TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ഇസ്രായേല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 34,183; കണക്കുകള്‍ പുറത്തുവിട്ട് പലസ്തീന്‍ 

24 Apr 2024   |   1 min Read
TMJ News Desk

സ്രായേല്‍ സൈന്യം ഗാസയില്‍ നടത്തിവരുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34,183 ആയി ഉയര്‍ന്നതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 32 ആയി. യുദ്ധം തുടങ്ങി ആറ് മാസത്തിനിടെ 77,143 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ 14,500 കുട്ടികളും 9,500 സ്ത്രീകളുമുണ്ടെന്ന് ഗാസ അധികൃതര്‍ അറിയിച്ചു. 

ഖാന്‍ യൂനിസിലെ ശവക്കുഴികളില്‍ നിന്ന് ഇതുവരെ 283 പേരെ കണ്ടെടുത്തു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം 30 കുട്ടികളാണ് കൊല്ലപ്പെട്ടത്. 3,025 കൂട്ടക്കൊലകളാണ് ഇസ്രയേലി സൈന്യം ഗാസയില്‍ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പലസ്തീനികള്‍ ഏറെ താമസിക്കുന്ന റഫാ നഗരത്തെ തകര്‍ക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. ഇതിനായി രണ്ട് അധിക ബ്രിഗേഡുകള്‍ ഗാസയില്‍ വിന്യസിപ്പിക്കാന്‍ ഇസ്രയേല്‍ സൈന്യം തീരുമാനിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎയ്ക്ക് ആവശ്യമായ ധനസഹായം പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. യുദ്ധത്തില്‍ താറുമാറായ ഗാസയിലെ യുഎന്‍ആര്‍ഡബ്ല്യുഎയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതായി ഫിന്‍ലാന്‍ഡ് അറിയിച്ചു. ഗാസ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തിയ, യേല്‍ യൂണിവേഴ്‌സിറ്റി, കൊളംബിയ യൂണിവേഴ്‌സിറ്റി, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഡസന്‍ കണക്കിന് പലസ്തീന്‍ അനുകൂല പ്രതിഷേധക്കാരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി, മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് മിഷിഗണ്‍ എന്നിവിടങ്ങളിലേക്കും യുദ്ധവിരുദ്ധ പ്രതിഷേധം വ്യാപിച്ചു. വടക്കന്‍ ഗാസ സിറ്റിയിലെ കളിസ്ഥലത്തിന് സമീപം ഒരുകൂട്ടം ആളുകളെ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ഇടിക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഗാസ നഗരത്തിലുടനീളവും, വടക്കന്‍ ഗാസയിലെ മറ്റ് പ്രദേശങ്ങളിലും ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. 

ഐവി ലീഗ് സ്‌കൂളുകളിലെ യുദ്ധവിരുദ്ധ പ്രകടനങ്ങള്‍ക്ക് പുറമേ, മിഷിഗണ്‍ യൂണിവേഴ്‌സിറ്റി, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവയുള്‍പ്പെടെ മറ്റ് കാമ്പസുകളിലും പലസ്തീന്‍ അനുകൂല ക്യാമ്പുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഒക്ടോബര്‍ 7 ന് ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ മരിച്ചവരുടെ എണ്ണം 1,139 ആണ്.



#Daily
Leave a comment