100 കോടി ഡോളർ ക്ലബിൽ ഇടംപിടിച്ച് പുതിയ 3 ഐടി കമ്പനികൾ
ഇന്ത്യയിൽ 100 കോടി ഡോളർ വരുമാനമുള്ള ഐടി ഭീമൻമാരുടെ ക്ലബ്ബിലേക്ക് പുതിയ മൂന്ന് കമ്പനികൾ കൂടി വരുന്നു. പെർസിസ്റ്റന്റ് സിസ്റ്റംസ് ലിമിറ്റഡ്, കോഫോർജ് ലിമിറ്റഡ്, എൽ ആൻഡ് ടി ടെക്നോളജി സർവീസസ് ലിമിറ്റഡ് (എൽടിടിഎസ്) എന്നിവയാണ് 100 കോടി ഡോളർ ( 1 ബില്യൺ) വാർഷിക വരുമാനമുള്ള കമ്പനികളുടെ ക്ലബ്ബിൽ പ്രവേശിക്കുന്ന പുതിയ കമ്പനികൾ. പെർസിസ്റ്റന്റും കൊഫോർജും 2023 മാർച്ചിൽ 100 കോടി ഡോളർ വരുമാനം നേടിയപ്പോൾ എൽ.ടി.ടിഎസ് 81 കോടിയിലധികം വരുമാനം നേടി.
1990 ൽ സ്ഥാപിതമായ പെർസിസ്റ്റന്റ് മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് 100 കോടി ക്ലബിൽ ഇടം പിടിക്കുന്നത്. മുമ്പ് എൻ.ഐ.ഐ.ടി ടെക്‌നോളജീസ് (NIIT Technologies) എന്നറിയപ്പെട്ടിരുന്ന കൊഫോർജ് 2004 ൽ ഒരു സ്വതന്ത്ര സ്ഥാപനമായി ആരംഭിച്ചതാണ്. എൽ.ടി.ടിഎസ് 2012 ൽ സ്ഥാപിതമായി. 100 കോടി ഡോളർ വരുമാനമുള്ള പത്ത് ടെക്നോളജി സർവീസ് കമ്പനികളാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ സ്ഥാപനങ്ങളെല്ലാം ഇന്ത്യൻ അധിഷ്ടിത ഐടി കമ്പനികളല്ല. ലോകത്തിലെ ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റിയായ ബ്ലാക്ക്സ്റ്റോൺ 2016-ൽ എംഫാസിസ് വാങ്ങിയപ്പോൾ, ബെയറിങ് പ്രൈവറ്റ് ഇക്വിറ്റി 2019-ൽ എൻ.ഐ.ഐ.ടി ടെക്നോളജീസ് ഏറ്റെടുത്ത് കൊഫോർജ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. എന്നിരുന്നാലും ബാക്കിയുള്ള എട്ട് ഇന്ത്യൻ ടെക്നോളജി കമ്പനികൾ 100 കോടി വരുമാനം ലഭിക്കുന്നവയാണ്.
Representational Image: PTI
രാജ്യത്തെ തൊഴിൽ ദാതാക്കളായി ഐടി മേഖല
ഇന്ത്യയിൽ ഓട്ടോ മൊബൈൽ, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങളിൽ രാജ്യം പുരോഗതി പ്രാപിക്കുന്നുണ്ടെങ്കിലും രാജ്യത്തെ നിലവിലെ തൊഴിൽ ദാതാക്കൾ ഐ ടി മേഖലയാണ്. മാത്രമല്ല, 14.30% നും 24.1% നും ഇടയിൽ മാർജിൻ ഉള്ള പത്ത് കമ്പനികളും ലാഭത്തിലാണ് എന്നത് ശ്രദ്ധേയമാണ്. ഈ മേഖലയിലെ അഞ്ച് വലിയ കമ്പനികൾക്ക് ആയിരം കോടി ഡോളറിലധികം വരുമാനമുണ്ട്. ടിസിഎസ്, കോഗ്‌നിസന്റ്, ഇൻഫോസിസ്, എച്ച്‌സിഎൽ, വിപ്രോ എന്നിവ യഥാക്രമം 27.9 ബില്യൺ, 19.4 ബില്യൺ, 18.2 ബില്യൺ, 12.6 ബില്യൺ, 11.6 ബില്യൺ ഡോളർ വരുമാനം കഴിഞ്ഞ വർഷം നേടിയിരുന്നു. 6.6 ബില്യൺ ഡോളർ മൂല്യത്തോടെ രാജ്യത്തെ ആറാമത്തെ വലിയ കമ്പനിയാണ് ടെക് മഹീന്ദ്ര. കഴിഞ്ഞ വർഷം L&T ഇൻഫോടെക്കും മൈൻഡ്ട്രീ ലിമിറ്റഡും ലയിച്ചതിന് ശേഷം രൂപീകരിച്ച LTI Mindtree 4.1 ബില്യൺ ഡോളർ നേട്ടത്തിലെത്തി.
100 കോടി വരുമാനം നേടിയ മൂന്ന് സ്ഥാപനങ്ങളെക്കൂടാതെ, നാല് കമ്പനികൾ കൂടി 60 കോടിക്കും 100 കോടി ഡോളറിനുമിടയിൽ വരുമാനമുണ്ട്. ശതകോടീശ്വരനായ സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ഫസ്റ്റ് സോഴ്സ് സൊല്യൂഷൻസ് ലിമിറ്റഡ് കഴിഞ്ഞ വർഷം ഏകദേശം 62.2 കോടി ഡോളറിന്റെ വരുമാനം നേടിയപ്പോൾ, അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ഹർഷ് ഗോയങ്കയുടെ സെൻസർ ടെക്നോളജീസ് 49 കോടി ഡോളർ വരുമാനം നേടി. ഹൈദരാബാദ് ആസ്ഥാനമായുള്ള സിയന്റ് 62.2 കോടി ഡോളറും ബിർലാസോഫ്റ്റിന് 49 കോടി ഡോളറുമാണ് വാർഷിക വരുമാനം.
