
സൈബര്‍ തട്ടിപ്പ് സംഘത്തില്‍ നിന്നും മോചിപ്പിച്ച 283 ഇന്ത്യാക്കാരെ തിരിച്ചെത്തിച്ചു
തെക്കുകിഴക്കന്‍ ഏഷ്യയിലെ വിവിധ രാജ്യങ്ങളിലെ കുപ്രസിദ്ധമായ സൈബര്‍ തട്ടിപ്പുകേന്ദ്രങ്ങളില്‍ കുടുങ്ങിയ 283 ഓളം ഇന്ത്യാക്കാരെ രക്ഷപ്പെടുത്തി. മ്യാന്മാര്‍, തായ്‌ലന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ വ്യാജ തൊഴില്‍ വാഗ്ദാനങ്ങളിലൂടെ എത്തി സൈബര്‍ തട്ടിപ്പുകാരുടെ പിടിയിലായവരെയാണ് തിരിച്ചു നാട്ടിലെത്തിച്ചത്.
ഈ വര്‍ഷം മ്യാന്‍മര്‍-തായ്‌ലന്‍ഡ് അതിര്‍ത്തിയിലെ സൈബര്‍ കുറ്റകൃത്യ ശൃംഖലകള്‍ക്കെതിരെ ഈ രാജ്യങ്ങള്‍ നടത്തിയ നിയമനടപടികളിലൂടെ ആയിരക്കണക്കിന് വിദേശികളെ സ്വതന്ത്രമാക്കിയിരുന്നു. ചൈനയും ഇന്തോനേഷ്യയും അവരുടെ പൗരന്‍മാരെ കഴിഞ്ഞ മാസം തിരികെ എത്തിച്ചിരുന്നു.
മ്യാന്മാറിലേയും തായ്‌ലന്‍ഡിലേയും ഇന്ത്യന്‍ എംബസികള്‍ സംയുക്തമായി 283 ഇന്ത്യക്കാരെ വ്യോമസേനയുടെ വിമാനത്തില്‍ നാട്ടിലെത്തിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞയാഴ്ച്ച തട്ടിപ്പ് കേന്ദ്രങ്ങള്‍ക്കെതിരെ നടന്ന നിയമനടപടികളില്‍ തായ്‌ലന്‍ഡ് നൂറുപേരെ അറസ്റ്റ് ചെയ്തിരുന്നു. ക്രിമിനല്‍ സംഘങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഇവിടെ എത്തിച്ചശേഷം കോടിക്കണക്കിന് രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കായി ജോലി ചെയ്യിപ്പിച്ചിരുന്നു.