Representational Image: Pexels
അമേരിക്കയില്‍ ബാങ്കിലെ വെടിവെപ്പില്‍ 4 മരണം
അമേരിക്കയിലെ കെന്റക്കി പ്രവിശ്യയിലെ ലൂയിവില്‍ പട്ടണത്തിലെ ഒരു ബാങ്കിലെ ജീവനക്കാരനായ 23 കാരന്‍ നടത്തിയ വെടിവെപ്പില്‍ 4 പേര്‍ കൊല്ലപ്പെടുകയും, 9 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തു. തോക്കുധാരിയും കൊല്ലപ്പെട്ടു. തോക്കുധാരികള്‍ ഈ വര്‍ഷം അമേരിക്കയില്‍ ഇതുവരെ നടത്തിയ 15-മത്തെ കൂട്ടക്കൊലപാതകമാണ് തിങ്കളാഴ്‌ച്ച ലൂയിവില്ലില്‍ നടന്നത്. കെന്റക്കി ഗവര്‍ണ്ണറുടെ ഒരു ഉറ്റ സുഹൃത്തും വെടിവെപ്പില്‍ കൊല്ലപ്പെട്ടു.
ഇതേ പ്രവിശ്യയിലെ നാഷ്‌വെയിലിലെ ഒരു സ്‌കൂളില്‍ മുന്‍വിദ്യാര്‍ത്ഥി രണ്ടാഴ്‌ച്ച മുമ്പ് നടത്തിയ വെടിവെപ്പില്‍ മൂന്നു കുട്ടികളടക്കം 6 പേര്‍ കൊല്ലപ്പെട്ടിരുന്നു. ലൂയിവില്‍ മെട്രോ പൊലീസ് ഡെപ്യൂട്ടി ചീഫ് പോള്‍ ഹംഫ്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് വെടിയുതിര്‍ത്ത അക്രമി കൊല്ലപ്പെട്ട വിവരം അറിയിച്ചത്. അക്രമി സ്വയം വെടിവെച്ചതാണോ പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടതാണോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ലെന്നു അദ്ദേഹം പറഞ്ഞു. പൊലീസ് എത്തുമ്പോള്‍ ഓള്‍ഡ് നാഷണല്‍ ബാങ്കിനുള്ളില്‍ നിന്നും വെടിയൊച്ച കേള്‍ക്കാമായിരുന്നുവെന്നും പൊലീസ്സും തോക്കുധാരിയും പരസ്‌പരം വെടിയുതിര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.
"കൊണോര്‍ സ്റ്റര്‍ജിയോണ്‍ എന്ന വ്യക്തിയാണ് റൈഫിള്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയതെന്ന്, പിന്നീട് പൊലീസ് മേധാവി വെളിപ്പെടുത്തി. വെടിവെപ്പിനുള്ള പ്രകോപനം എന്താണെന്നു വ്യക്തമായിട്ടില്ല. രണ്ടു പോലീസുകാരടക്കം പരിക്കേറ്റ 9 പേര്‍ ചികിത്സ തേടിയതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ചികിത്സ തേടിയവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും, മൂന്നു പേരെ ഡിസ്‌ചാര്‍ജ് ചെയ്‌തന്നും ആശുപത്രി വക്താവ് പറഞ്ഞു. ഗവര്‍ണ്ണര്‍ ആന്‍ഡി ബഷിയര്‍ തന്റെ ഉറ്റു സുഹൃത്ത് വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി പറഞ്ഞു. പരിക്കേറ്റവരില്‍ ഒരാളും സുഹൃത്താണെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നാം നിലയിലെ കോണ്‍ഫറന്‍സ് മുറിയിലാണ് വെടിവെപ്പുണ്ടായതെന്ന് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞതായി ഒരു പ്രാദേശിക ടെലിവിഷന്‍ ചാനല്‍ വെളിപ്പെടുത്തി.
