
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 25% തീരുവ
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും ചെറു ട്രക്കുകള്‍ക്കും 25 ശതമാനം തീരുവ ഏര്‍പ്പെടുത്തി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച തീരുവ അടുത്ത ആഴ്ച്ചയില്‍ നിലവില്‍ വരും. വൈറ്റ് ഹൗസിന്റെ തീരുമാനം വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുമെന്നും ഉല്‍പാദനത്തെ തടസ്സപ്പെടുത്തുമെന്നും വാഹന വ്യവസായ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.
യുഎസില്‍ നിര്‍മ്മിക്കാത്ത കാറുകളുടെ തീരുവ 25 ശതമാനം വര്‍ദ്ധിപ്പിക്കുന്നുവെന്ന് ട്രംപ് ഓവല്‍ ഓഫീസില്‍ നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു.
വരുമാനം വര്‍ദ്ധിപ്പിക്കുക, ദീര്‍ഘകാലമായി ഇടിഞ്ഞു കൊണ്ടിരിക്കുന്ന യുഎസിന്റെ വ്യവസായ അടിത്തറ പുനരുദ്ധരിക്കുക എന്നിവയ്ക്കുള്ള മറുമരുന്നായിട്ടാണ് ട്രംപ് തീരുവയെ കാണുന്നത്. ഏപ്രില്‍ 3 മുതല്‍ ഈടാക്കി തുടങ്ങും. യുഎസിന്റെ വലിയ വ്യാപാര കമ്മിക്ക് കാരണക്കാരായ രാജ്യങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയ പകരത്തിനുപകരം തീരുവ നിലവില്‍ വരുന്നതിന് പിറ്റേന്നാണ് കാറുകളുടെ തീരുവ നിലവില്‍ വരുന്നത്.
ഈ നീക്കം ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും മോശമാണെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ പറഞ്ഞു. കാനഡയിലെ തൊഴിലാളികളുടെ മേല്‍ പ്രത്യക്ഷത്തിലുള്ള ആക്രമണം ആണിതെന്ന് കാനഡയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വിശേഷിപ്പിച്ചു.
അതേസമയം, സ്വതന്ത്ര വ്യാപാര കരാറുകള്‍ക്കെതിരെ നിലകൊള്ളുന്ന യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്‌സ് ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ഈ കരാറുകള്‍ അമേരിക്കയുടെ തൊഴിലുകള്‍ ഇല്ലാതാക്കുന്നുവെന്നാണ് അവരുടെ ആരോപണം.
ട്രംപിന്റെ തീരുമാനം വന്നതിന് പിന്നാലെ വാഹനനിര്‍മ്മാതാക്കളായ കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു.