TMJ
searchnav-menu
post-thumbnail

Representational Image: Pixabay

TMJ Daily

കോവിഡിന്റെ പേരിൽ അമേരിക്കയിൽ 400 ബില്യൺ ഡോളർ തട്ടിപ്പ്

12 Jun 2023   |   1 min Read
TMJ News Desk

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനും രാജ്യത്തിൻറെ സാമ്പത്തിക മേഖല പൂർണ്ണമായും തകർന്നടിയാതെ പിടിച്ചു നിർത്തുന്നതിനും വേണ്ടി അമേരിക്കൻ സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സഹായ പദ്ധതിയിൽ നിന്നും 400 ബില്യൺ ഡോളർ (1 ബില്യൺ - 100 കോടി) തട്ടിപ്പുകാർ അടിച്ചുമാറ്റി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നായി ഇതിനെ വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സ് വിശേഷിപ്പിച്ചു.

ക്രിമിനൽ ഗ്യാങ്ങുകൾ, പട്ടാളക്കാരൻ, അടച്ചുപൂട്ടിയ പള്ളിയിലെ വൈദികർ, കരാറുകാർ തുടങ്ങിയവർ തട്ടിപ്പുകളിൽ ഏർപ്പെട്ടതായി എ പി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സർക്കാരിന്റെ കോവിഡ് ആശ്വാസ ഫണ്ടിൽ നിന്നും 280 ബില്യൺ ഡോളർ അടിച്ചുമാറ്റിയപ്പോൾ 123 ബില്യൺ ഡോളർ ദുർവ്യയം ചെയ്തതായി എ പിയുടെ വിശകലനം വെളിപ്പെടുത്തുന്നു. കോവിഡ് ആശ്വാസ നടപടികൾക്കായി അമേരിക്കൻ സർക്കാർ ഇതുവരെ ചെലവഴിച്ച 4.2 ട്രില്യൺ ഡോളറിന്റെ 10 ശതമാനമാണ് തട്ടിപ്പിലും ദുർവ്യയത്തിലും നഷ്ടമായതെന്ന് കണക്കുകൾ കാണിക്കുന്നു.

കോവിഡ് ആശ്വാസം എത്രയും പെട്ടെന്ന് ജനങ്ങളിൽ എത്തിക്കുന്നതിന്റെ തിരക്കിൽ സാധാരണ നിലയിലുള്ള പരിശോധനകളും മുൻകരുതലുകളും സ്വീകരിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് സംഭവിച്ച പിഴവുകളാണ് ഇത്രയും വലിയ തട്ടിപ്പിന് വഴിയൊരുക്കിയത്. കോവിഡ് മഹാമാരിയിൽ ഏറ്റവുമധികം പേർക്ക് ജീവഹാനി സംഭവിച്ച രാജ്യമാണ് അമേരിക്ക. 2020 ൽ കോവിഡ് റിപ്പോർട്ട് ചെയ്ത കാലം മുതൽ ഇതുവരെ 1.13 മില്യൺ മനുഷ്യർ കോവിഡ് മൂലം അമേരിക്കയിൽ മരണമടഞ്ഞതായി കണക്കാക്കപ്പെടുന്നു.

കോവിഡ് ആശ്വാസവുമായി ബന്ധപ്പെട്ട തട്ടിപ്പ് അമേരിക്കയിൽ വലിയ രാഷ്ട്രീയ വിവാദമായി. സർക്കാർ പണം കണക്കില്ലാതെ ധൂർത്തടിക്കുന്നതിന്റെ ഉദാഹരണമായി ഈ സംഭവത്തെ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാക്കൾ ഉയർത്തിക്കാട്ടുമ്പോൾ ഡെമോക്രാറ്റിക്‌ കക്ഷിയുടെ നേതാക്കളുടെ വാദം സമയോചിതമായ ഇടപെടൽ ജനങ്ങളുടെ ജീവനും സാമ്പത്തിക ഭദ്രതയും ഉറപ്പു വരുത്തിയെന്നാണ്. കോവിഡ് മഹാമാരി പോലെയുള്ള പ്രതിസന്ധിയുടെ ഘട്ടത്തിൽ എത്രയും വേഗം ജനങ്ങൾക്ക് സഹായവും ആശ്വാസവും എത്തിക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും തട്ടിപ്പുകാരെ തിരിച്ചറിയേണ്ടതിനല്ലെന്നും അവർ വാദിക്കുന്നു.

#Daily
Leave a comment