ഹരിയാനയില്‍ മൂന്നു സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി; സംഭവം കുടുംബാംഗങ്ങളെ ബന്ദികളാക്കി
ഹരിയാനയിലെ പാനിപ്പത്തില്‍ കുടുംബാംഗങ്ങളെ ബന്ദികളാക്കി മൂന്നു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു. ഒരു സ്ത്രീയെ അക്രമികള്‍ കൊലപ്പെടുത്തി. ആയുധവുമായെത്തിയ നാലംഗ സംഘം വീട്ടില്‍ അതിക്രമിച്ചു കയറിയെന്നാണ് റിപ്പോര്‍ട്ട്. 24, 25, 35 വയസ്സുള്ള സ്ത്രീകളാണ് ബലാത്സംഗം ചെയ്യപ്പെട്ടത്.
പാനിപ്പത്തില്‍ ഫിഷ് ഫാമില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അതിക്രമത്തിന് ഇരയായത്. രണ്ടു വീടുകളിലാണ് സംഘം ആക്രമണം നടത്തിയത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രതികള്‍ക്കായി അന്വേഷണം
മുഖംമൂടി ധരിച്ചെത്തിയ സംഘം ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയശേഷം കുടുംബാംഗങ്ങളെ ബന്ദികളാക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്തു. ഒരേ സംഘം തന്നെയാണ് രണ്ടിടങ്ങളിലും ആക്രമണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
ആദ്യ വീട്ടില്‍ ബൈക്കിലെത്തിയ കൊള്ളസംഘം ഗൃഹനാഥനെയും ഭാര്യയെയും മര്‍ദിക്കുകയും പണം കവരുകയും ചെയ്തു. അക്രമികളുടെ അടിയേറ്റ് ഗുരുതര പരുക്കുകളോടെ ചികിത്സയിലായിരുന്ന 45 കാരിയാണ് മരിച്ചത്. രണ്ടാമത്തെ വീട്ടിലെ പുരുഷന്മാരെയും കുട്ടികളെയും കെട്ടിയിട്ടശേഷം മൂന്നു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു. ഇവിടെ നിന്ന് ആഭരണങ്ങളും 13,000 രൂപയും അക്രമികള്‍ മോഷ്ടിച്ചു.
കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി നാല് അക്രമികള്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മത് ലൗഡ പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കത്തികള്‍ അടക്കം മൂര്‍ച്ചയേറിയ ആയുധങ്ങളുമായാണ് സംഘം എത്തിയത്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.