ് എംപി പി വി അബ്ദുള്‍ വഹാബിന്റെ ചോദ്യത്തിന് ഉത്തരമായി വിദേശകാര്യമന്ത്രാലയം രാജ്യസഭയെ അറിയിച്ചു.

വ്യത്യസ്ത രാജ്യങ്ങളിലായി 49 ഇന്ത്യാക്കാര്‍ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ട്. യുഎഇയെ കൂടാതെ സൗദി അറേബ്യയില്‍ 11 ഉം മലേഷ്യയില്‍ ആറും കുവൈറ്റില്‍ മൂന്നും ഇന്തോനേഷ്യയിലും ഖത്തറിലും യുഎസിലും യെമനിലും ഓരോരുത്തരേയും വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. ഈ ശിക്ഷകളൊന്നും നടപ്പിലാക്കിയിട്ടില്ല.

കഴിഞ്ഞ അഞ്ചുവര്‍ഷമായി വിദേശ രാജ്യങ്ങളിലെ ജയിലില്‍ കഴിയുന്നവരുടെ വിവരങ്ങളാണ് വഹാബ് ചോദിച്ചത്. കൂടാതെ, കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ക്ക് എന്തെങ്കിലും നിയമസഹായം നല്‍കുന്നുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി വിദേശ രാജ്യങ്ങളില്‍ വധശിക്ഷ കാത്ത് കഴിയുന്ന അല്ലെങ്കില്‍ വധശിക്ഷയ്ക്ക് വിധേയരായ ഇന്ത്യാക്കാരുടെ വിവരങ്ങളും അദ്ദേഹം ചോദിച്ചിരുന്നു.

നിലവില്‍ വിചാരണത്തടവുകാരും ശിക്ഷിക്കപ്പെട്ടവരുമായി 10,152 ഇന്ത്യാക്കാര്‍ വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ് എഴുതി നല്‍കിയ മറുപടിയില്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ മലേഷ്യ, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലായി ഇന്ത്യാക്കാരെ വധശിക്ഷയ്ക്ക് വിധേയരാക്കിയെന്നും മന്ത്രി പറഞ്ഞു.

2024ല്‍ സൗദി അറേബ്യയിലും കുവൈറ്റിലും മൂന്ന് വീതം ഇന്ത്യാക്കാരെ വധശിക്ഷയ്ക്ക് വിധേയരാക്കി. അതേസമയം, സിംബാബ്വേയില്‍ ഒരാളേയും വധശിക്ഷയ്ക്ക് വിധേയമാക്കി. 2023ല്‍ കുവൈറ്റിലും സൗദിയിലും അഞ്ച് വീതം ഇന്ത്യാക്കാരേയും മലേഷ്യയില്‍ ഒരാളേയും വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടുണ്ട്

വധശിക്ഷയ്ക്ക് വിധേയരാക്കിയ ഇന്ത്യാക്കാരുടെ വിവരങ്ങള്‍ യുഎഇ ഇന്ത്യയ്ക്ക് നല്‍കിയില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, ഇന്ത്യയുടെ നയതന്ത്ര കാര്യാലയത്തിലെ അനൗദ്യോഗിക വിവരം അനുസരിച്ച് 2020 മുതല്‍ 2024 വരെ ഇന്ത്യാക്കാരെ യുഎഇ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടില്ല.


#Daily
Leave a comment