7 ജില്ലകളിൽ 42 വർഷത്തെ റെക്കോർഡ് ചൂട്
കേരളത്തിലെ ഏഴു ജില്ലകളിൽ കഴിഞ്ഞ 42 വർഷത്തെ ഏറ്റവും കൂടിയ ചൂട് രേഖപെടുത്തിയതായി പഠനം വെളിപ്പെടുത്തി. കോഴിക്കോട് ആസ്ഥാനമുള്ള സെന്റര് ഫോർ വാട്ടർ റിസോഴ്സ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്‍മെന്റ് (സി ഡബ്ല്യു ആർ ഡി എം) എന്ന സ്ഥാപനത്തിന്റെ പഠനത്തിലാണ് ചൂട് ഉയരുന്നതിനെ പറ്റി കണ്ടെത്തിയിട്ടുള്ളത്. കോട്ടയം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് എന്നീ ജില്ലകളിലാണ് താപനില ഉയരുന്നത്. ഈ ജില്ലകളിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 0.2 ഡിഗ്രി മുതൽ 1.6 ഡിഗ്രി സെൽഷ്യസ് വരെ താപനില മുൻവർഷങ്ങളെ അപേക്ഷിച്ചു ഉയർന്നതായി പഠനം വെളിപ്പെടുത്തി.
സി ഡബ്ല്യു ആർ ഡി എം ലെ പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ. യു സുരേന്ദ്രൻ ആണ് ഈ പഠനം നടത്തിയിട്ടുള്ളത്. അദ്ദേഹത്ത്തിന്റെ അഭിപ്രായത്തിൽ കാലാവസ്ഥ മാറ്റമാണ് താപനില ഉയരുന്നതിനുള്ള കാരണം. ഉയരുന്ന താപനില കേരളത്തിലെ കാർഷിക മേഖലയിലും ഗുരുതരമായ ഭവിഷ്യത്തുകൾ സൃഷ്ടിക്കുമെന്നും കരുതപ്പെടുന്നു. കാർഷികോൽപ്പാദനത്തിൽ 6 മുതൽ 14 ശതമാനം വരെ നഷ്ടം സംഭവിക്കാൻ ചൂട് കാരണമാകുമെന്നും പഠനം മുന്നറിയിപ്പ് തരുന്നു.
നിലവിലെ സ്ഥിതി തുടരുന്ന പക്ഷം താപനില ഉയരുന്ന പ്രവണത ഭാവിയിലും തുടരും. ആലപ്പുഴ ജില്ലയിലാണ് ചൂട് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്. 1.6 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ കൂടുതൽ രേഖപ്പെടുത്തിയത്. ചൂടിന്റെ കാഠിന്യം കൂടുന്നതിനൊപ്പം വരൾച്ചയുടെ സാധ്യതയും ഏറെയാണെന്ന് പഠനം വെളിപ്പെടുത്തുന്നു.
കാലാവസ്ഥ മാറ്റത്തിന്റെ ഫലമായി പകർച്ചവ്യാധികൾ പടരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ലോകാരോഗ്യ സംഘടനയടക്കമുള്ളവ ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഉയരുന്ന ചൂടിനെക്കുറിച്ചുള്ള പഠനങ്ങളുടെ പ്രസക്തി ഈ സാഹചര്യത്തിൽ ഏറെയാണ്.