
നിലമ്പൂര്‍ കാട്ടില്‍ 3 ആനകള്‍ ചരിഞ്ഞനിലയില്‍
നിലമ്പൂര്‍ കാടിനുള്ളില്‍ വ്യത്യസ്ത ഇടങ്ങളിലായി മൂന്ന് ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇവയില്‍ ഒന്ന് കടുവയുടെ ആക്രമണത്തിലാണ് ചരിഞ്ഞതെന്ന് കരുതുന്നു.
കരുളായി, മരുത, പുത്തരിപാടം എന്നിവിടങ്ങളില്‍ നിന്നാണ് ആനകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു.
മരുതയില്‍ 20 വയസ്സ് പ്രായം തോന്നിക്കുന്ന പെണ്ണാനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അതേസമയം, പുത്തരിപാടത്തുനിന്നും കണ്ടെത്തിയത് 10 വയസ്സുള്ള ആണാനയെയാണ്.
കരുളായിയില്‍ ആറ് മാസം പ്രായമുള്ള കുട്ടിയാനയെയാണ് ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്. കടുവയുടെ ആക്രമണത്തിലാണ് ഈ കുട്ടിയാന ചരിഞ്ഞതെന്ന് കരുതുന്നതായി അധികൃതര്‍ പറയുന്നു. ശരീരത്തില്‍ മുറിവുകളുണ്ട്.
ഇന്നലെ രാത്രി വനത്തിനുള്ളില്‍നിന്നും അലര്‍ച്ച കേട്ടതിനെ തുടര്‍ന്ന് അധികൃതര്‍ തിരച്ചില്‍ നടത്തുകയായിരുന്നു.
മരുതയിലും പുത്തരിപാടത്തും കണ്ടെത്തിയ ആനകള്‍ രോഗങ്ങള്‍ മൂലം ചരിഞ്ഞുവെന്നാണ് കരുതുന്നത്. ഈ മൃതദേഹങ്ങള്‍ക്ക് ഏതാനും ദിവസത്തെ പഴക്കമുണ്ട്.
മൂന്ന് കേസുകളും തമ്മില്‍ ബന്ധമില്ലെന്നും അസാധാരണമായി ഒന്നുമില്ലെന്നും അധികൃതര്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹങ്ങള്‍ സംസ്‌കരിക്കും.