സാമൂഹ്യ പ്രശ്‌നം
തോക്കുധാരികള്‍ നടത്തുന്ന കൂട്ടക്കൊലപാതകം അമേരിക്കയിലെ ഗുരുതരമായ സാമൂഹ്യപ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. 2009 നു ശേഷം ഒരു വര്‍ഷത്തെ ആദ്യത്തെ 100 ദിവസ്സങ്ങള്‍ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ കൂട്ടക്കൊലപാതക വെടിവെപ്പ് നടക്കുന്നത് ഇക്കൊല്ലമാണ്. കഴിഞ്ഞ 100 ദിവസ്സങ്ങള്‍ക്കുള്ളില്‍ 15 കൂട്ടക്കൊലപാതക വെടിവെപ്പുകളാണ് രാജ്യത്തുടനീളം രേഖപ്പെടുത്തിയതെന്ന് വാര്‍ത്ത ഏജന്‍സി എപി റിപ്പോര്‍ട്ടു ചെയ്യുന്നു. 2009 ല്‍ 16 എണ്ണമായിരുന്നു.
കൂട്ടക്കൊല വെടിവെപ്പിനെക്കുറിച്ചുള്ള നിര്‍വചനം ഏകീകൃതമല്ല. ഗണ്‍വയലന്‍സ് ആര്‍ക്കൈവിന്റെ നിര്‍വചന പ്രകാരം നിശ്ചിതപ്രദേശത്ത് നിശ്ചിത സമയത്തിനുള്ളില്‍ 4 പേര്‍ക്ക് വെടിയേല്‍ക്കുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്ന സംഭവങ്ങള്‍ കൂട്ടവെടിവെയ്‌പ്പുകളായി പരിഗണിക്കും. ഗണ്‍വയലന്‍സ് ആര്‍ക്കൈവിന്റെ നിര്‍വചനപ്രകാരമുള്ള കണക്കുകളുനുസരിച്ച് 2022 ല്‍ 647 കൂട്ടവെടിവെയ്‌പ്പുകള്‍ അമേരിക്കയില്‍ നടന്നു. തോക്കുപയോഗിച്ചുള്ള മൊത്തം അക്രമസംഭവങ്ങളില്‍ 44,287 പേരാണ് അമേരിക്കയില്‍ 2022 ല്‍ കൊല്ലപ്പെട്ടത്.
തോക്കിന്റെ ലഭ്യത
ദുര്‍ബലമായ ചില നിയന്ത്രണങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ 18 വയസ്സു കഴിഞ്ഞ ആര്‍ക്കും തോക്കു വാങ്ങുവാന്‍ അനുവാദമുള്ള രാജ്യമാണ് അമേരിക്ക. തോക്കിന്റെ ലഭ്യത സുലഭമായതാണ് കൂട്ടക്കൊല വെടിവെപ്പടക്കമുള്ള കുറ്റകൃത്യങ്ങളുടെ പ്രധാന കാരണമെന്നു പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. പ്രായഭേദമന്യെ അമേരിക്കയില്‍ ഏറ്റവും കുടുതല്‍ മരണത്തിന്റെ കാരണം തോക്കുകളാണ്. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തിലും മുന്നിട്ടു നില്‍ക്കുന്നത് തോക്കുകളാണ്. ഈ കണക്കുകള്‍ ലഭ്യമാണെങ്കിലും തോക്കിന്റെ ഉടമസ്ഥതയില്‍ നിയന്ത്രണം കൊണ്ടു വരുന്നതില്‍ ശക്തമായ എതിര്‍പ്പാണ് നേരിടുന്നത്. തോക്കു നിര്‍മ്മാതാക്കളുടെ ലോബിയുടെ ശക്തിയും സ്വാധീനവുമാണ് അതിനുള്ള കാരണങ്ങളെന്നു കണക്കാക്കപ്പെടുന്നു. നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഈ ലോബിയുടെ പ്രധാന വക്താക്കളാണ്.