TMJ
searchnav-menu
post-thumbnail

Representational Image: PTI

TMJ Daily

പഠനം തുടരാനാവാതെ 35 ലക്ഷം പത്താം ക്ലാസ് വിദ്യാർത്ഥികൾ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട്

31 May 2023   |   3 min Read
TMJ News Desk

2021 - 2022 അധ്യായന വർഷത്തിൽ പത്താം ക്ലാസിൽ പ്രവേശിച്ച 35 ലക്ഷം വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ പഠനം വ്യക്തമാക്കി. 35 ലക്ഷം വിദ്യാർത്ഥികളിൽ 27.5 ലക്ഷം പേർ പരീക്ഷയിൽ വിജയിച്ചില്ല, 7.5 ലക്ഷം വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷ എഴുതിയില്ല.

സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എജ്യുക്കേഷൻ (CBSE), കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ (CISCE) എന്നിവയുൾപ്പെടെയുള്ള സെൻട്രൽ ബോർഡുകളിൽ വിദ്യാർത്ഥികളുടെ തോൽവി 5% കുറവാണ്. എന്നാൽ സ്‌റ്റേറ്റ് ബോർഡുകളിൽ തോൽവി 16% ഉയരുകയാണ് ചെയ്തത്. പത്താം ക്ലാസ് പരീക്ഷയിൽ പരാജയപ്പെടുകയോ പരീക്ഷ എഴുതാതിരിക്കുകയോ ചെയ്ത 35 ലക്ഷം വിദ്യാർത്ഥികളിൽ 4.5 ലക്ഷം വിദ്യാർത്ഥികൾ മാത്രമാണ് നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ് (NIOS) വഴി പരീക്ഷ എഴുതിയത്. അതിൽ പരാജയ നിരക്ക് 47% മുതൽ 55% വരെയാണ്. പത്താം ക്ലാസ് കഴിഞ്ഞതിനു ശേഷം ഓപ്പൺ സ്‌കൂളുകളിലേക്ക് പോകുന്നവരുടെ എണ്ണം വളരെ കുറവാണ്. മേഘാലയ, മധ്യപ്രദേശ്, കശ്മീർ എന്നി സംസ്ഥാനങ്ങളിൽ 65% ത്തിന് താഴെയാണ് പത്താം ക്ലാസിലെ വിജയ ശതമാനം. പഞ്ചാബിൽ 97.8 ശതമാനവും കേരളത്തിൽ 99.85 ശതമാനവുമാണ്. സംസ്ഥാനങ്ങളിൽ ഉടനീളമുള്ള വിദ്യാർത്ഥികൾ കഴിവുള്ളവരാണെന്നും തുല്യ അവസരങ്ങൾ നൽകിയാൽ അവർക്ക് മികവ് പുലർത്താൻ സാധിക്കുമെന്നും സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി സഞ്ചയ് കുമാർ പറഞ്ഞു.

ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ 10,12 ക്ലാസ് പരീക്ഷകളിൽ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യുന്ന വിദ്യാർത്ഥികളുടെ ഡാറ്റ വിശകലനം ചെയ്യുമ്പോൾ വലിയ വ്യത്യാസമാണ് കാണാൻ സാധിക്കുക. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, രാജസ്ഥാൻ, കർണാടക, അസം, പശ്ചിമ ബംഗാൾ, ഹരിയാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമായി പഠനം പൂർത്തിയാക്കാതെ കൊഴിഞ്ഞു പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം ഏകദേശം 30 ലക്ഷമാണ്. ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം, വിവിധ വിദ്യാഭ്യാസ ബോർഡുകൾക്കിടയിൽ മൂല്യനിർണയത്തിൽ തുല്യത കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ ബോർഡുകൾ വിശകലനം ചെയ്യുന്നത്. കൂടാതെ ബോർഡു പരീക്ഷകൾ ഏകീകരിക്കുന്നതിന് വേണ്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഒരു ദേശീയ മൂല്യനിർണയ സംവിധാനം രൂപീകരിക്കും.

ശാസ്ത്രവിഷയങ്ങളിൽ താൽപര്യം കാണിച്ച് വിദ്യാർത്ഥികൾ

വ്യത്യസ്ത ബോർഡുകളിലെ കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി എന്നീ വിഷയങ്ങളിലെ സിലബസിലുള്ള വ്യത്യാസം കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്, JEE, NEET ഉൾപ്പെടെയുള്ള ദേശീയ തലത്തിൽ നടക്കുന്ന പരീക്ഷകളെ ബാധിക്കുന്നുണ്ട്, NEET പരീക്ഷയിൽ യോഗ്യതനേടുന്ന വിദ്യാർത്ഥികളുടെ ഡാറ്റ അടിസ്ഥാനത്തിൽ ഏത് ബോർഡിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മികച്ച പ്രകടനം കാഴ്ച വെക്കുന്നതെന്ന് പരിശോധിക്കുമെന്നും സഞ്ചയ് കുമാർ പറഞ്ഞു.

കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ പത്താം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരും തുടർപഠനത്തിനായി തിരഞ്ഞെടുത്തത് ശാസ്ത്ര വിഷയമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആർട്‌സ് വിഷയങ്ങൾ തിരഞ്ഞെടുത്തത് രണ്ടു ശതമാനത്തിൽ താഴെ വിദ്യാർത്ഥികൾ മാത്രമാണ്. ആന്ധ്രാപ്രദേശ് 75.63%, തമിഴ്‌നാട് 61.50%, ഉത്തർപ്രദേശ് 57.13%, കേരളം 44.50%, എന്നിങ്ങനെയാണ് ശാസ്ത്ര വിഷയം തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ കണക്കുകൾ. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ആർട്‌സ് തിരഞ്ഞെടുത്തത്, 81.55%. പശ്ചിമ ബംഗാൾ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മേഘാലയ, തൃപുര, നാഗാലാന്റ് എന്നിവടങ്ങളിൽ കൂടുതൽ വിദ്യാർത്ഥികളും തിരഞ്ഞെടുത്തിരിക്കുന്നത് ആർട്‌സ് വിഷയങ്ങളാണ്.

മികച്ച വിജയം കാഴ്ചവച്ച് കേരളം

ഈ വർഷത്തെ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയമാണ് കേരളത്തിലെ വിദ്യാർത്ഥികൾ നേടിയത്. രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95% മാണ് വിജയം. കഴിഞ്ഞവർഷം 83.87% ആയിരുന്നു. ഈ വർഷം വിജയശതമാനത്തിൽ 0.92% കുറവുണ്ടായി. ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ 3,76,135 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 3,12,005 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 77 സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. ഹയർ സെക്കൻഡറി റഗുലർ വിദ്യാർഥികളിൽ സയൻസ് വിഷയത്തിൽ 1,93,544 പേർ പരീക്ഷ എഴുതിയതിൽ 1,68,975 പേർ ഉപരിപഠനത്തിന് അർഹത നേടി. ഹ്യുമാനിറ്റീസിൽ 74,482 പേർ പരീക്ഷ എഴുതിയതിൽ 53,575 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. കൊമേഴ്സ് വിഭാഗത്തിൽ 1,08 109 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 89,455 പേർ ഉപരിപഠനത്തിന് അർഹത നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 33,815 വിദ്യാർഥികളാണ്. വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിയാണ് 87.55%. 76.59% നേടിയ പത്തനംതിട്ട ജില്ലയിലാണ് കുറവ് വിജയശതമാനം. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 28,495 പേർ പരീക്ഷ എഴുതിയതിൽ 22,338 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 78.39% ആണ് വിജയശതമാനം. കഴിഞ്ഞ തവണ 78.26% ആയിരുന്നു. ഇത്തവണ 0.13% ആയി ഉയർന്നു. ഏറ്റവും കൂടുതൽ പേർ വിജയിച്ചത് വയനാട് ജില്ലയിലാണ്. 83.63 ശതമാനം പേർ. വിജയശതമാനം കുറവ് പത്തനംതിട്ടയിലാണ്, 68.48%. 20 സ്‌കൂളുകൾക്ക് നൂറ് മേനി വിജയം ലഭിച്ചു. 12 സർക്കാർ സ്‌കൂളുകളും എട്ട് എയ്ഡഡ് സ്‌കൂളുകളും മുഴുവൻ വിജയം സ്വന്തമാക്കി. 373 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 187 ആയിരുന്നു.

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ 99.70% ആണ് വിജയ ശതമാനം. കഴിഞ്ഞ തവണ വിജയം 99.26% ആയിരുന്നു. 0.44% ആണ് വിജയശതമാനത്തിൽ വന്ന വർധന. 4,19,128 വിദ്യാർത്ഥികൾ റഗുലറായി പരീക്ഷയെഴുതിയവരിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 68,604 പേരാണ്. കഴിഞ്ഞതവണ ഇത് 44,363 ആയിരുന്നു. എസ്എസ്എൽസി പ്രൈവറ്റ് വിജയ ശതമാനം 66.67. കണ്ണൂർ (99.94%) ആണ് വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല പാല, മൂവാറ്റുപുഴ എന്നിവയാണ്. കുറവ് വയനാട്. ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയ ജില്ല മലപ്പുറമാണ്, 4865 പേർക്കാണ്.


#Daily
Leave a comment