വെള്ളക്കെട്ടില്‍ കുടുങ്ങി 3 വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം; ഡല്‍ഹിയിലെ 13 കോച്ചിംഗ് സെന്ററുകള്‍ക്കെതിരെ നടപടി
ഡല്‍ഹിയിലെ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് നിയമവിരുദ്ധമായി നിര്‍മ്മിച്ച 13 കോച്ചിംഗ് സെന്ററുകള്‍ സീല്‍ ചെയ്തു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റേതാണ് നടപടി. അപകടമുണ്ടായ റാവൂസ് കോച്ചിംഗ് സെന്ററിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാര്‍ക്കിങിനുള്ള ബേസ്‌മെന്റില്‍ അനധികൃതമായി ലൈബ്രറി നിര്‍മിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
ചട്ടങ്ങള്‍ ലംഘിച്ച് ബേസ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മറ്റ് സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തിരിക്കുന്നത്. ബിഹാര്‍ സ്വദേശിയായ ടാനിയ സോണി, ഉത്തര്‍പ്രദേശ് സ്വദേശിനിയായ ശ്രേയ യാദവ്, എറണാകുളം സ്വദേശിയായ നവീന്‍ ഡെല്‍വിന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് ബേസ്‌മെന്റില്‍ നിര്‍മ്മിച്ച ലൈബ്രറിയിലെ വെള്ളക്കെട്ടില്‍ കുടുങ്ങി മരിച്ചത്. ജെഎന്‍യുവില്‍ ആര്‍ക്കിയോളജിയില്‍ പിഎച്ച്ഡി ചെയ്യുകയായിരുന്നു നെവിന്‍. ഗവേഷണത്തോടൊപ്പം സിവില്‍ സര്‍വീസ് പരിശീലനവും നെവിന്‍ നടത്തിയിരുന്നു.
അപകട സമയത്ത് നാല്‍പ്പതോളം വിദ്യാര്‍ത്ഥികളാണ് ലൈബ്രറിയില്‍ ഉണ്ടായിരുന്നത്. വെള്ളക്കെട്ടില്‍ കുടുങ്ങിയ മറ്റ് വിദ്യാര്‍ത്ഥികളെ ഏഴ് മണിക്കൂര്‍ നീണ്ട ഓപ്പറേഷനിലൂടെയാണ് രക്ഷപ്പെടുത്തിയത്.കെട്ടിടത്തിലെ വെള്ളം നീക്കം ചെയ്തപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. സംഭവത്തിന് പിന്നാലെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. പ്രദേശത്തെ ഡ്രെയിനേജ് സംവിധാനത്തിന്റെ അപാകതയാണ് വെള്ളക്കെട്ടിനിടയാക്കിയതെന്നും ഓടകള്‍ വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടിട്ടും കോര്‍പറേഷന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ലെന്നും കോച്ചിംഗ് സെന്റര്‍ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.