REPRESENTIVE IAMGE: WIKI COMMONS
ചിന്നക്കനാലിലെ 365 ഹെക്ടര്‍ ഭൂമി റിസര്‍വ് വനമാകും; വിജ്ഞാപനമിറക്കി സര്‍ക്കാര്‍
ഇടുക്കിയിലെ ചിന്നക്കനാല്‍ വില്ലേജിലെ 364.39 ഹെക്ടര്‍ ഭൂമി റിസര്‍വ് വനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പാപ്പാത്തിചോല, സിങ്കുകണ്ടം, സിമന്റ് പാലം, വേട്ടവന്‍തേരി, വേസ്റ്റുകുഴി, 301 കോളനിയുടെ സമീപ പ്രദേശങ്ങള്‍, സൂര്യനെല്ലി, ആനയിറങ്കല്‍ ഡാമിനു സമീപമുള്ള സ്ഥലങ്ങള്‍ എന്നിവയാണ് റിസര്‍വ് വനമേഖലയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് 100 വര്‍ഷത്തേക്ക് പാട്ടത്തിനുകൊടുത്ത പ്രദേശങ്ങളാണ് ഭൂരിഭാഗവും. പാട്ടക്കാലാവധി കഴിഞ്ഞശേഷവും അതിനുമുമ്പും കൈയേറ്റങ്ങള്‍ വ്യാപകമായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ കൈവശമുള്ളവര്‍ ഹാജരാക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനുശേഷമാകും അന്തിമവിജ്ഞാപനം.
വന്യജീവി സംരക്ഷണത്തിനായി
മേഖലയിലെ വന്യജീവി സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വനംവകുപ്പിന്റെ നീണ്ടനാളത്തെ ആവശ്യമായിരുന്നു പ്രദേശം റിസര്‍വ് ഭൂമിയായി പ്രഖ്യാപിക്കുക എന്നത്. ഇതുസംബന്ധിച്ച തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിനായി ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫീസറെ ചുമതലപ്പെടുത്തി. മൂന്നുമാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി ഭാവിയില്‍ തര്‍ക്കമുണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനുവേണ്ടി യൂക്കാലി മരങ്ങളാണ് ഇവിടെ നട്ടുപിടിപ്പിച്ചിരുന്നത്. റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണ് സെക്ഷന്‍ നാല് പ്രകാരമുള്ള നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. അനധികൃത മരംമുറി, വ്യാജപട്ടയം ഉപയോഗിച്ചുള്ള കൈയേറ്റം തുടങ്ങിയവ പ്രദേശത്ത് വ്യാപകമായിരുന്നു. പ്രദേശത്തിന്റെ ഭൂപ്രകൃതി അനുസരിച്ചു കൂടിയാണ് റിസര്‍വ് ഭൂമിയാക്കണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടത്.
അതേസമയം, വനസംരക്ഷണ ഭേദഗതി നിയമം ഇന്ന് പ്രാബല്യത്തില്‍ വരും. വനഭൂമി ഉപയോഗിക്കുന്നതിനു കൂടുതല്‍ ഇളവുകള്‍ നിര്‍ദേശിക്കുന്നതാണ് നിയമം. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വനഭൂമി വനേതര ആവശ്യങ്ങള്‍ക്കുപയോഗിക്കുവാന്‍ സാധിക്കും.