
വയനാട്ടിൽ 36 ശതമാനം കുറവ് മഴ
തെക്കു-പടിഞ്ഞാറൻ കാലവർഷ സീസണിലെ ജൂൺ മാസത്തിൽ വയനാട് ജില്ലയിൽ 36 ശതമാനം കുറവ് മഴ. ജൂൺ 1 മുതൽ 30 വരെ സാധാരണഗതിയിൽ 703.6 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിയതിന് പകരം ഇത്തവണ ലഭിച്ചത് 451.1മില്ലി മീറ്റർ മാത്രമായിരുന്നു. കേരളത്തിൽ വയനാട് ജില്ലയൊഴികെ ബാക്കി എല്ലാ ജില്ലകളിലും സാധാരണ നിലയിലുള്ള മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പിന്റെ ഡാറ്റ വെളിപ്പെടുത്തുന്നു.
ജൂൺ മാസത്തിൽ സാധാരണ ഗതിയിൽ കേരളത്തിന് ലഭിക്കേണ്ടത് മഴ 648.2 മില്ലി മീറ്റർ മഴയാണ്. ഇത്തവണ ജൂൺ 30 വരെ ലഭിച്ചത് 620.4 ശതമാനമാണ്. ശരാശരിയിൽ നിന്നും 4 ശതമാനം കുറവ്. എന്നാൽ, കാലാവസ്ഥ വകുപ്പിന്റെ നിർവചന പ്രകാരം ശരാശരി ലഭിക്കേണ്ട മഴയിൽ നിന്നും 19 ശതമാനം വരെ കുറവോ, കൂടുതലോ രേഖപ്പെടുത്തിയാൽ മാത്രമേ കുറവായും, കൂടുതലായും കണക്കാക്കുകയുള്ളു.
വയനാട് കഴിഞ്ഞാൽ ശരാശരിയിലും കുറഞ്ഞ മഴ ലഭിച്ച ജില്ല ഇടുക്കിയാണ്.സാധാരണഗതിയിൽ ശരാശരി 735.7മില്ലി മീറ്റർ മഴ ലഭിക്കേണ്ടതിന് പകരം ഇക്കുറി 608.7 മില്ലി മീറ്റർ മാത്രമാണ് ഇടുക്കിയിൽ ലഭിച്ചത്. അതായത് 17 ശതമാനത്തിന്റെ കുറവ്. കാസർകോട്, കോഴിക്കോട്, മലപ്പുറം, കോട്ടയം എന്നീ ജില്ലകളിൽ മഴയിൽ യഥാക്രമം 15 മുതൽ 8 ശതമാനം വരെ കുറവാണ് ജൂൺ മാസത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ആലപ്പുഴ, കണ്ണൂർ, പാലക്കാട്, പത്തനംത്തിട്ട, തൃശൂർ എന്നീ ജില്ലകളിൽ മാത്രമാണ് നേരിയ തോതിലെങ്കിലും ശരാശരിയിലും കൂടുതൽ മഴ ലഭിച്ചിട്ടുള്ളത്.


