TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസില്‍ നിന്നും 295 ഇന്ത്യാക്കാരെ കൂടി നാടുകടത്തും: കേന്ദ്രം

21 Mar 2025   |   1 min Read
TMJ News Desk

യുഎസ് ഇമിഗ്രേഷന്‍, കസ്റ്റംസ് അധികൃതരുടെ കസ്റ്റഡിയിലുള്ള 295 നിയമവിരുദ്ധ കുടിയേറ്റക്കാരായ ഇന്ത്യക്കാരെ താമസിയാതെ നാടുകടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയെ അറിയിച്ചു.

യുഎസില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളുള്ള എത്ര നിയമവിരുദ്ധ കുടിയേറ്റക്കാര്‍ ഉണ്ടെന്നതിന്റെ കണക്കുകള്‍ ട്രംപ് ഭരണകൂടത്തിന്റെ പക്കല്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു.

2025 ജനുവരി മുതല്‍ ഇതുവരെ 338 ഇന്ത്യാക്കാരെയാണ് യുഎസ് നാടുകടത്തിയത്. ഇവരുടെ പൗരത്വം വെരിഫൈ ചെയ്തതിനുശേഷമാണ് നാടുകടത്തുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രാജ്യസഭയിലെ അറിയിച്ചു.

ഇത് കൂടാതെയാണ് ഇപ്പോള്‍ നാടുകടത്താന്‍ ഉത്തരവായിട്ടുള്ള 295 പേരുടെ വിവരങ്ങള്‍ യുഎസ് ഇന്ത്യയെ അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. ഈ വ്യക്തികളുടെ പൗരത്വ വിവരങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ബന്ധപ്പെട്ട ഏജന്‍സികള്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുഎസിലെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ കീഴിലുള്ള ഒരു ഫെഡറല്‍ നിയമപരിപാലന ഏജന്‍സിയാണ് യുഎസ് ഇമിഗ്രേഷന്‍, കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്.

യുഎസ് നാടുകടത്തിയ ഇന്ത്യാക്കാരെ യാത്രയിലുടനീളം കൈയിലും കാലിലും വിലങ്ങിട്ടിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ രാജ്യത്ത് ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പൊതുവില്‍ സ്ത്രീകളേയും കുട്ടികളേയും ഇപ്രകാരം ചെയ്യില്ലെന്നും എങ്കിലും നാടുകടത്തപ്പെടുന്നവര്‍ സഞ്ചരിക്കുന്ന വിമാനത്തിലെ ഫ്‌ളൈറ്റ് ഓഫീസര്‍ക്കാണ് അന്തിമ തീരുമാനമെടുക്കാനുള്ള അധികാരമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ 16 വര്‍ഷത്തിനിടയില്‍ യുഎസില്‍ നിന്നും 15,700 നിയമവിരുദ്ധ കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് നാടുകടത്തിയിട്ടുണ്ടെന്ന് മന്ത്രി ഫെബ്രുവരി ആറിന് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.









#Daily
Leave a comment