Representational Image: PTI
രാജ്യത്ത് 500 മില്യണിൽ താഴെ വരുമാനമുള്ള അര ഡസനിലധികം കമ്പനികളുമുണ്ട്. 10 ബില്യൺ ഡോളറിലധികം വരുമാനമുള്ള അഞ്ച് കമ്പനികളെക്കൂടാതെ ഒരു ബില്യൺ ഡോളർ വരെ വരുമാനമുള്ള പതിമൂന്ന് ചെറുകിട കമ്പനികളും അടങ്ങിയ ഒരു വലിയ ശൃംഘലയാണ് ഐടി മേഖല. എന്നാൽ സ്റ്റോക്ക് അനലിസ്റ്റുകളുടെ കണക്കുകൾ പ്രകാരം, ഐടി മേഖലയിൽ ഇടത്തരം അധവാ മധ്യനിര കമ്പനികൾ ധാരാളം ഇല്ല. പെർസിസ്റ്റന്റ് സിസ്റ്റംസ്, കോഫോർജ് ലിമിറ്റഡ്, എൽടിടിഎസ് എന്നീ കമ്പനികളുടെ പ്രവർത്തനം നോക്കിയാൽ, പ്രവർത്തനത്തിനുള്ള സാമ്പത്തികം, ഒരു ജീവനക്കാരന്റെ വരുമാനം (ആളുകളുടെ എണ്ണം), ബിസിനസിന്റെ നടത്തിപ്പ് (ഏറ്റവും വലിയ പത്ത് ക്ലയന്റുകളിൽ നിന്നുള്ള ബിസിനസ്സ്), വലിയ അക്കൗണ്ടുകളിൽ സ്ഥാപനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു (വാർഷിക വരുമാനത്തിൽ 10 മില്യണിലധികം വരുന്ന കമ്പനികളുടെ എണ്ണം) എന്നീ നാല് ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് മൂന്ന് സ്ഥാപനങ്ങളെ താരതമ്യം ചെയ്യുന്നത്. ഈ നാല് ഡാറ്റകളിൽ മൂന്ന് സ്ഥാപനങ്ങൾക്ക് തമ്മിൽ വലിയ വ്യത്യാസമില്ല.
അഞ്ച് ഹോംഗ്രൗൺ കമ്പനികൾ സ്ഥാപിതമായി ആദ്യ 10 വർഷത്തിനുള്ളിൽ 1 ബില്യൺ വരുമാനം നേടിയപ്പോൾ, മറ്റ് മൂന്ന് കമ്പനികൾ 2017-നും 2019-നും ഇടയിൽ ഒരു ബില്യൺ വരുമാനത്തിലെത്തി. ആദ്യ കാലഘട്ടങ്ങളിൽ, മിക്ക കമ്പനികളും തങ്ങളുടെ ഭൂരിഭാഗം ബിസിനസ് പ്രവർത്തനങ്ങൾക്കും മറ്റ് കമ്പനികളെ ആശ്രയിച്ചിരുന്നു. ഒരു കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ മൂന്നിലൊന്നിനും പകുതിക്കും ഇടയിലാണ് പത്ത് വലിയ ക്ലയന്റുകളിൽ നിന്നുള്ള ബിസിനസിന്റെ വിഹിതം എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. പെർസിസ്റ്റന്റിന്റെയും കോഫോർജിന്റെയും പ്രവർത്തന മാർജിൻ 15% ൽ താഴെയാണ്. അതേസമയം LTTS ന്റെ ലാഭക്ഷമത 18.50% ആണ്. കഴിഞ്ഞ കാൽനൂറ്റാണ്ടായി മിക്ക സ്ഥാപനങ്ങളും ലാഭത്തിൽ ഇടിവ് നേരിട്ടിട്ടുണ്ട്. ഔട്ട്സോഴ്സിംഗിന്റെ പ്രാരംഭ ഘട്ടത്തിൽ ഐടി സേവന കമ്പനികൾക്ക് ഉയർന്ന ലാഭം ലഭിച്ചിരുന്നു. മൂന്ന് സ്ഥാപനങ്ങൾ വരുമാനം വർദ്ധിപ്പിക്കുമ്പോൾ അവരുടെ ലാഭക്ഷമത നിലനിർത്താൻ കഴിയുമോ എന്ന് കണ്ടറിയണം.
ചുരുക്കത്തിൽ, പെർസിസ്റ്റന്റ്, കോഫോർജ്, എൽടിടിഎസ് എന്നിവയുടെ ബില്യൺ ഡോളർ വരുമാനം ഈ മേഖലയിലെ വിശകലന വിദഗ്ധരെയും നിക്ഷേപകരെയും സന്തോഷിപ്പിച്ചിരിക്കുകയാണ്. ഐടി മേഖലയിൽ ചെറുകിട കമ്പനികൾക്ക് ഇനിയും വളരാൻ സാധിക്കുമെന്ന് ഇതിലൂടെ കണക്കാക്കപ്പെടുന്നു.