REPRESENTATIONAL IMAGE | PTI
തുടര്‍വിദ്യാഭ്യാസ പദ്ധതിക്ക് 25 വയസ്സ്
കേരളത്തിന്റെ തുടര്‍ വിദ്യാഭ്യാസ പദ്ധതിക്ക് ഇന്ന് 25 വയസ്സ്. 1998 ല്‍ ഇകെ നായനാര്‍ ഉദ്ഘാടനം ചെയ്ത തുടര്‍ വിദ്യാഭ്യാസ പദ്ധതി യുനെസ്‌കോ പുരസ്‌കാരമുള്‍പ്പെടെ നേടി രാജ്യാന്തര തലത്തില്‍ അംഗീകാരം നേടിയിട്ടുള്ളതാണ്. നാല്, ഏഴ്, പത്ത്, പന്ത്രണ്ട് എന്നീ ക്ലാസുകളിലേക്ക് ഘട്ടം ഘട്ടമായാണ് സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തുല്യതാ പരീക്ഷകള്‍ ആരംഭിച്ചത്. തുടര്‍ വിദ്യാഭ്യാസ പദ്ധതിയുടെ രജതജൂബിലി പിന്നീട് വിപുലമായി ആഘോഷിക്കും എന്ന് സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ എ ജി ഒലീന പറഞ്ഞു.
സാക്ഷരതാ നിലവാരം ഉയര്‍ന്നു
നവസാക്ഷരര്‍, ഔപചാരികവിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോയവര്‍, സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, സാമൂഹ്യ-സാമ്പത്തിക കാരണങ്ങളാല്‍ ഔപചാരിക വിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോയവര്‍ തുടങ്ങിയവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. കേരളത്തിലെ സാക്ഷരതാ നിലവാരം ഉയര്‍ത്താന്‍ തുടര്‍വിദ്യാഭ്യാസ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനു ആളുകള്‍ക്കാണ് പദ്ധതി ഉപകരിച്ചത്. അതിഥി തൊഴിലാളികള്‍ക്കും തുടര്‍ വിദ്യാഭ്യാസ പദ്ധതി ഉപകാരപ്രദമായി മാറി. 1800 ലധികം വരുന്ന പ്രേരക്മാരാണ് പദ്ധതിയെ വിജയകരമായി മുന്നോട്ടു നയിക്കുന്നത്.
സാക്ഷരതാമിഷന്‍ നടപ്പിലാക്കിവരുന്ന തുല്യതാപരിപാടികളില്‍ ഒന്നാംഘട്ടമാണ് നാലാംതരം തുല്യത. ആറ് മാസം ദൈര്‍ഘ്യമുള്ളതാണ് കോഴ്സ്. 2000 ഒക്ടോബറിലാണ് കോഴ്‌സ് ആരംഭിച്ചത്. നാലാംതരം വിജയിച്ചവര്‍, ഇടക്കുവച്ച് പഠനം നിര്‍ത്തേണ്ടിവന്നവര്‍, 5, 6, 7 ക്ലാസുകളില്‍ നിന്നും കൊഴിഞ്ഞുപോയവര്‍ എന്നിവര്‍ക്കായി തുടര്‍പഠനം ഒരുക്കിക്കൊടുക്കുകയാണ് ഏഴാം തരം തുല്യതയിലൂടെ സാക്ഷരതാമിഷന്‍ ലക്ഷ്യം വയ്ക്കുന്നത്. 8 മാസം ദൈര്‍ഘ്യമുള്ളതാണ് കോഴ്സ്. ഇതില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സാമൂഹ്യശാസ്ത്രം, അടിസ്ഥാനശാസ്ത്രം, ഗണിതം എന്നീ 6 വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2005 ലാണ് സാക്ഷരതാമിഷന്‍ ഏഴാം തരം തുല്യത കോഴ്‌സ് ആരംഭിച്ചത്.
2006-07 ല്‍ ആരംഭിച്ച പത്താംതരം തുല്യതാ കോഴ്സ് അനൗപചാരിക വിദ്യാഭ്യാസചരിത്രത്തിലെ ശ്രദ്ധേയമായ ചുവടുവയ്പാണ്. ഗള്‍ഫ് രാജ്യങ്ങളിലും ലക്ഷദ്വീപ് സമൂഹങ്ങളിലും ഈ കോഴ്സ് സാക്ഷരതാമിഷന്‍ ആരംഭിച്ചിട്ടുണ്ട്. കോഴ്സ് വിജയിക്കുന്നതിലൂടെ ഉപരിപഠനത്തിനും ഉദ്യോഗകയറ്റത്തിനും അര്‍ഹത ലഭിക്കും. ഇപ്പോള്‍ പത്താംതരം അടിസ്ഥാനയോഗ്യതയായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ എഴുതുന്നതിനായുള്ള അംഗീകാരവും പ്രസ്തുത കോഴ്സിന് ലഭിച്ചിട്ടുണ്ട്. പത്ത് മാസം ദൈര്‍ഘ്യമുള്ളതാണ് കോഴ്സ്. ജില്ലകളില്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ സ്‌കൂളുകളില്‍ വച്ചാണ് പഠിതാക്കള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നത്.
അനൗപചാരിക വിദ്യാഭ്യാസരംഗത്ത് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സ് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. 2013 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് സാക്ഷരതാമിഷന് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സ് ആരംഭിക്കുന്നതിന് അനുമതി നല്‍കിയത്. മാനവികവിഷയങ്ങളായ ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളാണ് ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്സില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.