TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ഗാസയില്‍ ബോംബാക്രമണത്തില്‍ 40 മരണം; സഹായമെത്തിക്കാന്‍ അനുവദിക്കണമെന്ന് ലോകാരോഗ്യ സംഘടന

11 Jan 2024   |   1 min Read
TMJ News Desk

ധ്യഗാസയിലെ അല്‍ അഖ്‌സ ആശുപത്രിയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. സുരക്ഷിത ഇടമായി കഴിഞ്ഞദിവസം ഇസ്രയേല്‍ സൈന്യം പ്രഖ്യാപിച്ച മേഖലയിലാണ് ആക്രമണം നടന്നത്. വംശഹത്യ തടയാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഗാസ ഭരണനേതൃത്വം ആവശ്യപ്പെട്ടു. 

ഒറ്റദിവസം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 147 പേര്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായും കൂടിക്കാഴ്ചയും നടത്തി. ഇസ്രയേലിന്റെ യുദ്ധക്കുറ്റങ്ങളില്‍ പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും തെളിവ് സമര്‍പ്പിക്കാമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പറഞ്ഞു. ഇസ്രയേല്‍ ഒപ്പുവച്ച 1948 ലെ വംശഹത്യ ചട്ടങ്ങള്‍ ഗാസയില്‍ ഇസ്രയേല്‍ ലംഘിച്ചെന്നും പതിനായിരക്കണക്കിന് സിവിലിയന്‍മാര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും ദക്ഷിണാഫ്രിക്ക ക്രിമിനല്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. 

സഹായമെത്തിക്കാന്‍ അനുവദിക്കണം 

വടക്കന്‍ ഗാസയില്‍ സഹായമെത്തിക്കാന്‍ അനുവദിക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ഗീബര്‍സിയൂസ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഇസ്രയേല്‍ അനുമതി നല്‍കാത്തതിന്റെ പേരില്‍ ലോകാരോഗ്യ സംഘടനയുടെ ആറോളം മിഷനുകളാണ് ഗാസയിലേക്ക് സഹായമെത്തിക്കാനാകാതെ റദ്ദാക്കിയത്. സഹായങ്ങള്‍ എത്തിക്കുന്ന വാഹനങ്ങള്‍ക്കു സുരക്ഷിതപാത ഒരുക്കണമെന്ന ആവശ്യത്തോട് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡിസംബര്‍ 26 നുശേഷം വടക്കന്‍ ഗാസയിലേക്ക് സഹായങ്ങളൊന്നും തന്നെ എത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 

കവാടങ്ങള്‍ അടച്ചു

വെസ്റ്റ് ബാങ്കിലേക്കുള്ള പലസ്തീന്‍ ജനതയുടെ സഞ്ചാരം തടയുന്നതിനായി പ്രവേശന കവാടങ്ങളില്‍ കൂടുതല്‍ ഇരുമ്പു ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം. പലസ്തീനിലെ രണ്ടാം ഇന്‍തിഫാദ മുതലാണ് വെസ്റ്റ് ബാങ്കിലെ പ്രവേശന കവാടങ്ങളില്‍ ഇസ്രയേല്‍ സൈന്യം ഇരുമ്പുഗേറ്റുകള്‍ സ്ഥാപിച്ചു തുടങ്ങിയത്. മാസങ്ങളോളം ഈ ഗേറ്റുകള്‍ ഇസ്രയേല്‍ സൈന്യം അടച്ചിടുമെന്ന് പലസ്തീന്‍ ജനത പറയുന്നു. പലസ്തീനികളുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഒക്‌ടോബര്‍ ഏഴിനുശേഷം ഗാസയില്‍ 23,357 പേര്‍ മരിക്കുകയും 59,410 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് ഔദ്യോഗിക സ്ഥിരീകരണം.

 

#Daily
Leave a comment